മൂന്ന് സ്ത്രീകളുടെ ‘ഒളിച്ചോട്ടം’; സ്വീറ്റ് ആണ് ഈ കോഫി

Mail This Article
മൂന്നു സ്ത്രീകൾ ഒന്നിച്ചൊരു യാത്ര പോവുക, ജീവിതം ആസ്വദിക്കുക ! കേട്ടിട്ട് അത്ര പുതുമ തോന്നാത്ത ഒരു കഥാ തന്തുവാണ്. സ്ത്രീകൾ കൂട്ടത്തോടെയും സോളോ ആയും യാത്രകൾ പോകുന്ന ഈ കാലത്ത് മൂന്നു പെണ്ണുങ്ങൾക്ക് എന്ത് പ്രസക്തിയാണ്! പക്ഷേ ഈ മൂന്നു സ്ത്രീകളും ഒരേ കുടുംബത്തിലെ മൂന്നു തലമുറയിൽ നിന്നുള്ളവർ ആയാലോ? മൂന്നു പേർക്കും യാത്ര പുറപ്പെടാൻ മറ്റൊരാൾ അറിയാതെ ഓരോ കാരണങ്ങളും ഉണ്ടെങ്കിലോ? വീട്ടിലെ വയസ്സായ സ്ത്രീകൾക്കൊപ്പം പൊതുവെ യാത്ര പോകാൻ മടിക്കുന്നവരാണ് പുതിയ തലമുറ. എന്തിനും ഏതിനും നിയന്ത്രണങ്ങളും ഉപദേശങ്ങളും, നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവുമാണ് അവർ അതിനു കാരണമായി പറയുന്നത്. ‘സ്വീറ്റ് കരം കോഫി’ എന്ന പുതിയ വെബ്‌സീരീസ് സംസാരിക്കുന്നത് ഈ മൂന്നു പെണ്ണുങ്ങളെക്കുറിച്ചും അവർ പോയ യാത്രയെക്കുറിച്ചുമാണ്.
ലക്ഷ്മി, മധൂ (മധുബാല), ശാന്തി എന്നിവരാണ് മൂന്നു തലമുറയിൽപ്പെട്ട സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. സുന്ദരി, കാവേരി, നിവേദിത(നിവി) എന്നീ കഥാപാത്രങ്ങളിൽ കൂടി മൂന്നു തലമുറയിലെ സ്ത്രീ മനസ്സിനെ മനോഹരമായി പറഞ്ഞു വയ്ക്കുന്നുണ്ട്. ഈ സീസണിൽ എട്ടു എപ്പിസോഡുകളിലായാണ് ഈ സീരിസ് സംവിധായകരായ ബിജോയ് നമ്പ്യാരും കൃഷ്ണ മാരിമുത്തുവും സ്വാതി രഘുരാമനും ചേർന്ന് ഒരുക്കിയിരിക്കുന്നത്. നിവി ക്രിക്കറ്റർ ആണ്. ക്രിക്കറ് സ്വപ്നവും പാഷനും കരിയറുമാണ് അവൾക്ക്. അവളുടെ കാമുകൻ കാർത്തിക്കും അതെ പ്രഫഷനിൽ തന്നെ. എന്നാൽ തന്റെ മാതാപിതാക്കൾക്ക് നിവിയെ അയാൾ പരിചയപ്പെടുത്തുന്നത് ജേർണലിസ്റ്റ് ആയാണ്.

താനും ഭാര്യയും ഒന്നിച്ച് ക്രിക്കറ്റ് കളിക്കാൻ പോയാൽ വീട് ആര് പരിപാലിക്കുമെന്നും തന്റെ കുഞ്ഞുങ്ങളെ ആര് നോക്കുമെന്നും അയാൾ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിൽ നിന്നാണ് നിവിയുടെ അമ്മ കാവേരിയെ പരിചയപ്പെടേണ്ടത്. വീട്ടിലെ എല്ലാ ജോലിയും ഒരു പരിഭവവും പരാതിയുമില്ലാതെ ചെയ്തു തീർക്കുന്ന ടിപ്പിക്കൽ വീട്ടമ്മയാണ് അവർ. ഭർത്താവ് മിക്കപ്പോഴും ഓഫിസ് ടൂറിൽ, മകൾ നിവി ക്രിക്കറ്റർ, മകൻ ജോലിയുടെ തിരക്കിലും. വീട്ടിൽ കാവേരി എന്നൊരു സ്ത്രീയുള്ളത് മിക്കപ്പോഴും മറ്റുള്ളവർ മറന്നു പോകുന്നുമുണ്ട്. ആർക്കും തങ്ങളുടെ വിശേഷം പറയാൻ താൽപ്പര്യമില്ലാത്ത ഒരാൾ എന്നതിനപ്പുറം ഒരു വീട്ടമ്മയ്ക്കു അടയാളപ്പെടൽ ആവശ്യമില്ലല്ലോ. കാവേരിക്ക് കണ്മുന്നിൽ ജീവിക്കുന്ന എത്ര സ്ത്രീകളുടെ മുഖവുമായി സാമ്യം തോന്നിയെന്ന് പറയേണ്ടതില്ലല്ലോ.
