18 പ്ലസിലെ തയ്യൽക്കാരി; ‘ബംപർ ചിരിയുടെ’ ശ്രീരജനി; അഭിമുഖം
Mail This Article
ചിരി ഇഷ്ടപ്പെടുന്ന മലയാളികൾക്കിടയിൽ ഒരു മുഖവുര ആവശ്യമില്ലാത്ത മുഖമായിക്കഴിഞ്ഞു ഒരു ചിരി ഇരു ചിരി ബംപർ ചിരിയിലൂടെ ശ്രദ്ധേയരായ അശ്വിനും അമ്മ ശ്രീരജനിയും. ശ്രീരജനി എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം 'അശ്വിന്റെ അമ്മ' എന്ന മേൽവിലാസമാണ്. എന്നാൽ, കോഴിക്കോട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറാണ് ശ്രീരജനി. കഴിഞ്ഞ 24 വർഷമായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്നുണ്ട്. ഷൂട്ടും പരിപാടികളും ഇല്ലെങ്കിൽ പതിവു പോലെ ഓട്ടോയുമായി ശ്രീരജനി നിരത്തിലിറങ്ങും.
കലാലോകത്തേക്കുള്ള ശ്രീരജനിയുടെ എൻട്രി ഒരിക്കലും യാദൃച്ഛികമായിരുന്നില്ല. നടനും കലാസ്വാദകനുമായിരുന്ന അച്ഛൻ ജോൺ കൊത്തമംഗലത്തിൽ നിന്നും നൃത്താധ്യാപികയായിരുന്ന അമ്മയിൽ നിന്നും പകർന്നു കിട്ടിയ അഭിനയവും നൃത്തവും ശ്രീരജനി ഒരിക്കലും വിട്ടു കളഞ്ഞില്ല. അച്ഛന്റെ അകാലമരണം ശ്രീരജനിയുടെ അഭിനയമോഹത്തിന് മങ്ങലുണ്ടാക്കിയെങ്കിലും, സിനിമ തന്നെയായിരുന്നു ശ്രീരജനിയുടെ എപ്പോഴത്തെയും മോഹവും സ്വപ്നവും. ഓട്ടോ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയപ്പോഴും ഇടവേളകളിൽ റിയാലിറ്റി ഷോയിലും വേദികളിലും ശ്രീരജനി സാന്നിധ്യമറിയിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ, ശ്രീരജനിയുടെ സമയം എത്തി. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംപർ ചിരിയിലൂടെ ശ്രീരജനിയും മകൻ അശ്വിനും ക്ലിക്കായി. ഈയടുത്ത് റിലീസായ 18 പ്ലസ് ചിത്രത്തിലെ തയ്യൽക്കാരിയിലൂടെ ടെലിവിഷനിലെ ചിരി തിയറ്ററിലും പടർത്തുകയാണ് ശ്രീരജനി. മനോരമ ഓൺലൈൻ സീ റിയൽ സ്റ്റാറിൽ ശ്രീരജനി മനസു തുറന്നപ്പോൾ.
'18 പ്ലസിലെ ചേച്ചിയല്ലേ?'
ഇന്നാണ് ആ കല്യാണം, ഓട്ടർഷ, വിഡ്ഢികളുടെ മാഷ് തുടങ്ങിയ സിനിമകളിൽ ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ട്. 18 പ്ലസാണ് ഒടുവിൽ റിലീസ് ആയത്. ആ സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ ലഭിച്ചു. ഒരു തയ്യൽക്കാരിയുടെ വേഷമാണ് ഞാൻ അതിൽ അഭിനയിച്ചത്. ഇതുവരെ ബംപർ ചിരിയിലെ ചേച്ചിയെന്നോ അശ്വിന്റെ അമ്മയെന്നോ ഒക്കെയാണ് പലരും എന്നെ വിളിക്കാറുള്ളത്. പക്ഷേ, 18 പ്ലസിനു ശേഷം അതിലൊരു മാറ്റമുണ്ടായി. ആ സിനിമ റിലീസ് ആയതിനു ശേഷം ഒരു ദിവസം ഞാനും അശ്വിനും പിന്നെ 18 പ്ലസിൽ അഭിനയിച്ച ചില സുഹൃത്തുക്കളും കൂടി എറണാകുളത്തു നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്നു. ഏതോ ഒരു സ്റ്റോപ്പിൽ നിന്നു കുറെ കുട്ടികൾ കയറി. അവർ പെട്ടെന്ന് എന്നെ ശ്രദ്ധിച്ചു. '18 പ്ലസിലെ ചേച്ചിയല്ലേ' എന്നു പറഞ്ഞാണ് അവർ വന്നു പരിചയപ്പെട്ടത്. അങ്ങനെയൊരു പരിചയപ്പെടൽ ആദ്യമായിട്ടായിരുന്നു. വളരെ സന്തോഷം തോന്നി.
