‘ജയിലറി’ലെ മാത്യൂസ് തരംഗം; അഖിൽ മാരാറിന് മോഹൻലാലിന്റെ മറുപടി
Mail This Article
രജനികാന്ത് ചിത്രം ‘ജയിലർ’ കേരളത്തില്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതും ഈ ആവേശത്തിനൊരു കാരണമായിരുന്നു. രജനി ആരാധകരെയും മോഹൻലാൽ ആരാധകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘ജയിലറെ’ന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് അതിഗംഭീര പ്രതികരണമാണ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ അറിയിച്ച് അഖിൽ മാരാർ അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.
സിനിമയിലെ മോഹൻലാലിന്റെ വേഷം അതിഗംഭീരമായെന്നും അത്യുഗ്രൻ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിനു ലഭിക്കുന്നതെന്നുമാണ് അഖിൽ മാരാർ അദ്ദേഹത്തെ അറിയിച്ചത്. ‘പ്രണാമം’ എന്നായിരുന്നു അഖിലിന്റെ മേസേജിന് മോഹൻലാലിന്റെ മറുപടി. വാട്ടസ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച് അഖിൽ മാരാർ കുറിച്ച വാക്കുകൾ താഴെ.
‘‘ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്...ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ. മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു. അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിന്റെ വായിലേക്ക് പകർന്നതും..
ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..അദ്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ.. അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിന്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിന്റെ ആനന്ദം അനിർവചനീയമാണ്. ലവ് യു ലാലേട്ടാ.’’