ADVERTISEMENT

സീരിയൽ സംവിധായകൻ ആദിത്യന് ആദരാഞ്ജലികൾ നേർന്ന് കുറിപ്പു പങ്കുവച്ച് നടി ഗോപിക അനിൽ. ആദിത്യൻ സംവിധാനം ചെയ്ത സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപത്രത്തിലൂടെ ഗോപിക കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. ഗോപിക അനിൽ എന്ന തന്നെ ഇത്രയും ജനകീയയാക്കി മാറ്റിയത് ആദിത്യനാണെന്ന് ഗോപിക പറയുന്നു. ആയിരം എപ്പിസോഡുകൾ കഴിഞ്ഞിട്ടും റേറ്റിങ് ഒട്ടും കുറയാതെ ഇത്തരമൊരു മികച്ച സീരിയൽ ചെയ്യാൻ ആദിത്യനെപ്പോലെ ഒരു സംവിധായകന് മാത്രമേ കഴിയൂ. അവസാനമായി ആ സെറ്റിൽനിന്നു പിരിയുമ്പോൾ ഒരു നിമിത്തം എന്നപോലെ ആശംസകൾ തന്നാണ് ആദിത്യൻ യാത്രപറഞ്ഞതെന്നും അത് അവസാനത്തെ ആശംസയാണെന്ന് അറിഞ്ഞില്ലെന്നും ഗോപിക പറയുന്നു. 

‘‘ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്. അദ്ദേഹം പലപ്പോഴും സെറ്റിൽ  സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അദ്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിങ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്‌ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല.

അവസാനമായി ആ സെറ്റിൽനിന്നു തിരിച്ചു വരുമ്പോൾ, എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത്. പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർഥനയോടെ.’’ ഗോപിക കുറിച്ചു. 

അന്തരിച്ച ആദിത്യന് നാൽപത്തിയേഴ് വയസ്സായിരുന്നു. കൊല്ലം അഞ്ചൽ താടിക്കാട് സ്വദേശിയായ ആദിത്യൻ തിരുവനന്തപുരത്ത് പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

English Summary:

Gopika Anil remembering director Adityan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT