Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി എന്തിന് കാണണം; ഇത് വായിക്കൂ

bahubali-movie

രാജമൗലിയെ സംവിധായകരിലെ രാജാവ് എന്നുതന്നെ ഇനി വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. സംവിധാനം ചെയ്ത ഒൻപതു സിനിമകളും സൂപ്പർഹിറ്റാക്കിയ എസ്.എസ്. രാജമൗലിയെത്തുകയാണ്, ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി. 200 കോടി രൂപ മുടക്കി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെത്തുന്ന ‘ബാഹുബലി’ നാളെ റിലീസ് ചെയ്യും. മൊത്തം നാലു മണിക്കൂറും എട്ടു മിനിറ്റും നീളുന്ന രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങൾക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നൽകിയത്.

എഡി 500ലെ രാജവംശങ്ങളുടെയും യോദ്ധാക്കളുടെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രാജമൗലി തന്നെ. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം. തെലുങ്കിലും തമിഴിലുമായി ഒരേ സമയത്തു ചിത്രീകരിച്ച ബാഹുബലിയുടെ മൊഴിമാറ്റരൂപമാണു മലയാളത്തിലും ഹിന്ദിയിലും ഇറങ്ങുക.

Baahubali Making - Visualising the world of Baahubali

പ്രഭാസും റാണയും അനുഷ്കയും അടക്കമുള്ള താരങ്ങളെല്ലാം ചിത്രത്തിനുവേണ്ടി ഏറെ പ്രയാസപ്പെടുകയും ഹോംവർക്ക് നടത്തുകയും ചെയ്തു. വാൾപയറ്റും കുതിരസവാരിയുമൊക്കെ പഠിച്ചു ഇവർ. ഒറ്റ ഭാഗമായിത്തന്നെ ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും ചിത്രത്തിന്റെ നീളം ഒരു തരത്തിലും കുറയ്ക്കാൻ പറ്റാതായതോടെയാണു രണ്ടു ഭാഗമാക്കാൻ തീരുമാനിച്ചത്. കർണൂൽ റോക്ക് ഗാർഡൻ, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, കേരളം, ബൾഗേറിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയിലാണു ചില സുപ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.

തടസ്സങ്ങളായി മഴയും ജനവും

ചിത്രീകരണത്തിനിടെ ബാഹുബലിയുടെ അണിയറ പ്രവർത്തകരെ ഏറെ വലച്ചതു മഴയും ആരാധകവൃന്ദവും. ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ഔട്ട്ഡോർ ആയിരുന്നതിനാൽ മഴമൂലം പലതവണ ഷൂട്ടിങ് തടസ്സപ്പെട്ടു. ഒരിക്കൽ കർണൂർ റോക്ക് ഗാർഡനിൽ ഷൂട്ടിങ് വിവരമറിഞ്ഞെത്തിയ ആരാധകരെക്കൊണ്ടും അണിയറക്കാർ വലഞ്ഞു. പ്രഭാസിന്റെയും റാണയുടെയും ആരാധകരായ മുപ്പതിനായിരം പേരാണ് ഷൂട്ടിങ് സ്ഥലത്തെത്തിയത്. ഇവരെ നിയന്ത്രിക്കാനാകാതെ വന്നതോടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നു.

baahubali-shootting

പക്ഷേ, ആ സാഹചര്യവും ഉപയോഗിക്കാനായിരുന്നു രാജമൗലിയുടെ തീരുമാനം. ഷൂട്ടിങ് സ്ഥലത്തെ വേദിക്കു മുകളിൽ കയറി മൈക്കിലൂടെ രാജമൗലി ആരാധകരോട് അഭ്യർഥിച്ചു: എല്ലാവരും ഒരുമിച്ച് ഒരേ താളത്തിൽ ‘ജയ് ബാഹുബലി’ എന്ന് ഉച്ചത്തിൽ പറയുക. അതു റിക്കോഡ് ചെയ്താണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

തൊട്ടതെല്ലാം പൊന്നാക്കുന്ന രാജമൗലി

rana-dagupathi

കൊടൂരി ശ്രീശൈല ശ്രീ രാജമൗലി എന്ന എസ്.എസ്. രാജമൗലിയുടെ തുടക്കം ടെലിവിഷനിലൂടെയായിരുന്നു; ഈനാട് ടിവിയിൽ തെലുങ്ക് സോപ്പ് ഓപ്പറകൾ സംവിധാനം ചെയ്തുകൊണ്ട്. ജൂനിയർ എൻടിആറിനെ നായകനാക്കിയാണ് അദ്യചിത്രമായ സ്റ്റുഡന്റ് നമ്പർ വൺ സംവിധാനം ചെയ്തത്. 2001ൽ ഇറങ്ങിയ ചിത്രം വിഷയത്തിന്റെയും അവതരണത്തിന്റെയും പുതുമകൊണ്ടുതന്നെ സൂപ്പർ ഹിറ്റായി. രണ്ടു വർഷത്തിനു ശേഷമായിരുന്നു അടുത്ത ചിത്രം സിംഹാദ്രി (2003). റഗ്ബി കളിയുടെ പശ്ചാത്തലത്തിലുള്ള മൂന്നാം ചിത്രം സൈ (2004- മലയാളത്തിൽ ചലഞ്ച്) തെലുങ്കിൽ അത്തരത്തിലുള്ള ആദ്യത്തേതായിരുന്നു.

2005ൽ ഛത്രപതിയും 2006ൽ വിക്രമർകുടുവും. രവി തേജ ഇരട്ടവേഷത്തിലെത്തിയ ചിത്രമായിരുന്നു വിക്രമർകുടു (മലയാളത്തിൽ വിക്രമാദിത്യ). ഇത് അക്ഷയ്കുമാറിനെ നായകനാക്കി റൗഡി റാത്തോർ എന്ന പേരിൽ പ്രഭുദേവ ഹിന്ദിയിലെടുത്തു. തമിഴിൽ സിരുതൈ, കന്നഡയിൽ വീരമദകരി എന്നിവയും ഇതിന്റെ റീമേക്കാണ്. ജൂനിയർ എൻടിആർ നായകനായ യമദൊംഗ (2007) ആയിരുന്നു അടുത്തത്. പിന്നീട് 2009ൽ ഇറങ്ങിയത് തെലുങ്കു സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മഗധീര (മലയാളത്തിൽ ധീര). ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങളും ചിത്രം നേടി. ഇതിൽനിന്ന് ഏറെ വ്യത്യസ്തമായ കോമഡി ത്രില്ലറായിരുന്നു 2010ലെ മര്യാദരാമൻ (മലയാളത്തിൽ ഇവൻ മര്യാദരാമൻ). അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്ന ചിത്രം സൺ ഓഫ് സർദാർ എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു. അടുത്ത ചിത്രം 2012ൽ തെലുങ്കിൽ ഈഗ എന്ന പേരിലും തമിഴിൽ നാ‍ൻ ഈ എന്ന പേരിലുമിറങ്ങി (മലയാളത്തിൽ ഈച്ച). ഭാവനാചിത്രമായ ഇതിനും വിഷ്വൽ ഇഫക്ടിന് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് ഗൂഗിള്‍ മാപ്പില്‍ കാണാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.