മൂന്നാമത്തെയാൾ സുന്ദരിയാണ്. കാവേരിയുടെ ഭർത്താവ് രാജരത്നത്തിന്റെ വയസ്സായ അമ്മ. അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് അയാൾ തന്നെയാണ്. അമ്മയുടെ കാര്യങ്ങൾക്ക് ഒരു കുറവും വരാതെയിരിക്കാൻ അയാൾ ശ്രദ്ധിക്കാറുമുണ്ട്. മരണപ്പെട്ടു പോയ ഭർത്താവിനെ ഓർത്ത് ദുഃഖിച്ചു കിടക്കുന്ന അമ്മയുടെ മുഖം അയാളെ ഇപ്പോഴും അനിവാര്യമായ ആ യാത്രപറച്ചിലും ഓർമിപ്പിക്കാറുണ്ട്. പക്ഷേ സുന്ദരിയുടെ മനസ്സിൽ എന്താണെന്ന് അവർക്കു മാത്രമല്ലേ അറിയൂ!

ഈ മൂന്നു സ്ത്രീകളും കൂടിയാണ് ഒരു രാത്രിയിൽ വീട്ടിലെ മറ്റുള്ളവർ അറിയാതെ നിവിയുടെ സുഹൃത്തിന്റെ മുത്തശ്ശന്റെ കടമെടുത്ത കാറിൽ ഒരു യാത്ര പുറപ്പെടുന്നത്. ഗോവയിലേക്ക് പ്ലാൻ ചെയ്തിറങ്ങിയ യാത്ര പക്ഷേ അവർ പോലുമറിയാതെ വഴി മാറിയൊഴുകുന്നു. സംഗീതം പ്രാണനായിരുന്നു കാവേരിക്ക്. പക്ഷേ വിവാഹം കഴിഞ്ഞു ഇത്രയും വർഷത്തിനുള്ളിൽ അവൾ പാടാൻ മറന്നു പോയിരിക്കുന്നു. അവളുടെ ഉള്ളിലെ ഓർമ്മകളെയും സംഗീതത്തെയും ഒന്നാകെ ആ യാത്ര തൂത്ത് മിനുക്കിയെടുക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു സ്വന്തം വീട്ടിലേയ്ക്ക് പോകാനിറങ്ങിയാൽപ്പോലും തലവേദനയും അസുഖവും അഭിനയിക്കുന്ന ഭർത്താവിന്റെ സ്വഭാവത്തെപ്പോലും സ്നേഹക്കൂടുതൽ എന്ന് തന്നെയാണ് അവൾ കരുതിയിരിക്കുന്നതും.
പക്ഷേ നിവി അങ്ങനെയല്ല. അവൾ പുതിയ തലമുറയിലെ പെൺകുട്ടിയാണ്. പ്രണയത്തിനും ജീവിതത്തിനും വേണ്ടി കരിയർ കളയണോ എന്ന ആശങ്കയെങ്കിലും അവളിൽ കാർത്തിക്ക് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ കണ്ണാടികളിൽ അവൾ പലപ്പോഴും തന്റെ മുഖത്തിന് പകരം അമ്മയുടെ മുഖമാണ് കാണുന്നത്. ‘‘ഇതെന്റെ ഇഷ്ടമായിരുന്നു നിവി, ഇങ്ങനെ നല്ലൊരു ഭാര്യയായി, അമ്മയായി, വീട്ടമ്മയായി ജീവിക്കണമെന്നുള്ളത്. അതെനിക്കിഷ്ടമായിരുന്നു. പക്ഷേ നിനക്കെന്തു വേണമെന്ന് നീ തന്നെ തീരുമാനിക്കണം’’,
കാവേരി നിവിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. സ്വന്തന്ത്ര്യത്തെക്കുറിച്ചോക്കെ സംസാരിക്കുന്നുണ്ടെങ്കിലും വിക്രമിന്റെ അത്ര ഫ്രീ സ്പിരിറ്റ് അല്ല അവൾ.
