Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍നിറമിഴികളോടെ മനോരമയ്ക്ക് തമിഴകത്തിന്റെ ആദരാഞ്ജലി

Rajinikanth അന്തരിച്ച തമിഴ്നടി മനോരമയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ തമിഴ് സൂപ്പർതാരം രജനീകാന്ത്

ചെന്നൈ ∙ ആറു പതിറ്റാണ്ടിലേറെ നാടകത്തിന്റെയും സിനിമയുടെയും അരങ്ങിൽ നിറഞ്ഞുനിന്ന നടി മനോരമയ്ക്കു തമിഴകത്തിന്റെ അന്ത്യാഞ്ജലി. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിറമിഴികളോടെ പ്രിയപ്പെട്ട ‘ആച്ചി’ക്കു വിട നൽകി. ഇന്നലെ വൈകിട്ട് മൈലാപൂരിലെ ശ്മശാനത്തിലായിരുന്നു സംസ്കാരം. നടൻ കൂടിയായ മകൻ ഭൂപതി അന്ത്യകർമങ്ങൾ നിർവഹിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ‌ആശുപത്രിയിലെത്തിച്ച മനോരമ (78) ശനിയാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്.

സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർക്കൊപ്പം ആയിരക്കണക്കിന് ആരാധകരും അന്തിമോപചാരം അർപ്പിക്കാനെത്തി. മുഖ്യമന്ത്രി ജയലളിത, ഡിഎംകെ അധ്യക്ഷൻ കരുണാനിധി, സൂപ്പർതാരങ്ങളായ രജനീകാന്ത്, കമലഹാസൻ തുടങ്ങിയവർ ടി നഗറിലെ വസതിയിലെത്തി മനോരമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇത്രയേറെ അനുഗ്രഹീതയായ ഒരു കലാകാരി തമിഴ് സിനിമയിൽ ഇനി പിറക്കുമെന്നു കരുതുന്നില്ലെന്ന് ജയലളിത പറഞ്ഞു. അഭിനയത്തിൽ പെൺ ശിവാജിയായിരുന്നു മനോരമയെന്നും ജയ അനുസ്മരിച്ചു. താൻ എഴുതിയ ഒട്ടേറെ നാടകങ്ങളിൽ അവിസ്മരണീയ അഭിനയം കാഴ്ചവച്ച മനോരമ ദ്രാവിഡ പ്രസ്ഥാനത്തിന്റെ അഭിമാനതാരമായിരുന്നുവെന്നു കരുണാനിധി പറഞ്ഞു.

സംഗീത സംവിധായകൻ ഇളയരാജ, നടൻമാരായ ഭാഗ്യരാജ്, അജിത്, കാർത്തി, വിശാൽ, ശരത്കുമാർ, പ്രഭു, റഹ്മാൻ, നാസർ, ശിവകുമാർ, ശിവകാർത്തികേയൻ, ചിമ്പു, മൻസൂർ അലിഖാൻ‌, പൊൻവണ്ണൻ, സെന്തിൽ, വടിവേലു, നടിമാരായ ഖുശ്ബു, സ്നേഹ, സുകന്യ തുടങ്ങി സിനിമാരംഗത്തെ ഒട്ടേറെപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ആദര സൂചകമായി തമിഴ് സിനിമകളുടെ ചിത്രീകരണം ഇന്നലെ നിർത്തിവച്ചു. താര സംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പു പ്രചരണാർഥം നടത്താനിരുന്ന പൊതുസമ്മേളനവും ഉപേക്ഷിച്ചു.

ആയിരത്തിയഞ്ഞൂറിലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ച മനോരമ തമിഴ് സിനിമയിലെ ഹാസ്യാഭിനയ ചക്രവർത്തിനിയായാണ് അറിയപ്പെടുന്നത്. പന്ത്രണ്ടാം വയസ്സിൽ നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ മനോരമയുടെ ആദ്യചിത്രം ‘മാലൈയിട്ട മങ്കൈ’ (1958). ‘കൊഞ്ചം കുമാരി’ (1963) എന്ന ചിത്രത്തിൽ ആദ്യമായി നായികയായി. മുന്നൂറിലേറെ ചിത്രങ്ങളിൽ പാടുകയും ചെയ്തു. അണ്ണാദുരൈ, കരുണാനിധി, എംജിആർ, എൻടിആർ, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പം സിനിമാരംഗത്തു പ്രവർത്തിച്ചു.

മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. ‘വിദ്യാർഥികളെ ഇതിലേ ഇതിലേ..’ ആണ് ആദ്യ മലയാള ചിത്രം. മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ച മനോരമ ഒരു ഹിന്ദി ചിത്രത്തിലും വേഷമിട്ടു. പത്മശ്രീയും മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും (1990) ലഭിച്ചിട്ടുണ്ട്. 35 തവണ ഫിലിം ഫാൻസ് അവാർഡ് ലഭിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും മനോരമയുടെ സ്വകാര്യജീവിതം ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളർത്തിയത്. സ്കൂൾ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തിൽ പെൺവേഷം കെട്ടുന്ന പുരുഷൻമാർക്കു വേണ്ടി പിന്നണി പാടുകയായിരുന്നു ആദ്യം. പിന്നെ പാടിപ്പാടി പ്രശസ്‌തയായി.

നാടകത്തിൽനിന്നു സിനിമയിലെത്തി ചുവടുറപ്പിച്ചു തുടങ്ങിയ കാലത്ത് 1964ൽ ആയിരുന്നു വിവാഹം. നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനായിരുന്നു വരൻ. രണ്ടു വർഷത്തിനകം ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിതം മകനുവേണ്ടി മാത്രമായി. എല്ലാ സ്വകാര്യ സങ്കടങ്ങളും മാറ്റിവച്ചു മകനുവേണ്ടിയാണു ഞാൻ ജീവിച്ചത്’’- മനോരമ ഒരിക്കൽ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.