പരമ്പരക്കൊലപാതകവും ജാതി വ്യവസ്ഥയും എങ്ങനെയാണ് ഏറ്റുമുട്ടുന്നത്? ദഹാദ് പറയും ആ സത്യം
Mail This Article
ഇന്ത്യയിൽ ഇറങ്ങുന്ന സിനിമകളും വെബ് സീരീസുകളും തമ്മിൽ എന്താണ് വ്യത്യാസം എന്നു ചോദിച്ചാൽ സിനിമ ആഘോഷങ്ങളുടെ വർണ ശബളമായ ലോകമാണ് ഒരുക്കുന്നതെങ്കിൽ വെബ് സീരീസുകൾ യാഥാർഥ്യങ്ങളുടെ വരണ്ട ലോകമാണ് മുന്നിൽ തുറന്നിടുന്നത്. ഇന്ത്യൻ ജാതി രാഷ്ട്രീയം, ഗ്രാമങ്ങളുടെ തെളിച്ചമുള്ള ജീവിതങ്ങൾ, നഗരങ്ങളുടെ ഇരുണ്ട ഗലികൾ എല്ലാം ഇതിൽ കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടങ്ങളുമാകുന്നു. ബോളിവുഡിൽനിന്ന് അത്തരത്തിൽ കൃത്യമായി ജാതി രാഷ്ട്രീയവും പറഞ്ഞുകൊണ്ട് ഒരു മരണ രഹസ്യം അഴിക്കുന്ന സീരീസ് ആണ് ‘ദഹാദ്’. സോനാക്ഷി സിൻഹയുടെ മികവുറ്റ പൊലീസ് വേഷമാണ് ഇതിന്റെ പ്രധാന ശക്തി എന്നു പറയാം. സോയ അക്തറും റീമ കഗ്തിയും ചേര്‍ന്നൊരുക്കിയ സീരീസ് ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ മാണ്ഡവ എന്ന ടൗൺഷിപ്പ് ആണ് കഥ നടക്കുന്ന പരിസരം. സീരിയൽ കില്ലറായ ഒരു സാധാരണക്കാരനെ അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് കഥയെങ്കിലും അതു പറയുന്ന രീതി, കഥയിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ, അതിന്റെ പിന്നാമ്പുറങ്ങളിൽ ഉണ്ടാകുന്ന അലോസരങ്ങൾ, മരണങ്ങൾ എല്ലാത്തിലും രാഷ്ട്രീയമുണ്ട്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ കഥ എടുക്കുമ്പോഴും കൃത്യമായി രാഷ്ട്രീയം എങ്ങനെ അതിൽ യോജിപ്പിച്ചെടുക്കാം എന്നതിന്റെ മികച്ച ഉദാഹരണവുമാണ് ദഹാദ്. ഒരു സീസണിൽ എട്ട് എപ്പിസോഡുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
കർണാടകയിൽ യഥാർഥത്തിൽ നടന്ന ഒരു കഥയുടെ ചുവടു പറ്റിയാണ് ദഹാദ് ഒരുങ്ങിയിരിക്കുന്നത്. സയനൈഡ് മോഹനൻ നിരവധി സ്ത്രീകളെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. ഒരുകാലത്ത് കേരളം-കർണാടക അതിർത്തി ഗ്രാമങ്ങളിൽ സയനൈഡ് മോഹനൻ ഒരു ഭയമായിരുന്നു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ മോഹനൻ തുടർന്ന് മറ്റു പെണ്കുട്ടികളിലേക്കു തിരിയുകയായിരുന്നു. പൊതു ശൗചാലയങ്ങളിൽ മിക്കപ്പോഴും ദുരൂഹ സാഹചര്യങ്ങളിൽ കാണപ്പെടുന്ന പെൺകുട്ടികളുടെ ശവശരീരങ്ങൾ ഒരുപാട് കാലം പൊലീസിന് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയതും ശിക്ഷ വിധിച്ചതും. ഇപ്പോൾ ഹിൻഡാൾഗയിൽ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിലാണ് ഇയാളുള്ളത്.