ഡോക്ടർ ആയ വിക്രം ബൈക്കർ കൂടിയാണ്. യാത്രയുടെ ഇടയിലൊരു സംഗീത കൂട്ടായ്മയിൽ വച്ചാണ് അവർ വിക്രമിനെ കണ്ടെത്തുന്നത്. പലപ്പോഴും നിവിയും വിക്രമും തമ്മിലൊരു രസതന്ത്രം ഉണ്ടായിപ്പോകുമെന്നു തോന്നുമ്പോഴും വിക്രമിനെപ്പോലെയൊരു സർവ തന്ത്ര സ്വതന്ത്ര ആത്മാവിനെ വിനിയുടെ സങ്കൽപ്പങ്ങൾക്ക് ചേരുകയില്ലെന്നു പലപ്പോഴും മനസ്സിലാക്കാനാകും. കാവേരിയുടെ കുലസ്ത്രീയായ സ്ത്രീത്വം പലതരത്തിൽ നിവിയുടെ സ്വഭാവത്തിലുമുണ്ട് എന്ന തിരിച്ചറിവ് കൂടിയാണത്.
കഥയിൽ ഏറ്റവും രസകരമായ കഥാപാത്രം സുന്ദരിയാണ്. ലക്ഷ്മി അഭിനയിക്കുന്ന സുന്ദരിയുടെ വേഷം തികച്ചും മോഡേൺ ആയ ചിന്തകളും സ്വാതന്ത്ര്യ ബോധം വച്ച് പുലർത്തുന്ന കഥാപാത്രവുമാണ്. തനിക്ക് പ്രിയപ്പെട്ട ആരുടെയോ വിലാസവും കയ്യിൽ മുറുകെ പിടിച്ചു കൊണ്ടാണ് അവർ യാത്ര നടത്തുന്നത്. ഒടുവിൽ എത്തിച്ചേരേണ്ടതും ആ വിലാസത്തിലേക്ക് തന്നെ. അതിനിടയിൽ മരണം പോലും തന്നെ കൊണ്ട് പോകില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം. പക്ഷേ അവർക്കു മുന്നിൽ അവിടെയെത്താൻ ഒരുപാട് ദൂരങ്ങളുടെ വ്യത്യാസമുണ്ട്, ഒരുപാട് പ്രശ്ങ്ങളും അവരുടെ കുടുംബവും തന്നെയുണ്ട്. ഇടയ്ക്കിടയ്ക്ക് ചോർന്നു പോകുന്ന മനസ്സും അതിനിടയിൽ വീണു പോകാൻ തയാറായി നിൽക്കുന്ന ശരീരവും എല്ലാം അവരുടെ മനസ്സിനെ പിന്നീട് കൂടുതൽ കരുത്തുറ്റതാക്കി തീർക്കുന്നതേയുള്ളൂ. ലൈംഗികതയെക്കുറിച്ചു പോലും വളരെ വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ മരുമകളോടും കൊച്ചു മകളോടും പറയാൻ അവർക്ക് തടസ്സങ്ങളില്ല. പലപ്പോഴും മരുമകൾ കാതു പൊത്തുമ്പോൾ ‘‘നിന്റെ മുറിയിൽ നിന്നും ഇപ്പോൾ രാത്രിയിൽ ശബ്ദമൊന്നും കേൾക്കാറില്ലല്ലോ’’, എന്ന് പറഞ്ഞു കാവേരിയെക്കൊണ്ട് ചിന്തിപ്പിക്കുണ്ട് സുന്ദരി എന്ന അമ്മ. ആ വാക്കിൽ നിന്ന് തന്നെയായിരിക്കണം കോണ്ടം കാണുമ്പോൾ പോലും മുഖം ചുളിഞ്ഞിരുന്ന കാവേരി യാത്രയ്‌ക്കൊടുവിൽ വീട്ടിലെത്തിയ ശേഷം സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാൻ ചെല്ലുമ്പോൾ കണ്ണുകളിൽ തിളക്കത്തോടെ "ഒരു കോണ്ടം പാക്കറ്റ് വേണം " എന്ന് പറയുന്നതും. ഒന്നോർത്താൽ ആ യാത്ര ഏറ്റവും കൂടുതൽ മാറ്റി മറിച്ചതും കാവേരിയേയും അവരുടെ ചിന്തകളെയുമാണ്.