ഞാനൊരു ഓട്ടോക്കാരി
കഴിഞ്ഞ 24 വർഷമായി ഞാൻ കോഴിക്കോട് ഓട്ടോ ഓടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അവരെ കണ്ടാണ് ഓട്ടോ ഓടിപ്പിച്ചാലോ എന്നൊരു മോഹം തോന്നിയത്. എനിക്ക് ഇഷ്ടമാണെങ്കിൽ പഠിച്ചോളാൻ ഭർത്താവും പറഞ്ഞു. അങ്ങനെ ഡ്രൈവിങ് പഠിച്ചു. പഠിച്ച് ഒരു വർഷത്തിനു ശേഷം ഓട്ടോ എടുത്തു. ലോറിയും ബസും ഓടിപ്പിക്കാനുള്ള ഹെവി ലൈസൻസും എടുത്തിട്ടുണ്ട്. കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഓടിച്ചു പഠിച്ചാൽ ലോകത്തെവിടെയും വാഹനം ഓടിക്കാമെന്നാണ് ഞങ്ങൾ തമാശയായി പറയുക. ഓട്ടോ ഓടിച്ചിട്ട് മികച്ച ഡ്രൈവർക്കുള്ള പുരസ്കാരമൊക്കെ കിട്ടിയിട്ടുണ്ട്. ഇപ്പോഴും എപ്പോഴും എന്റെ കട്ട സപ്പോർട്ട് കോഴിക്കോട്ടെ ഓട്ടോഡ്രൈവർമാരാണ്. ഞങ്ങൾക്ക് സംഘമൊക്കെയുണ്ട്. ഞാനിപ്പോഴും അതിൽ സജീവമാണ്.
അച്ഛന്റെ അപ്രതീക്ഷിത വേർപാട്
സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്തിരുന്ന നടനായിരുന്നു അച്ഛൻ. പേര് ജോൺ കൊത്തമംഗലം. അദ്ദേഹം നാടകങ്ങളും ചെയ്തിട്ടുണ്ട്. സംവിധായകരായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, ഹരിഹരൻ തുടങ്ങിയവരെയൊക്കെ പരിചയപ്പെടുന്നത് അച്ഛനിലൂടെയാണ്. വിനീത് ശ്രീനിവാസനൊക്കെ ചെറിയ കുട്ടിയാണ് അന്ന്. ആ പ്രായത്തിൽ അവരെയൊക്കെ കണ്ടിട്ടുണ്ട്. പപ്പുവേട്ടൻ (കുതിരവട്ടം പപ്പു), മാമുക്ക (മാമുക്കോയ) എന്നിവരുമായും അച്ഛനു നല്ല ബന്ധമുണ്ടായിരുന്നു. അച്ഛൻ വേഗം തന്നെ ഞങ്ങളെ വിട്ടു പോയി. അതിന്റെ ക്ഷീണം ശരിക്കും എന്റെ കലാജീവിതത്തിലുമുണ്ടായി. അച്ഛൻ പോയതോടെ എന്റെ സിനിമാമോഹങ്ങൾ പാതി വഴിയിൽ നിന്നു. എങ്കിലും ഡാൻസും ചെറിയ അഭിനയ പരിപാടികളുമായി ഞാൻ എന്റെ ഇഷ്ടങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
റിയാലിറ്റി ഷോ വഴി സിനിമയിൽ
ആദ്യം പങ്കെടുത്തത് ഒരു സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലാണ്. അന്നെനിക്ക് 30 വയസു കാണും. ഞാനറിയാതെ മക്കളാണ് എനിക്കു വേണ്ടി അതിലേക്ക് അപ്ലൈ ചെയ്തത്. സംവിധായകൻ രാജസേനൻ സാറും നടി രോഹിണിയും ജഡ്‍ജിങ് പാനലിലുണ്ടായിരുന്ന ഷോ ആയിരുന്നു അത്. അതിലെ എന്റെ ഡാൻസ് പ്രോഗ്രാം ഹിറ്റായിരുന്നു. ഏറ്റവും ഹൈപ്പിൽ നിന്ന മത്സരാർഥികളിലൊരാളായിരുന്നു ഞാൻ. കേരളത്തിലുള്ള മൊത്തം ഓട്ടോ ഡ്രൈവർമാർ എനിക്ക് വോട്ട് ചെയ്തു. പക്ഷേ, സാമ്പത്തികപ്രശ്നം കാരണം ആ ഷോയിൽ തുടരാനായില്ല. ഞാൻ ഔട്ടായി. അതിനുശേഷം രാജസേനൻ സർ സംവിധാനം ചെയ്ത 'ഇന്നാണ് ആ കല്യാണം' എന്ന സിനിമയിൽ എനിക്ക് അവസരം തന്നു. അതാണ് എന്റെ ആദ്യ സിനിമ.