യഥാർഥ കഥയെ പൊലീസിന്റെ വീക്ഷണ കോണിൽക്കൂടിയാണ് സീരീസ് പറഞ്ഞു പോകുന്നത്. ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥ അഞ്ജലി ഭാട്യ ജാതിപരമായി ഉയർന്ന വ്യക്തിയല്ല, അതുകൊണ്ടു തന്നെ ഗ്രാമത്തിലെ പല വീടുകളിലും അന്വേഷണത്തിന് ചെന്നാൽപ്പോലും അവർക്കു പ്രവേശനം നിഷേധിക്കപ്പെടാറുമുണ്ട്. എന്തിനു പറയുന്നു, പൊലീസ് സ്റേഷനുള്ളിൽ അവർ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമ്പ്രാണി പുകച്ച് "അശുദ്ധി" ഇല്ലാതാക്കുന്ന പൊലീസുകാരൻ ഇന്ത്യയുടെ സവർണ ആണഹന്തയുടെ ബിംബമാണ്. പക്ഷേ 29 പെൺകുട്ടികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കൊടും ക്രിമിനലിന്റെ വീട്ടിലേക്ക് അന്വേഷണത്തിനായി എത്തിയ അഞ്ജലിയെ സവർണ ബിംബമായ കുടുംബനാഥൻ തടഞ്ഞു നിർത്തുന്ന ഒരു രംഗമുണ്ട്. അവിടെ അഞ്ജലി തന്റെ സർവ്വ കോംപ്ലക്സുകളും ഉരിഞ്ഞെറിഞ്ഞ് തന്നിലുള്ള അധികാരത്തിന്റെയും അഭിമാനത്തിന്റെയും ഊർജ്ജത്തെ ഉയർത്തിപ്പിടിക്കുന്നു. അതി വൈകാരികമായ നിമിഷമാണെങ്കിലും വളരെ സട്ടിൽ ആയി ആ ജാതി രാഷ്ട്രീയം അവിടെ ഉടഞ്ഞു വീഴുന്നതാണ് ഈ സീരീസിലെ ഏറ്റവും ഭംഗിയുള്ള ഭാഗം.
ജാതിയിൽ താഴെയുള്ള പെൺകുട്ടികളാണ് സീരിയൽ കില്ലറിന്റെ ഇരകൾ. വിവാഹം കഴിപ്പിക്കാനുള്ള മാതാപിതാക്കളുടെ ഗതികേടാണ് ഇവിടെ വില്ലനാകുന്നത്. നല്ല രീതിയിൽ സ്ത്രീധനം നൽകി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ കഴിയാത്തതിന്റെ ആധി പേറിയാണ് ജാതീയമായി താഴ്ന്നവരുടെ ജീവിതം. മാതാപിതാക്കളുടെ ദുഃഖത്തിൽ മടുത്തിരിക്കുന്ന ഇത്തരം പെൺകുട്ടികളുടെ മുന്നിലേക്കാണ് രക്ഷകന്റെ രൂപത്തിൽ അയാളുടെ വരവ്. സ്വന്തം പിതാവ് സമ്മതിച്ചില്ലെങ്കിലും യാതൊരു വിധമായ സ്വന്തും ആവശ്യമില്ലാതെ തന്നെ പെൺകുട്ടികളെ ഭാര്യയാക്കാമെന്ന മോഹന വാഗ്ദാനത്തിലാണ് ഇരകൾ കുരുങ്ങുക. പക്ഷേ വീടുകളിൽനിന്ന് ഇറങ്ങിപ്പോരുമ്പോൾ അവർ കൈകളിൽ കരുതുന്ന സ്വർണവും പണവും അയാളുടെ കൈവശം തന്നെ ഒടുവിൽ വന്നു ചേരും. ഒരു നാട്ടിൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു മനസ്സിലാകുമ്പോൾ സംസ്ഥാനം തന്നെ വിടുകയാണ് അയാളുടെ രീതി.
ഒരേ സ്ഥലത്തു നിന്നല്ല അയാൾ ഇരകളെ കണ്ടെത്തുന്നത് എന്നതുകൊണ്ട് തന്നെ പല ജില്ലകളിലെ പൊലീസ് സ്റേഷനുകളിലുള്ള കേസുകൾ തമ്മിൽ കൂട്ടി യോജിപ്പിക്കുക അഞ്ജലിക്കും അവരുടെ സീനിയർ ഓഫിസർ ദേവിലാൽ സിൻഹയ്ക്കും അത്ര എളുപ്പമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണവും കുടുംബജീവിതവും പ്രേക്ഷകരുമായി സംവദിക്കുമ്പോത്തന്നെ സമാന്തരമായി, കൊലപാതകിയായ ആനന്ദ് സ്വർണക്കറുടെ ജീവിതവും കൊലപാതക രീതിയും വ്യക്തമാകുന്നുണ്ട്. സീരിയൽ കില്ലിങ് പ്രധാന അജൻഡയായി വരുന്ന സീരീസുകളുടെ പ്രധാന രസച്ചരടാണ് "ആരാണ് അത് ചെയ്തത്?" എന്ന ചോദ്യം. എന്നാൽ ഇവിടെ കഥാ തന്തു സീരിയൽ കില്ലിങ് തന്നെയെങ്കിലും ഈ രസച്ചരട് ആദ്യം തന്നെ പൊട്ടുന്നുണ്ട്. പക്ഷേ ഒട്ടും ഉദ്വേഗം ഇവിടെ നഷ്ടപ്പെടുന്നില്ല. എത്തരത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കുറ്റവാളിയിലേക്ക് എത്തുന്നത് എന്നതാണ് ഇതിലെ യാത്രാവഴി.
