Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിനെ തറയിൽ കിടത്തിയ അരവിന്ദ് സ്വാമി

rajini-aravind

1991ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. കൂടെ അഭിനയിക്കുന്നതെല്ലാം രജനീകാന്ത്, മമ്മൂട്ടി പോലുള്ള വലിയതാരങ്ങൾ. തന്റെ ആദ്യ അഭിനയഅരങ്ങേറ്റത്തിൽ മറക്കാനാകാത്തൊരു സംഭവം അരവിന്ദ് സ്വാമി ഈയിടെ വെളിപ്പെടുത്തുകയുണ്ടായി.

ദളപതിയിലെ ഒരു പ്രധാനരംഗം ചിത്രീകരിച്ച് ആകെ ക്ഷീണിച്ചുവരുകയായിരുന്നു അരവിന്ദ് സ്വാമി. ഒരു വലിയ വീട്ടിലായിരുന്നു ഷൂട്ടിങ്. ആദ്യം കണ്ട റൂമിൽ കയറി വിശ്രമിക്കാൻ തീരുമാനിച്ചു. ക്ഷീണത്തിന്റെ ആധിക്യംമൂലം പെട്ടന്ന് ഉറങ്ങിപ്പോയി. അരവിന്ദ് സ്വാമി വിശ്രമിക്കാൻ കയറിയത് സാക്ഷാൽ രജനികാന്തിന്റെ റൂമിലായിരുന്നു.

ഇതൊന്നുമറിയാതെ ഉറങ്ങി എഴുന്നേറ്റ അരവിന്ദ് സ്വാമി കാണുന്നത് മറ്റൊരു ‍ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. സൂപ്പർതാരം രജനികാന്ത് അതേ റൂമിന്റെ തറയിൽ കിടന്നുറങ്ങുന്നു. ഇതു കണ്ട അരവിന്ദ് സ്വാമി പേടിച്ച് വിറച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മാനേജറോട് കാര്യം പറഞ്ഞു. അപ്പോഴല്ലേ അതിലും രസം.

അരവിന്ദ് സ്വാമിയെ ഉണർത്തരുതെന്നും അദ്ദേഹം ഉറങ്ങി എഴുന്നേല്‍ക്കുന്നതുവരെ ആരും ശല്യപ്പെടുത്തരുതെന്നും രജനീകാന്ത് ചുമതലപ്പെടുത്തിയിട്ടാണ് അദ്ദേഹം അതേ റൂമിലെ തറയിൽ ഉറങ്ങാൻ കിടന്നത്. രജനിയെപ്പോലെ ഇത്ര അധികം ബഹുമാനിക്കുന്ന മറ്റൊരു താരമില്ലെന്നും അദ്ദേഹാണ് യഥാര്‍ത്ഥ സൂപ്പർ സ്റ്റാറെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

Your Rating: