Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസന്തിന്റെ വൈറൽ ‘കബാലി’ കഥ വ്യാജം?

vasanth-kabali വസന്ത്

കബാലി കണ്ടു മടങ്ങിയ ചെന്നൈ സ്വദേശിയും മോഡലും ഫോട്ടോഗ്രാഫറും ആയ വസന്ത് പോള്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയെന്ന സംഭവം സോഷ്യൽമീഡിയയിലെ വൈറൽ വാർത്തകളിലൊന്നായിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് പുതിയ ആരോപണം.

മാധ്യമങ്ങളിലടക്കം വസന്തിന്റെ ധൈര്യത്തെ അഭിനന്ദിച്ച് വാർത്തകൾ വന്നു. വസന്ത് ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ആക്രമണത്തിൽ തനിക്ക് പറ്റിയ പരുക്കിന്റെ ചിത്രമടക്കം സംഭവം വിവരിച്ചത്.വസന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും വസന്തുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ സംഭവം നടന്ന സ്ഥലം കൃത്യമായി ഓർക്കാൻ വസന്തിന് കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കൈയിൽ തെളിവുകളുമില്ല, മാത്രമല്ല ഈ സംഭവം നടന്ന സമയത്ത് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയത്താത് മദ്യപിച്ചതു കൊണ്ടാണെന്നാണ് വസന്ത് പറയുന്നതെന്നും അഡീഷണൽ കമ്മീഷണർ കെ ശങ്കർ പറയുന്നു. വസന്ത് രക്ഷിച്ചെന്ന് പറയുന്ന യുവതിയെയും ഇരുവരെയും സഹായിച്ച ഓട്ടോ ഡ്രൈവറെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. മദ്യപിച്ച ഒരാൾ പറയുന്ന കാര്യത്തിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് അറിയില്ലെന്നും കേസിൽ തുടരന്വേഷണം നടത്താൻ ആകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസിന്റെ ഈ ഭാഷ്യത്തോടെ വസന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. സമൂഹത്തിൽ എളുപ്പത്തിൽ പബ്ലിസിറ്റി നേടാനുള്ള വസന്തിന്റെ തന്ത്രമാണെന്നും ചിലർ പറയുന്നു. വസന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മുകളിൽ ലൈക്സ് ലഭിക്കുകയും മുപ്പത്തിയയ്യാരിത്തോളം ഷെയറുകളും ലഭിച്ചിരുന്നു.

സംഭവം വീണ്ടും ചർച്ചയായതോടെ ഈ വിഷയത്തിൽ വീണ്ടുമൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി വസന്ത് രംഗത്തെത്തി. ‘കഴിഞ്ഞ കുറച്ചുദിവസങ്ങളുമായി മാധ്യമങ്ങളോടായാലും മറ്റുള്ളവരോടായാലും ഞാൻ അകലം പുല‍ർത്തിയത് ഇതിന്റെ പരിണിതഫലങ്ങളെ പേടിച്ചല്ല, മറിച്ച് ഈ സംഭവം കൂടൂതൽ ആഘോഷിക്കപ്പെടേണ്ടെന്ന് വിചാരിച്ച് തന്നെയാണ്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ എനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും കണ്ടില്ലെന്നും നടിക്കാനാവില്ല. എന്റെ ഫെയ്സ്ബുക്ക് വൈറലാകണമെന്നോ ഇന്റർനെറ്റിൽ വലിയ ചർച്ച ആകണമെന്നോ ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. ഇങ്ങനെയൊരു ചീപ് പബ്ലിസ്റ്റി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് വേറെ എത്ര വഴികൾ ഉണ്ട്.

ആ സംഭവം നടക്കുമ്പോൾ ഞാൻ മദ്യപിച്ചിരുന്നു എന്നത് സത്യമാണ്. സുഹൃത്തുക്കൾക്കൊപ്പം കുറച്ച് ബിയർ കഴിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസ് ചോദിച്ചപ്പോൾ യഥാർത്ഥ സ്ഥലം പറഞ്ഞുകൊടുക്കാൻ സാധിക്കാതിരുന്നത്. മാത്രമല്ല ആ സ്ഥലത്ത് ഇതിന് മുൻപ് വന്നിട്ടുമില്ല. രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവർക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ ഈ ലോകം ഇതെങ്ങോട്ടാണ് പോകുന്നത്. മരണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. എനിക്ക് ആ പെൺകുട്ടിയെ എത്രയും പെട്ടന്ന് രക്ഷിക്കണെന്ന് മാത്രമായിരുന്നു ചിന്ത. ഒരിക്കലും ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്. ലോകം എന്നെക്കുറിച്ച് എന്തും പറഞ്ഞു കൊള്ളട്ടെ.

ആ പെൺകുട്ടിക്ക് അറിയാം അവിടെ എന്താണ് സംഭവിച്ചതെന്ന്. എന്റെ സുഹൃത്തുക്കളും കുടുംബവും എന്നെ വിശ്വസിക്കുന്നു. ഇനിയും ഈ വിഷയത്തിൽ ചർച്ചകള്‍ നടക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണവുമായി എത്തിയത്. എനിക്ക് രജനികാന്തിനെപ്പോലെയോ യഥാർത്ഥ കബാലിയെപ്പോലെ ആകണമെന്നില്ല. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് സാധാരണ ജീവിതം ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിനെല്ലാമുപരി സമാധാനമായി ഉറങ്ങണം. എന്നെ അതിന് അനുവദിക്കൂ’. വസന്ത് പറയുന്നു.

വസന്തിന്റെ ആദ്യ പോസ്റ്റ് പ്രകാരം കബാലിയുടെ പുലർച്ചെയുള്ള ആദ്യ ഷോ കണ്ട് മടങ്ങുകയായിരുന്നു അദ്ദേഹം ട്രാഫിക്ക് കുരുക്കിനെ തുടർന്ന വിജനമായ പ്രദേശത്ത് കൂടി പോയപ്പോൾ മൂന്ന് പേർ‌ ചേർന്ന് ഒരു യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടത്രെ. ആലോചിച്ച് നില്‍ക്കാതെ വസന്ത് അവിടേയ്ക്ക് ഓടിയെത്തി. യുവാക്കളെ നേരിടാന്‍ തന്നെ തീരുമാനിച്ചു. മൂന്നു പേരും നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും വസന്തിന് മനസിലായി. തന്റെ ശക്തി മുഴുവനെടുത്ത് വസന്ത് യുവാക്കളെ ചെറുക്കാന്‍ തുടങ്ങി.

മൂന്ന് യുവാക്കളെ ഒരുമിച്ച് നേരിടുന്നതിനിടെ വസന്ത് ചെറിയ രീതിയില്‍ തളര്‍ന്നിരുന്നു. ഈ സമയത്ത് പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. രണ്ട് വിഭാഗത്തിന്റേയും അടിപിടി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും അവിടേക്ക് ഒരു ഓട്ടോറിക്ഷ എത്തി. ഇതൊക്കെയാണ് വസന്ത് ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്നത്.
 

Your Rating: