Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘രാക്ഷസൻ’ ഉണ്ടായത് ഇങ്ങനെ; ശരവണൻ ക്രിസ്റ്റഫറാകുന്ന വിഡിയോ

ratsasan-villain-making-video

സിനിമ കണ്ടിറങ്ങിയവർക്ക് മറക്കാനാവാത്ത വില്ലനെ സമ്മാനിച്ച രാക്ഷസന്റെ മേക്കിങ് വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുന്നു. തെന്നിന്ത്യ കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ പട്ടികയിൽ ഇരുന്ന് ഇനി രാക്ഷസൻ എല്ലാക്കാലത്തും ചിരിക്കുമെന്നുറപ്പാണ്. രാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാലാണ് നായകൻ. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറായി എത്തിയത് ജൂനിയർ ആർട്ടിസ്റ്റായ ശരവണനായിരുന്നു. ശരവണനെ ക്രിസ്റ്റഫറാക്കുന്ന മേക്കിങ് വിഡിയോയും ആരാധകർ ആവേശത്തോടെ സ്വീകരിക്കുന്നു.

Making Video of Christopher | Ratsasan | Vishnu Vishal | Amala Paul | Ghibran | Ramkumar | Saravanan

ആ വേഷം ചെയ്യാൻ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.  രാക്ഷസനു മുൻപ് വളരെ ചെറിയ റോളുകൾ മാത്രമാണ് ശരവണന് ലഭിച്ചിരുന്നത്. വർഷങ്ങളോളം അവസരം തേടി അലഞ്ഞു. ഒടുവിൽ രാം കുമാറിന്റെ അടുത്തെത്തിയ ശരവണനോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘നിങ്ങൾക്ക് ഒരു വേഷം തരാം. പ്രധാനപ്പെട്ട വേഷമാണ്, പക്ഷെ മുഖം കാണിക്കാൻ പറ്റില്ല. അതെ സമയം ഒരുപാട് കഷ്ടപ്പാടുകളും ഉണ്ടാകും’’. ഇതു േകട്ടപ്പോൾ തന്നെ ശരവണൻ സമ്മതിച്ചു. സിനിമയിൽ ഒരു സീനിലെങ്കിലും അഭിനയിക്കാൻ വേണ്ടി പലരുടെയും കാലുപിടിച്ചിട്ടുള്ള അനുഭവമുള്ള ഇൗ നടന് മുഖമില്ലത്ത വേഷം ചെയ്യാൻ എന്ത് മടി. ആ തീരുമാനത്തിന് പ്രേക്ഷകൻ നൽകിയ കയ്യടിയാണ് ഇൗ വൻവിജയം. 

മേരി ഫെർണാണ്ടസ്, ക്രിസ്റ്റഫർ എന്നീ കഥാപാത്രങ്ങൾക്കായി ശരവണന്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ നിരവധിയാണ് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ‘പണമില്ലാത്തതിനാൽ ശരീരഭാരം കുറയ്ക്കാൻ വെറും വയറ്റിൽ പുളിവെള്ളം കുടിച്ചു. ഭക്ഷണം കഴിക്കാത്തതിനാൽ ആരോഗ്യമില്ലായിരുന്നു. ഫൈറ്റ് സീനുകളും മാജിക്കും ഒക്കെ ചെയ്തു കഴിയുമ്പോൾ എഴുന്നേൽക്കാൻ പോലും കഴിയില്ലായിരുന്നു. ചിലപ്പോഴൊക്കെ വേദനയും സങ്കടവും എന്നെ കീഴടക്കാൻ തുടങ്ങും. അപ്പോഴെല്ലാം എനിക്കിത് ചെയ്തേ മതിയാകൂ എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്നു. അമ്പതു തവണയാണ് കഥാപാത്രത്തിനു വേണ്ടി തല മൊട്ടയടിച്ചത്. പുലർച്ചെ നാലു മണി മുതൽ മേക്കപ്പിനു വേണ്ടി ഇരുന്നു കൊടുത്തു. ഒടുവിൽ അലർജിയായി കഴുത്തിലും മുഖത്തും കുമിളകൾ പ്രത്യക്ഷപെട്ടു. റീലീസ് കഴിഞ്ഞ ആദ്യ നാളുകളിൽ വളരെ സങ്കടമായിരുന്നു. എന്നെ ആരും തിരിച്ചറിഞ്ഞില്ല. അണിയറക്കാരും ഞാൻ ആരെന്നു വെളിപ്പെടുത്തിയില്ല. പക്ഷെ പതിയെ എല്ലാവരും എന്നെപ്പറ്റി അന്വേഷിച്ചു തുടങ്ങി. അതു നൽകിയ സന്തോഷം വളരെ വലുതാണ്’ ശരവണൻ പറഞ്ഞു.