അന്ന് അവർ പറഞ്ഞത് സത്യമായി
മഴവിൽ മനോരമയുടെ കോമഡി ഫെസ്‌റ്റിവലിലാണ് പിന്നീട് പങ്കെടുത്തത്. ഓഡിഷനു പോയത് ഞാനും അശ്വിനും കൂടി ആയിരുന്നു. അതിൽ ഞങ്ങൾക്കു സെലക്ഷൻ കിട്ടി. ടീമായി മത്സരിക്കേണ്ട റിയാലിറ്റി ഷോ ആയതിനാൽ ഞങ്ങൾക്കൊരു ടീമിനെ ചാനൽ തന്നെ സെറ്റ് ചെയ്തു തന്നു. സ്ത്രീകളുടെ ഒരു ടീമായിരുന്നു അത്. ടീം ക്യൂൻസ്. അതിൽ പക്ഷേ, അശ്വിനും ഉണ്ടായിരുന്നു. ഞങ്ങൾ ഇത്ര പേരുണ്ടെങ്കിലും സ്ക്രിപ്റ്റ് വരണമെങ്കിൽ അശ്വിൻ ഇടപെടണം. അവൻ അന്ന് പ്ലസ് വണ്ണിന് പഠിക്കുന്ന സമയമാണ്. പഠിപ്പൊക്കെ നിറുത്തി അശ്വിൻ എനിക്കൊപ്പം പോന്നു. അശ്വിന്റെ പെർഫോർമൻസ് അന്നേ സംവിധായകൻ സിദ്ദിഖും നടൻ സുരാജ് വെഞ്ഞാറമൂടുമൊക്കെ ശ്രദ്ധിച്ചിരുന്നു. അശ്വിന്റെ കഴിവ് ലോകം അംഗീകരിക്കുന്ന ദിവസം വരുമെന്ന് അന്ന് അവർ പറഞ്ഞത് ഇപ്പോൾ സത്യമായി. അവനിലൂടെയാണ് ഞാൻ ഇപ്പോൾ അറിയപ്പെടുന്നത്. ഒരു ചിരി ഇരു ചിരി ബംപർ ചിരി അതിനൊരു വേദിയൊരുക്കി.
കോമഡിക്ക് നോ പ്രായം
സ്കിറ്റ് ചെയ്യുമ്പോൾ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ സ്വയം പരിമിതപ്പെടുത്താറില്ല. അമ്മയും മകനുമാണെന്നു കരുതി ഒരു വേഷവും വേണ്ടെന്നു വച്ചിട്ടില്ല. ഭാര്യയായും ചേച്ചിയായും കാമുകിയായിട്ടുമൊക്കെ അശ്വിനൊപ്പം ഞാൻ അഭിനയിക്കാറുണ്ട്. പലരും ഞങ്ങളെ കാണുമ്പോൾ ചോദിക്കും, 'ശരിക്കും അശ്വിന്റെ അമ്മ തന്നെ ആണോ' എന്ന്. സത്യത്തിൽ 'അശ്വിന്റെ അമ്മ' എന്നൊരു ലേബലിലാണ് ഇപ്പോൾ പ്രേക്ഷകർക്ക് എന്നെ പരിചയം. അധികമാളുകൾക്കും എന്റെ പേര് അറിയില്ല. അശ്വിന്റെ അമ്മയല്ലേ എന്നു ചോദിച്ചാണ് പലരും പരിചയപ്പെടാൻ വരിക. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. സിനിമയിലും എന്നെ പരിചയപ്പെടുത്തത് അശ്വിന്റെ അമ്മ എന്നു പറഞ്ഞാണ്. ഞങ്ങൾ അമ്മയും മകനും ഒരു കോമഡി വേദിയിൽ വന്നു കയ്യടി നേടുന്നതു പലർക്കും പ്രചോദനമാണെന്നു പറയാറുണ്ട്. പ്രത്യേകിച്ചും അമ്മമാർ! ഞങ്ങൾക്കു ശേഷം ഒരുപാടും അമ്മയും മക്കളും വന്നു. പലരും അവരുടെ സങ്കടങ്ങൾ മറക്കുന്നതിന് ഞങ്ങളുടെ വിഡിയോ എടുത്തു കാണാറുണ്ട്. വലിയ സന്തോഷമാണ് ഇതെല്ലാം.
സിനിമയാണ് ആഗ്രഹം, എന്നും എപ്പോഴും
അശ്വിനോടു ഞാൻ ചാൻസ് ചോദിക്കാറുണ്ട്. ഞാനെന്തിനു മടി കാണിക്കണം? ഞാൻ ജനിച്ചതേ അഭിനയം എന്നു വിചാരിച്ചുകൊണ്ടാണ്. വളരെ ചെറുപ്പത്തിലെ ജയഭാരതി ചേച്ചിയെപ്പോലെ ഒരുങ്ങി അവർ അഭിനയിച്ച പാട്ടു സീനുകൾ ഞാൻ വീട്ടിൽ അഭിനയിച്ചു നടക്കാറുണ്ടായിരുന്നു. ബേബി സുമതി, ബേബി അഞ്ജു എന്നിവരെയൊക്കെ സിനിമയിൽ കാണുമ്പോൾ ഞാൻ ഉറ്റുനോക്കിക്കൊണ്ടിരിക്കും. അവരെപ്പോലെ എന്നാണ് സിനിമയിൽ വരാൻ സാധിക്കുക എന്ന് ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അത്ര ചെറുപ്പത്തിലുള്ള ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. ഇപ്പോൾ സിനിമകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. ജയേഷിന്റെ ഒരു ജാതി ജാതകം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. അശ്വിനും അതിൽ അഭിനയിക്കുന്നുണ്ട്.