Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയെ സൂപ്പർസ്റ്റാർ ആക്കുന്ന ഘടകങ്ങൾ

kabali-teaser-rajini

ലോകമൊട്ടാകെ ഇത്രയധികം ആരാധകരുള്ള ഇന്ത്യൻ താരം വേറെ കാണില്ല. സ്റ്റൈൽമന്ന‍ൻ, തലൈവർ അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് രജനീകാന്തിന്.

പരസ്യചിത്രത്തിൽ അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ

ലോക സിനിമയിൽ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാത്ത ഏക സൂപ്പർ സ്റ്റാറാണു രജനി. സിനിമയിൽ വന്നു താരമായ കാലം മുതൽ പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ലെന്നു തീരുമാനമെടുത്തിട്ടുള്ള രജനി ഇതുവരെ അതു ലംഘിച്ചിട്ടില്ല. പരസ്യങ്ങളിലൂടെ ജനത്തിനെ പറ്റിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞാണു സ്റ്റൈൽമന്നൻ പരസ്യങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നത്. രജനിയുടെ പാത പിന്തുടർന്ന് അജിത്തിനെ പോലെയുള്ള ചില താരങ്ങൾ ഇപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കാറില്ല.

vintage-rajini

സഞ്ചരിക്കാൻ അംബാസഡർ

‍കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന ആളാണെന്നു പറഞ്ഞിട്ടു കാര്യമില്ല. ചെന്നൈയിലെ തന്റെ വീട്ടിൽ ഉ‌ള്ളപ്പോൾ യാത്രകളിൽ വീടിനു സമീപമുള്ള ട്രാവൽ ഏജൻസിയിൽ നിന്നുള്ള അംബാസഡർ കാറിലാണു രജനിയുടെ സഞ്ചാരം. വർഷങ്ങളായി ഇതാണു രജനി സ്റ്റൈൽ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയതു മുതൽ രജനിയുടെ ചെന്നൈ യാത്രകളുടെ തേര് അംബാസഡർ കാറാണ്.

കൊച്ചുമക്കളെ കയറ്റിരുത്തി കാർ ഡ്രൈവിങ്

വീട്ടിൽ ഉള്ളപ്പോൾ തന്റെ കൊച്ചുമക്കളെ മടിയിൽ ഇരുത്തി ഡ്രൈവ് ചെയ്യുന്നതാണു രജനിയുടെ രസങ്ങളിൽ ചിലത്. ഇങ്ങനെ എത്ര സമയം വേണമെങ്കിലും ഡ്രൈവ് നടത്താൻ രജനിക്കു മടിയില്ല. ഇഷ്ടനഗരമായി രജനി എപ്പോഴും തിരഞ്ഞെടുക്കുന്നതു ചെന്നൈയെയാണ്. കറുപ്പാണ് ഇഷ്ട കളർ. വീട്ടിൽ ഇപ്പോഴും ഇരിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം പൂജാമുറിയാണ്.

2.0-rajini

ഒറ്റയ്ക്കിരുന്നു സന്തോഷിക്കുന്ന സൂപ്പർ സ്റ്റാർ

എപ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നതെന്നു രജനിയോടു ചോദിച്ചാൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴെന്നു മറുപടി ലഭിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ സന്തോഷം താനേ എന്നിലേക്ക് എത്തുമെന്നാണ് ഇതിനെക്കുറിച്ചുള്ള രജനിയുടെ കമന്റ് .

amitabh-rajini

ഹിമാലയ യാത്രകൾ ഹരം

ഹിമാലയത്തെ കുറിച്ചു ചോദിച്ചാൽ തനിക്ക് ഒരിക്കലും മടുക്കാത്ത സ്ഥലമെന്നാണു രജനിയുടെ പക്ഷം. ഓരോ സിനിമ പൂർത്തിയാക്കുമ്പോഴും പുറത്തുവരുമ്പോഴും അടുത്ത കൂട്ടുകാരുമായി രജനി ഹിമാലയസാനുക്കളിൽ എത്തും. ആരാധകർ സിനിമയെ ആവേശപൂർവം വരവേൽക്കുമ്പോൾ ഹിമാലയസാനുക്കളിൽ ഭക്തിയുടെ നിറവിലായിരിക്കും സ്റ്റൈൽമന്നൻ.

akshay-rajini

എല്ലായിപ്പോഴും റൊമാന്റിക്

കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ചു ചോദിച്ചാൽ കാമുകന്റെ റോൾ എന്നാണു രജനി മറുപടി പറയാറ്. കാമുകവേഷത്തിൽ എല്ലാ വാണിജ്യ കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ ആകുമെന്നും ആരാധകരെ കൂടുതൽ രസിപ്പിക്കാൻ സാധിക്കുമെന്നുമാണു രജനി പറയുന്നത്.

