Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതി വെറും നടൻ അല്ല, മഹാനടൻ: രജനികാന്ത്

petta-rajini-vijay

മികച്ച വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിക്കഴിഞ്ഞ വിജയ് സേതുപതിയെ അഭിനന്ദിച്ച് സൂപ്പർതാരം രജനികാന്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പേട്ടയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ചാണ് രജനികാന്ത് വിജയ് സേതുപതിയെ അഭിനന്ദിച്ചത്.  "വിജയ് സേതുപതിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണ്. എന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് വിജയ് സേതുപതി ഒരു സാധാരണ നടൻ അല്ല. ഒരു മഹാനടനാണെന്ന് തിരിച്ചറിഞ്ഞത്," രജനികാന്ത് പറഞ്ഞു. 

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. സൂപ്പർതാരം രജനികാന്തിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് താൻ സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് വിജയ് സേതുപതി. കാണാത്ത സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സദസിനെ ഞെട്ടിച്ചത് രജനികാന്തിന്റെ വാക്കുകളായിരുന്നു. വിജയ് സേതുപതിയുടെ അഭിനയമികവിനെ പ്രശംസിച്ച് രജനികാന്ത് നടത്തിയ പ്രസംഗം നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. 

രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ: ‘വിജയ് സേതുപതിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണ്. എന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് വിജയ് സേതുപതി ഒരു സാധാരണ നടൻ അല്ല. ഒരു മഹാനടനാണെന്ന് തിരിച്ചറിഞ്ഞത്. ഓരോ ഷോട്ടിനും എന്തൊക്കെയാണ് പുതിയതായി ചെയ്യേണ്ടത്? ഇതു ചെയ്താൽ ആ കഥാപാത്രത്തിന് ശരിയാകുമോ? ഇതിൽക്കൂടുതൽ എന്തു ചെയ്യാം? എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. അദ്ദേഹം മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു മനുഷ്യനും കൂടിയാണ്. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും കാഴ്ചകളും വ്യത്യസ്തമാണ്.’ 

‘ഞാൻ ചോദിച്ചു, നന്നായി പുസ്തകങ്ങൾ വായിക്കുമോ? അദ്ദേഹം പറഞ്ഞു ഇല്ല. കുറെ സിനിമകൾ കാണാറുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല. പിന്നെ എങ്ങനെയാണ് വ്യത്യസ്തമായ ചിന്തകൾ വരുന്നതെന്നായി എന്റെ സംശയം. എങ്ങനെയോ വരുന്നതാണ് അവയൊക്കെയെന്നാണ് വിജയ് സേതുപതി പറയുന്നത്. വിപരീത ദിശയിലാണ് പണ്ടു മുതലേ ചിന്തിച്ചു പോരുന്നതെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥത്തിൽ ഒരു സൈക്കോളജിസ്റ്റിനെ പോലെയാണ് അദ്ദേഹം ചിന്തിക്കുന്നത്. ഒരുപാടു കാലത്തിനു ശേഷം ഒരു മികച്ച അഭിനേതാവിനൊപ്പം അഭിനയിച്ചപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്," രജനികാന്ത് പറഞ്ഞു. 

രജനികാന്ത്, വിജയ് സേതുപതി, തൃഷ, സിമ്രാൻ, ശശികുമാർ, നവാസുദ്ദീൻ സിദ്ദിഖി എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മലയാളി താരങ്ങളായ മണികണ്ഠൻ ആചാരിയും മാളവികയും  ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനുരുദ്ധാണ് സംഗീതം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും.