Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് സിനിമാ സംഘടനകൾ

nazar-karthi നാസർ, കാർത്തി

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി തമിഴ് ചലച്ചിത്ര സംഘടനകൾ രംഗത്ത്. താരങ്ങളുടെ സംഘടനയായ നടികർ സംഘം, സംവിധായകരുടെ സംഘടനയായ തമിഴ് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷൻ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്സി എന്നിവരാണ് ആവശ്യം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ ഒരുങ്ങുകയാണിവർ.

താരങ്ങളടക്കം പങ്കെടുക്കുന്ന വൻ പ്രകടനമായി എത്തിയായിരിക്കും നിവേദനം നൽകുകയെന്ന് നടികർ സംഘം പ്രസിഡന്റ് നാസർ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കു മുഖ്യമന്ത്രി സമയം അനുവദിക്കുന്നതനുസരിച്ച് ഇതിനു നടപടിയെടുക്കും. പേരറിവാളൻ, നളിനി, മുരുകൻ, ശാന്തൻ, ജയകുമാർ, റോബട്ട്പയസ്, രവിചന്ദ്രൻ എന്നിവരെ വിട്ടയയ്ക്കണമെന്നാണ് ആവശ്യം. 25 വർഷത്തോളമായി ഇവർ ജയിലിൽ കഴിയുകയാണെന്നും അതിനാൽ മാനുഷിക പരിഗണന നൽകി വിട്ടയയ്ക്കാൻ നടപടിയെടുക്കണമെന്നുമാണു വാദം.

പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ വധശിക്ഷ 2014ലാണു സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തത്. തുടർന്നാണ് ഇവരെയും മുൻപു വധശിക്ഷ ഇളവു ചെയ്തു കിട്ടിയ മറ്റു നാലു പേരെയും വിട്ടയയ്ക്കണമെന്ന ആവശ്യം ഉയർന്നത്. മുംബൈ സ്ഫോടന കേസിൽ ശിക്ഷാ കാലാവധി അവസാനിക്കുന്നതിനു മുൻപു ബോളിവുഡ് താരം സഞ്ജയ് ദത്തിനെ മോചിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണു വീണ്ടും ഇക്കാര്യം ചർച്ചാ വിഷയമായത്. ദത്തിന്റെ മോചനം സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടു പേരറിവാളൻ വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.