കമൽഹാസന്റെ ആരാധകൻ

തന്റെ പ്രിയപ്പെട്ട ഇന്ത്യൻ സിനിമാനടൻ കമൽഹാസനാണെന്നു രജനി പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. ഇഷ്ട ഇന്ത്യൻ നടി രേഖയുമാണ്. പഴയ ഒരു സിനിമയ്ക്കിടയിൽ സംവിധായകൻ ബാലചന്ദർ കമൽഹാസനെ ചൂണ്ടിക്കാണിച്ച് അവന്റെ അഭിനയം കണ്ടു പഠിക്കാൻ സ്റ്റൈൽമന്നനോടു പറഞ്ഞു. അന്നു മുതൽ താൻ കമലിനെ നോക്കി പഠിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കമലിന്റെയടുത്തെങ്ങും എത്തുന്ന അഭിനയം കാഴ്ചവയ്ക്കാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്നും രജനി തുറന്നുപറഞ്ഞിട്ടുണ്ട്. മാത്രമല്ല, താൻ ഒരു കമൽ ആരാധകനാണെന്നും രജനി സമ്മതിച്ചിട്ടുണ്ട്.

വിദേശങ്ങളിലെ വലിയ ഹീറോ

ജപ്പാനിൽ ആദ്യമായി ആരാധകവൃന്ദത്തെ ഉണ്ടാക്കിയ നടനാണു രജനി. മുത്തു എന്ന രജനി ചിത്രം 200ലധികം ദിവസമാണു ജപ്പാനിൽ പ്രദർശിപ്പിച്ചത്. അദ്ഭുത നടൻ എന്നാണു ജപ്പാൻകാർ രജനിയെ വിശേഷിപ്പിക്കുന്നത്. രജനിയുടെ ടീഷർട്ടുകൾക്കും മുഖമുള്ള തൊപ്പികൾക്കും എല്ലാം എവിടെ വൻ മാർക്കറ്റാണ്. തമിഴ്നാട്ടിലെ പോലെ വലിയ ആരാധകരും രജനിക്കു ജപ്പാനിൽ സ്വന്തം. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി ഇപ്പോൾ ലോകവ്യാപകമായി ആരാധകപ്പട തന്നെയുണ്ട് സ്റ്റൈൽമന്നന്.

shakar-rajini

വർഷങ്ങളുടെ ഇടവേളകളിൽ ഓരോ സിനിമ

വലിയ താരമായി മാറിയതിനു ശേഷം ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കലായിരുന്നു രജനി ചിത്രങ്ങൾ പുറത്തുവന്നിരുന്നത്. എല്ലാം തന്നെ വലിയ വിജയങ്ങളായി. പടയപ്പയും ബാഷയും അരുണാചലം, ശിവാജി ദ് ബോസ്, യന്തിരൻ, ചന്ദ്രമുഖി തുടങ്ങിയവ എങ്ങനെ എത്തിയവയാണ്. ഇതിനിടിയിൽ ഇറങ്ങിയ ബാബ വലിയ പരാജയമായതോടെ വിതരണക്കാർക്കു പണം തിരികെ നൽകാനും സ്റ്റൈൽമന്നൻ മടിച്ചില്ല. ഒരു ചിത്രം കഴിഞ്ഞ് കുറച്ച് ഇടവേളയ്ക്കു ശേഷമാണു പുതിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. എന്നാൽ അടുത്തകാലത്തായി ഇതിൽ മാറ്റം വരുത്തിയിട്ടുണ്ട് രജനി. കൊച്ചടൈയാനു പിന്നാലെ ലിംഗ എത്തി. ഇതു രണ്ടും പരാജയപ്പെട്ടു, അതിനു ശേഷമാണു കബാലിയിൽ രജനി അഭിനയിച്ചത്. അതു പൂർത്തിയാക്കിയ ഉടൻ രജനി യന്തിരൻ 2ൽ ജോയിൻ ചെയ്തു.