സ്ത്രീകൾ വച്ച് വിളമ്പിയാൽ മാത്രമേ ഭക്ഷണം കഴിക്കാനാകൂ എന്ന് വിചാരിച്ചിരുന്ന രാജരത്നവും മകൻ ബാലയും ഒടുവിൽ സ്വന്തമായി പാചകം ചെയ്തു കഴിക്കാൻ തുടങ്ങുന്നുണ്ട്. എന്നാൽ അമ്മയെപ്പോലെ തന്നെ അച്ഛനെ പലപ്പോഴും ഒഴിവാക്കി യാത്ര പോകുന്ന മകനെ നോക്കിയിരിക്കുമ്പോൾ തനിക്ക് പിന്നിൽ എല്ലാമൊന്നും പറയാൻ അനുവദിക്കാതെ നിർത്തിയിട്ടു പോകുന്ന കാവേരിയെ അയാൾ ഖേദത്തോടെ ആലോചിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഇനി ഇത്തരത്തിൽ യാത്ര കൊണ്ട് രക്ഷപ്പെടൽ നടത്തുമ്പോൾ ‘‘ഇനി എന്നെയും കൊണ്ട് ഓടി രക്ഷപ്പെട്ടോളൂ’’ എന്ന് കാവേരിയോട് അയാൾ പ്രണയത്തോടെ പറയുന്നത്.
തികഞ്ഞ സ്ത്രീ പക്ഷ ചിന്തകളാണ് ‘സ്വീറ്റ് കരം കോഫി’. സുന്ദരിയും അവർ തിരഞ്ഞു ചെല്ലുന്ന സുഹൃത്തും കാലം കടന്നും ചിന്തിക്കാൻ തക്ക വിധത്തിലുള്ള ഒരു ചർച്ച ഇട്ടു വയ്ക്കുന്നുണ്ട്. ഏതു കാലത്തും സ്വാതന്ത്ര്യത്തിൽ സ്വന്തം കംഫർട്ട് സോണിൽ നിന്ന് സ്ത്രീകൾക്ക് ഇറങ്ങിപ്പോകാൻ ബുദ്ധിമുട്ടു പിടിച്ച അവസ്ഥയുണ്ട്. അതുകൊണ്ടു തന്നെയാണ് വർഷങ്ങൾക്കിപ്പുറം കയ്യിലൊരു വിലാസവും പിടിച്ച് സുന്ദരിക്ക് ആ യാത്ര നടത്തേണ്ടി വരുന്നത് പോലും. എത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചാലും കുടുംബം, കുഞ്ഞുങ്ങൾ എന്നിങ്ങനെയുള്ള ചിന്തകളിൽ നിന്ന് സ്ത്രീകൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നില്ല.
ഇന്ത്യൻ സ്ത്രീകളുടെ നേർസാക്ഷ്യങ്ങൾ തന്നെയാണ് നിവിയിലൂടെയും കാവേരിയിലൂടെയും സുന്ദരിയിലൂടെയും ദേവയിലൂടെയും ബിജോയ് നമ്പ്യാർ പകർത്തിയിരിക്കുന്നത്. പലരുടെയും ഇഷ്ടങ്ങൾ പലതായി തിരിക്കപ്പെട്ടിരിക്കുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും കൃത്യതയുള്ളവരാണ്. വന്നു പോകുന്നവർ പോലും തങ്ങളുടെ കഥാപാത്രത്തെ മിഴിവുറ്റതാക്കുന്നു. യാത്രയിൽ ഇടയ്ക്കു വന്നു കൂടുന്ന വിദേശികളായ റോബർട്ടും ജൂലിയയും അവരുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും വിവാഹം എന്ന ആചാരത്തിലൂടെ കംപാനിയൻഷിപ് എന്ന ആശയത്തെ അവർ സ്വീകരിക്കുന്നു. വിവാഹം എന്നത് അടിമയായി ജീവിക്കാൻ മാത്രമല്ല അതൊരു ഒന്നിച്ചുള്ള യാത്ര പോകൽ തന്നെയാണെന്ന് ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട്, പ്രത്യേകിച്ച് കാവേരി. പൊതുവെ ഇന്ത്യൻ സ്ത്രീകൾക്ക് കാവേരിയെ മനസിലാക്കാൻ പ്രയാസമില്ല. പല പല സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും ഒരു കൂടി ചേരലാണ് ‘സ്വീറ്റ് കരം കോഫി’. മധുരമുള്ള ഈ ചൂട് കാപ്പി കുടിക്കാൻ ആസ്വാദ്യവുമാണ്.