സീരീസിലെ പ്രധാന കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥ അഞ്ജലിക്ക് ജാതി പരമായി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അവരുടെ പിതാവ് ഭാട്യ എന്ന് പുനർ നാമകരണം നടത്തുകയായിരുന്നു. പക്ഷേ സീരീസിനൊടുവിൽ അഞ്ജലി തന്റെ യഥാർഥ ജാതിപ്പേരിലേക്കു തന്നെ തിരികെയെത്തുന്നത് വളരെ ശക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നു. നടപ്പിലും എടുപ്പിലുമെല്ലാം കരുത്തുറ്റ കഥാപാത്രമായി അവർ നിൽക്കുന്നുണ്ട്. സീനിയർ ഉദ്യോഗസ്ഥാനായ ദേവീലാൽ സിൻഹ തന്റെ മകളെ പോലും അഞ്ജലിയെ പോലെ ചിന്തിക്കാനാണ് തയ്യാറാക്കുന്നത്. ഏതു ജാതിയാണെങ്കിലും പെൺകുട്ടികൾ വീടുകളിൽ ജോലി ചെയ്യേണ്ടവൾ ആണെന്നും പുറത്ത് പോയി കഴിവ് തെളിയിക്കുന്നവർക്ക് നല്ല വരനെ കിട്ടുകയില്ലെന്നും അയാളുടെ ഭാര്യ ആകുലപ്പെടുകയും അസ്വസ്ഥയാകുകയും ചെയ്യുമ്പോൾ അയാൾക്ക് അതൊരു പ്രശ്നമേ അല്ലാതായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ജാതി രാഷ്ട്രീയത്തിനപ്പുറം കൃത്യമായ ഫെമിനിസവും സീരീസ് പറഞ്ഞു വയ്ക്കുന്നു. എന്നാൽ ഇതൊന്നും ഒട്ടുമേ ഏച്ചുകെട്ടിയതെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയുമില്ല. ഓരോന്നും കൃത്യമായി കൊള്ളേണ്ടയിടങ്ങളിൽ കൊള്ളുന്നവ തന്നെയാണ്.
ജാതി, സ്ത്രീ എന്നീ വിഷയങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന, ഒരു പ്രത്യേക സമുദായത്തോടുള്ള ഭീതിയും അവരെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന ശ്രമങ്ങളും ദഹാദ് കാണിക്കുന്നുണ്ട്. സീരിയൽ കില്ലിങ് കഥയുടെ സമാന്തരമായി എന്നോണം നടക്കുന്ന മറ്റൊരു കേസിൽ രണ്ടു മതത്തിൽ പെട്ടവർ വിവാഹം കഴിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മതം എന്ന പ്രശ്നത്തിൽ കുടുങ്ങി സവർണ വിഭാഗം അയാളെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. വ്യക്തിയോടുള്ള എതിർപ്പ് എന്നതിനപ്പുറം അത് മതത്തിനോടുള്ള ശത്രുതയാണെന്നും ഇതിനൊപ്പമുള്ള മറ്റു കഥകൾ വെളിപ്പെടുത്തുന്നുണ്ട്. സയനൈഡ് മോഹനൻ എന്ന ക്രൂരനായ സീരിയൽ കില്ലറുടെ കഥ പറയുമ്പോൾത്തന്നെ രാജ്യത്തിന്റെ ചില ഉൾനാടൻ ഗ്രാമങ്ങളിലെ അതിരൂക്ഷമായ ജാതി-മത വ്യവസ്ഥയെയും സ്ത്രീ പക്ഷ ചിന്തകളെയും സീരീസ് തുറന്നു കാട്ടുന്നു.