Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ പാതി മലയാളി: കമൽഹാസൻ

kamal-gauthami

താനൊരു പാതി മലയാളിയാണെന്നു ചലച്ചിത്രതാരം കമൽഹാസൻ. കേരളത്തിൽ ചെന്നാൽ പാതി മലയാളിയല്ല മുഴുവൻ മലയാളിയാണെന്ന് അവിടുത്തുകാർ പറയും. അത്ര സ്നേഹമാണ് തന്നോട് ഭാഷയോ ദേശമോ അല്ല കഴിവിന്റെ മാനദണ്ഡമെന്നും കമൽഹാസൻ പറഞ്ഞു. ‘ പാപനാസം’ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

ഭാഷയായിരുന്നു കഴിവിന്റെ മാനദണ്ഡമെങ്കിൽ എം ജി ആർ ഉണ്ടാകുമായിരുന്നില്ല. എം ജി ആർ തമിഴകത്തിന്റെ എല്ലാമെല്ലാമായെന്ന് ഓർക്കണം. കഴിവ് എവിടെയുണ്ടെങ്കിലും അത് അംഗീകരിക്കുക തന്നെ വേണം. മലയാളത്തിലോ തെലുങ്കിലോ കന്നടയിലോ എന്നിങ്ങനെ നോക്കേണ്ടതില്ല. ഈ കഥയുമായി ജീത്തു ജോസഫ് സമീപിച്ചപ്പോഴും അക്കാര്യമാണ് നോക്കിയത്. ആ കഥയിലെ വ്യത്യസ്തതയാണ് ആകർഷിച്ചതെന്നും കമൽഹാസൻ പറഞ്ഞു.

papanasam-team

റിലീസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്ന ദുഷ്പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ചലച്ചിത്ര വ്യവസായത്തെ ഒന്നടങ്കം പിന്നോട്ടടിക്കുന്ന ഇത്തരം കാര്യങ്ങളെ ചെറുത്തു തോൽപിക്കണം ഇല്ലെങ്കിൽ ചലച്ചിത്ര വ്യവസായത്തിന്റെ അകാല ചരമത്തിനു നാമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും കമൽഹാസൻ വ്യക്തമാക്കി.

പാപനാസം റിലീസായി രണ്ടാം ദിവസം ചിത്രം സബ്ടൈറ്റിലുൾപ്പെടെ ഇന്റർനെറ്റിൽ പ്രചരിച്ച സാഹചര്യത്തിലാണ് കമലിന്റെ പ്രതികരണം. പാപനാസം മാത്രമല്ല. എല്ലാ സിനിമകളും ഈ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനെ എന്തു വിലകൊടുത്തും തടയേണ്ടതുണ്ട്. സിനിമയെ തകർക്കുന്ന ഇത്തരം ക്രൂരവിനോദത്തിന് ആരും കൂട്ടു നിൽക്കരുത്. ഇവരെ സമൂഹം ഒറ്റപ്പെടുത്തണം ഇവർക്കു മാതൃകാപരമായ ശിക്ഷ ലഭിക്കാൻ അധികൃതരും ശ്രദ്ധിക്കണമെന്നു കമൽഹാസൻ പറഞ്ഞു.

kamal-papanasam

ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാസം ആദ്യ ആഴ്ചകൊണ്ട് 15 കോടിയിലേറെ രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പാപനാസത്തിലെ സ്വയംഭൂലിംഗത്തിന്റെ വീടും പ്രദേശത്തെ ചായക്കടയും പൊലീസ് സ്റ്റേഷനുമെല്ലാം അരങ്ങിൽ ദൃശ്യവൽക്കരിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിജയമാഘോഷിച്ചത്. കമലിനൊപ്പം കലാഭവൻ മണിയും ആശാശരത്തും ഗൗതമിയും നിവേദ തോമസും ബേബി എസ്തറുമെല്ലാം കഥാപാത്രങ്ങളായി വേദിയിലെത്തി

മോഹൻലാലാണോ കമൽഹാസനാണോ മികച്ചതെന്ന ചോദ്യത്തിനു സംവിധായകൻ ജീത്തു ജോസഫിന്റെ മറുപടി സസ്പെൻസ് നിലനിർത്തിയായിരുന്നു. ‘ ആ രഹസ്യം എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ.’