Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ രണ്ടു ഭാഗങ്ങൾ പോലെ ആകില്ല എസ് 3

suriya-singam-3

സൂര്യ ആരാധകർ‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് സിങ്കം പരമ്പരയിലെ ദുരൈ സിങ്കം. എസ്3 (എസ് ത്രി) എന്ന ആക്ഷൻ എന്റർടെയിനറിലൂടെ ദുരൈ സിങ്കം വീണ്ടും അവതരിക്കുന്നു. ഇത്തവണ ദുരൈ സിങ്കത്തിന് ഒരുപാട് മാറ്റങ്ങളും പ്രത്യേകതകളുമുണ്ട്. രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥനായ ആക്ഷൻ ഹീറോ ആയാണ് എസ്3 യിൽ സൂര്യ എത്തുക. മാത്രമല്ല നായിക അനുഷ്കയെ കൂടാതെ ശ്രുതി ഹാസനും സൂര്യയ്ക്കൊപ്പം ജോഡിചേരുന്നു എന്നതും എസ്3 യുടെ മറ്റൊരു പ്രത്യേകതയാണ്.

സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ തരംഗമായി മാറിയിരുന്നു. സിങ്കം പതിപ്പ് സിനിമകളുടെ തുടർച്ചയാണെങ്കിലും എസ്3 മറ്റൊരു ബ്രഹ്മാണ്ഡ തലത്തിലുള്ള സിനിമയായിരിക്കുമെന്ന് സംവിധായകൻ ഹരി പറയുന്നു. ചിത്രത്തിലെ മിക്കതാരങ്ങളും കഥാപാത്രങ്ങളും പഴയതെങ്കിലും കഥയും കഥയുടെ പശ്ചാത്തലവും പുതിയതും പുതുമയുള്ളതുമാണ്. മുൻ സിനിമകളുടെ പശ്ചാത്തലം തൂത്തുകൂടിയും, ചെന്നെയും, കേരളവുമൊക്കെ ആയിരുന്നുവെങ്കിൽ ഇത്തവണ മലേഷ്യ, ജോർജിയ, റുമേനിയ എന്നിങ്ങനെ വിദേശരാജ്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. രാജ്യാന്തരതലത്തിൽ നടക്കുന്ന ഒരു കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമായതുകൊണ്ടാണ് പോസ്റ്റർ പരസ്യങ്ങളിൽ ‘The Universal Cop’ എന്ന വിശേഷണം ശീർഷകമായി നൽകിയിട്ടുള്ളതത്രെ.

S3 Official Teaser | Tamil | Suriya, Anushka Shetty, Shruti Haasan | Harris Jayaraj | Hari

‘സിങ്കം സിനിമകളുടെ മുമ്പത്തെ പാർട്ടുകളേക്കാൾ എസ്3യിൽ ധാരാളം പുതുമകളും പുതിയ വിഷയങ്ങളും ഉൾപ്പെടുത്തണമെന്നതിനാൽ തിരക്കഥാരചനയിലും ചിത്രീകരണവേളയിലും വളരെയധികം കഠിനാദ്ധ്വാനം ഞങ്ങളുടെ ടീം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ആവർത്തനങ്ങൾ പാടില്ല. സിങ്കം എന്നു കേൾക്കുമ്പോൾ തന്നെ ഓങ്കി അടിച്ചാ ഒന്നര ടൺ എന്ന ഡയലോഗാണ് ഓർമ വരിക. അതിനേക്കാൾ പഞ്ച് ഡയലോഗുകൾ ഇതിലുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള കഥയായതുകൊണ്ട് ലോകം മുഴുവൻ റീച്ചാകുന്ന ശക്തനായ ഒരു വില്ലനാണെങ്കിൽ ഉചിതമായിരിക്കുമെന്ന് ആദ്യം മുതലേ ഞങ്ങൾ ചിന്തിച്ചിരുന്നു. ’ഹരി പറഞ്ഞു.

‘സിങ്കം2 ൽ ഡാനി എന്ന വിദേശ വില്ലനെ കണ്ടെത്തി അഭിനയിപ്പിച്ചിരുന്നു. ഇപ്പോൾ ബോഡി ബിൽഡർ മിസ്റ്റർ വേൾഡ് അനൂപ് സിങിനെ വില്ലനായി അവതരിപ്പിയ്ക്കുന്നു. കഴിഞ്ഞ സിങ്കം പാർട്ട് സിനിമകളിൽ ഇല്ലാതിരുന്ന ശ്രുതിഹാസൻ, ശരത്ബാബു, രാധിക, സൂരി, നിതിൻ സത്യ, ഇമാൻ അണ്ണാച്ചി മറ്റൊരു വില്ലൻ നടനായ ശരത് സക്സേനാ, റോബോ ഷങ്കർ ഉൾപ്പെടെ നാല്പത്തി അഞ്ചിൽ പരം അഭിനേതാക്കൾ എസ് 3 യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്.

കൂടാതെ കഥാപാത്രമായി എത്തുന്ന നീതുചന്ദ്ര ഒരു ഐറ്റം ഡാൻസും ചെയ്യുന്നുണ്ട്. കനൽ കണ്ണനാണ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിങ്കം2 ൽ നാലഞ്ചുതരം കപ്പലുകൾ സംഘട്ടന രംഗങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടാവും. അതുപോലെ ഇതിൽ ഏഴെട്ട് വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. റൺവേയിൽ ഒരു ഫ്ളൈറ്റ് ചേസിങ്ങ് രംഗമുണ്ട്. ആ ഫ്ളൈറ്റ് ചേസിങ്ങ് രംഗം കാണികൾക്ക് വളരെ ആവേശമേകും. ഷോബി, ബൃന്ദ, ബാബാ ഭാസ്കർ എന്നിവരാണ് നൃത്ത സംവിധായകർ. ഒന്നു ഞാൻ തീർത്തു പറയാം. കാണികൾ നല്ലൊരു ആക്ഷൻ വിഷ്വൽ ട്രീറ്റായിരിയ്ക്കും എസ്3.–ഹരി പറഞ്ഞു.

ഹരിയുടെ സിനിമകളിൽ ക്യാമറ കൊണ്ട് മായാജാലങ്ങൾ സൃഷ്ടിയ്ക്കാറുള്ള പ്രിയൻ തന്നെയാണ് എസ്3 യുടേയും ഛായാഗ്രാഹകൻ. ഹാരിസ് ജയരാജാണ് സംഗീത സംവിധായൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറൽ കെ.ഈ. ജ്ഞാനവേൽരാജു നിർമ്മിച്ച ബ്രഹ്മാണ്ഡ ആക്ഷൻ എന്റർടെയിനറായ എസ്3 യെ ഡിസംബർ 16ന് സോപാനം ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.