Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയെ രക്ഷിക്കാൻ നിർമാതാവു കോടതിയിൽ

rajini-kabali

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘കബാലി’ എന്ന സിനിമ വെബ്സൈറ്റുകളിൽ നിന്ന് അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ചിത്രത്തിന്റെ നിർമ്മാതാവ് എസ്. താണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നൂറു കണക്കിനു വെബ്സൈറ്റുകളിലൂടെ ചിത്രം അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും തടയണമെന്നാണു ഹർജിക്കാരന്റെ ആവശ്യം. 22നാണു ചിത്രത്തിന്റെ റിലീസ്.

ചലച്ചിത്രങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഈ വെബ്സൈറ്റുകൾ ബ്ളോക്ക് ചെയ്യാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇടപെടണം. ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഇതു സംബന്ധിച്ചു നിർദേശം നൽകാൻ ട്രാ തയ്യാറകണം. വെറും പത്തു രൂപയ്ക്ക് ചിത്രങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇത്തരം വെബ്സൈറ്റുകൾ നൽകുന്നുണ്ടെന്നു ഹർജിക്കാരൻ പറയുന്നു. വെബ്സൈറ്റിൽ നിന്നു സിനിമ ഡൗൺലോഡ് ചെയ്യുന്നതു തൽസമയം കോടതിക്കു മുൻപാകെ ഹർജിക്കാരന്റെ അഭിഭാഷകൻ അവതരിപ്പിച്ചു. ഒരു തവണ ഡൗൺലോഡ് ചെയ്താൽ അതിൽ നിന്ന് എത്ര കോപ്പികൾ വേണമെങ്കിലുമുണ്ടാക്കാം. അത് വിപണിയിൽ സിഡിയാക്കി 20 മുതൽ 30 രൂപ വരെ വിലയ്ക്കാണു വിൽക്കുന്നത്. ഇതു മൂലം ചിത്രത്തിന്റെ നിർമാതാക്കൾക്കു കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു ഉത്തരവു പുറപ്പെടുവിച്ചേക്കും.