Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രി–റിലീസ് ബിസിനസ്സിൽ 500 കോടി നേടിയോ ബാഹുബലി?

bahubali-2

സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി 2. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പേ പ്രഖ്യാപിച്ച ഇതേ റിലീസ് തിയതിയിൽ തന്നെ ചിത്രം തിയറ്ററിലെത്തിക്കാനാണ് രാജമൗലിയുടെ തീരുമാനം.

ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ലോകമൊട്ടുക്കുള്ള 33 സ്റ്റു‍ഡിയോകളിലാണ് സിനിമയുെട വിഎഫ്എക്സ് വർക്ക് പുരോഗമിക്കുന്നത്. ഇതിനിടെ സിനിമ മറ്റൊരു റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. പ്രി–റിലീസ് ബിസിനസ്സിൽ ചിത്രം വാരിക്കൂട്ടാൻ പോകുന്നത് 500 കോടി രൂപ. എല്ലാ ഭാഷകളിലെയും തിയറ്റർ അവകാശം, സാറ്റലൈറ്റ് റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് തുടങ്ങിയവ ഉൾപ്പടെയാണ് 500 കോടി നേടുക.

ബാഹുബലിയുടെ തെലുങ്ക് തിയറ്റർ അവകാശത്തിൽ 120 കോടിയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ നിന്നും 90 കോടി. ഹിന്ദിയിലും മറ്റുഭാഷയിലും ഉൾപ്പടെ എൺപത് കോടി. അങ്ങനെ തിയറ്റര്‍ ബിസിനസ്സിൽ നിന്നും മാത്രം ലഭിക്കുന്നത് 290 കോടിയാണ്.

സിനിമയുടെ യുഎസ്എ അവകാശം (തമിഴ്+ തെലുങ്ക്) 40 കോടി രൂപയ്ക്കാണ് വിറ്റുപോയത്. വിദേശത്തെ മറ്റു സ്ഥലങ്ങളിൽ ഇരുപതുകോടിയ്ക്കും. അങ്ങനെ വിദേശത്തുനിന്നു മാത്രം ഇതിനോടകം അറുപതുകോടി. മൊത്തം 350 കോടി.

കൂടാതെ ഇന്ത്യയിലെ മറ്റു ഭാഷകളിലെ സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങൾ നോക്കുകയാണെങ്കിൽ 100 കോടിയ്ക്ക് മുകളിൽ വരും. അതിൽ ചൈന, ജപ്പാൻ, യൂറോപ്പ് എന്നിവ വേറെ മാർക്കറ്റ്. കൂടാതെ ഇതേ ചിത്രം അനിമേറ്റഡ് വെബ് സീരീസ് ആയും ടിവി സീരീസായും ബുക്ക് ആയും പുറത്തിറക്കുന്നുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം 500 കോടി നേടുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

കണക്കുകൾ കൃത്യമെങ്കിൽ റിലീസ് മുമ്പേ 500 കോടി േനടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി. രജനീകാന്ത് ചിത്രം കബാലി പ്രി–റിലീസ് ബിസിനസ്സിൽ നേടിയത് 200 കോടിയായിരുന്നു.