Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ ‘ബാഹുബലി’ പ്രഭാസ് കണ്ണൂരിൽ

prabhas-rajamouli കണ്ണവം വനത്തിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടന്നുപോകുന്ന സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രങ്ങൾ: എം.ടി. വിധുരാജ് (വലത്)

നേരം പുലരുന്നതേയുള്ളു. കണ്ണവം വനമേഖലയിലെ പാതയിലൂടെ നടന്നുപോവുകയാണൊരാൾ. മനസ് ഏതോ ദൃശ്യവിസ്മയമൊരുക്കുകയാണ്. ബാഹുബലി രണ്ടാംഭാഗത്തിലെ അതിരാവിലെ ചിത്രീകരിക്കേണ്ട സീനുകളെ ആ നടത്തത്തിൽ അളന്നു ചേറുകയാണ് ഇന്ത്യൻ കൊമേഴ്സ്യൽ സിനിമയുടെ സംവിധാന സിംഹാസനം കൈപ്പിടിയിലൊതുക്കിയ കൊടൂരി ശ്രീശൈല ശ്രീ രാജമൗലി എന്ന എസ്. എസ്. രാജമൗലി.

anushka-kannur

കോളയാടുള്ള താമസ സ്ഥലത്തുനിന്നും വെളുപ്പിന് അഞ്ചുകിലോ മീറ്റർ വനത്തിലെ റോഡിലൂടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള നടത്തമാണത്. തന്നെ ആരും അറിയില്ല എന്ന മട്ടിലുള്ള ആ നടത്തം തന്നെയാണു പ്രേക്ഷകമനമിളക്കിയ സംവിധായകൻെറ ദിവസം മുഴുവനുള്ള ഊർജത്തിന്റെ രഹസ്യവും. സംവിധായകൻ ലൊക്കേഷനിലെത്തുമ്പോഴേയ്ക്കും ലൊക്കേഷനും ഉണർന്നുകഴിഞ്ഞിരിക്കും. പിന്നെ പുലർകാല തുടുപ്പു മായും മുമ്പേതന്നെ ചിത്രീകരണം തുടങ്ങുകയായി.നേരിൽ കാണുമ്പോൾ ഒരുപക്ഷേ അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ് രാജമൗലിയുടേത്. ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ലാളിത്യമുള്ള മനുഷ്യൻ. ആർക്കും പിടികൊടുക്കാനിഷ്ടപ്പെടാതെ ദൃശ്യചേരുവകളുടെ ലോകത്തു ജീവിക്കുന്നയാൾ.

bahubali-2

സംവിധായകൻ നടത്തപ്രിയനാണെങ്കിൽ നിർമ്മാതാവ് ശോഭു യാർലഗദ്ദയ്ക്ക് സൈക്കിൾ സവാരിയാണ് പ്രിയം. നിർമ്മാതാവ് അഞ്ചുകിലോമീറ്റർ ദൂരം സൈക്കിളിൽ താണ്ടിയാണു ലൊക്കേഷനിൽ എത്തുന്നത്. പഴശ്ശിപ്പടയും കമ്പനിസേനയും എണ്ണമറ്റ പോരാട്ടങ്ങൾ നടത്തിയ കണ്ണവം വനമേഖലയിൽ പഴശ്ശിരാജ സിനിമയ്ക്ക് ശേഷം ആദ്യമായി കുതിരക്കുളമ്പടിയൊച്ചകൾ ഉയരുകയാണ് ബാഹുബലി രണ്ടിൻെറ ചിത്രീകരണത്തിലൂടെ. പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂരാണ് രണ്ടുസിനിമകളുടെയും ലൊക്കേഷൻ സംവിധായകർക്ക് പരിചയപ്പെടുത്തിയത്. ലൊക്കേഷനിലെ കാഴ്ചകൾക്കാകെ രാജപ്രഭാവം.

anushka-bahubali-2

സൂപ്പർതാരം പ്രഭാസും ചിത്രീകരണത്തിനായി കണ്ണൂർ എത്തിക്കഴിഞ്ഞു. സ്റ്റണ്ട് മാസ്റ്റർ ലീ ഉൾപ്പെടയുള്ളവരുടെ സാന്നിധ്യവും നീക്കങ്ങളും ലൊക്കേഷനിൽ സജീവം. പഴമയുടെ കഥക്കൂട്ടിന് താളംപകർന്ന് ഒരു കുതിര ലോക്കേഷന് പുറത്തേക്ക് പാഞ്ഞുപോയി. ചിത്രീകരണത്തിനായി കൊണ്ടുവന്ന കുതിരയ്ക്ക് അഭിനയകലയുടെ പാഠം പകരുകയാണ് ഒരു പരിശീലകൻ. വീരപഴശ്ശിയുടെ ഓർമ്മകളിരമ്പുന്ന കണ്ണവം വനമേഖല ബാഹുബലിയുടെ സങ്കൽപ്പകാന്തിയിലേക്ക് ചേക്കേറുകയാണ്.

എല്ലാം സൂപ്പറാക്കിയ സൂപ്പർ സംവിധായകൻ

rajamouli-kannur

ടെലിവിഷനിൽ തെലുങ്ക് സോപ്പ് ഓപ്പറകൾ സംവിധാനം ചെയ്തുകൊണ്ടാണ് രാജമൗലിയുടെ തുടക്കം. 2001 ൽ ജൂനിയർ എൻടിആറിനെ നായകനാക്കിയ സ്റ്റുഡൻറ് നമ്പർ വൺ എന്ന അദ്യചിത്രംതന്നെ സൂപ്പർ ഹിറ്റായി. തുടർന്ന് സിംഹാദ്രി, റഗ്ബി പശ്ചാത്തലമാക്കിയ സൈ, ഛത്രപതി, വിക്രമർകുടു, യമദൊംഗ, തെലുഗു സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മഗധീര, ഏറെ വ്യത്യസ്തമായ കോമഡി ത്രില്ലർ മര്യാദരാമൻ, വിഷ്വൽ ഇഫക്ടിന് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച ഈഗ, എന്നിങ്ങനെ 9 ഹിറ്റുകൾക്ക് ശേഷം ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഉൾപ്പെടെ പത്തു ഹിറ്റു ചിത്രങ്ങൾ. ബോളിവുഡിലെ നായകനടന്മാരും നടിമാരുമുൾപ്പെടെ സംവിധായകൻെറ ഡേറ്റിനായി നോക്കി കാത്തുനിൽക്കുന്ന കരിയർ ഗ്രാഫിൻെറ മാറ്ററിയാൻ ഇനി എന്തുവേണം.