സുദേവ് നായർ സുപ്രധാന വേഷത്തിൽ എത്തുന്ന ഹിന്ദി വെബ് സീരിസ്
Mail This Article
പ്രശസ്ത മോഡലും നടനുമായ സുദേവ് നായർ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ഹിന്ദി വെബ് സീരിസ് ദ് ജെംഗാബുരു കേഴ്സ് ഈ മാസം 9-ന് സോണി ലിവിൽ സ്ട്രീം ചെയ്യും. അയാം കലാം, കഡ്‌വി ഹവാ എന്നീ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത നില മാധബ് പാണ്ഡയുടെ ആദ്യ ഒടിടി സംരംഭമാണ് ഈ സീരിസ്. ഒഡീഷയിലെ അനധികൃത ഖനനത്തിന്റെയും ദുരൂഹ മരണങ്ങളുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെയും കഥയാണ് വെബ് സീരിസ് പറയുന്നത്. കാണാതാകുന്ന തന്റെ അച്ഛനെ തേടിയുള്ള അന്വേഷണത്തിൽ പ്രിയ എന്ന യുവതി കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് കഥയ്ക്ക് ആധാരം.
ഫരിയ അബ്ദുള്ളയാണ് പ്രിയയെ അവതരിപ്പിക്കുന്നത്. സുദേവ് നായർക്ക് പുറമേ നാസർ, മകരന്ദ് ദേശ്പാണ്ടെ , ദീപക് സമ്പത്ത്, ഹിതേഷ് ദവേ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മയാങ്ക് തിവാരിയുടേതാണ് കഥ. 2014 ൽ ഇറങ്ങിയ മൈ ലൈഫ് പാർട്ട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള സുദേവ് നായർ എബ്രഹാമിന്റെ സന്തതികൾ, കായംകുളം കൊച്ചുണ്ണി, ഭീഷ്മപർവം, സി ബി ഐ 5, തുറമുഖം, പത്തൊൻപതാം നൂറ്റാണ്ട് , കൊത്തു തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ബോളിവുഡ് ചിത്രത്തിലും അർജുൻ കപൂറിനോടൊപ്പം പ്രധാന വേഷമാണ് സുദേവ് ചെയ്തിട്ടുള്ളത്.
തെലുങ്കിൽ രവി തേജ, ജൂനിയർ എൻടിആർ, പവൻ കല്യാൺ, നിതിൻ എന്നിവരോടൊപ്പവും, തമിഴിൽ ശശി കുമാറിനോടൊപ്പവും, മലയാളത്തിൽ ഉടൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ ഒരുക്കുന്ന ദിലീപ് ചിത്രത്തിലുമാണ് സുദേവ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.