ADVERTISEMENT

മിമിക്രി, ചലച്ചിത്ര താരം ബിനു അടിമാലി തന്നെ ആക്രമിക്കുകയും ക്യാമറ തകർക്കുകയും ചെയ്തെന്ന ഫൊട്ടോഗ്രഫറും ബിനുവിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരു‌മായ ജിനേഷിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് നടൻ ബിനു അടിമാലി.  ജിനേഷിനെ ഒരിക്കൽപോലും താൻ ഉപദ്രവിച്ചിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നും ബിനു അടിമാലി പറഞ്ഞു. ബിനു തന്നെ റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി ക്യാമറ തല്ലിത്തകർക്കുകയും മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു  ജിനേഷിന്റെ ആരോപണം.  അന്തരിച്ച മിമിക്രി താരം സുധിയുടെ വീട്ടിൽ പോയ‍ത് ജിനേഷ് പറഞ്ഞിട്ടാണെന്നും അതിന്റെ വിഡിയോ എടുത്തു പ്രചരിപ്പിക്കരുതെന്ന് താൻ പറഞ്ഞിട്ടും ജിനേഷ് വിഡിയോ യൂട്യൂബ് ചാനലിൽ ഇടുകയായിരുന്നുവെന്നും ബിനു പറയുന്നു. ജിനേഷിനു ഗൂഗിൾ പേ വഴി പണം നൽകിയതിന്റെ തെളിവ് ഉൾപ്പെടെയാണ് ബിനുവിന്റെ മറുപടി.

‘‘ജീവിതത്തില്‍ പണ്ടു മുതലേ കൂടെയുള്ള കൂട്ടുകാരോടൊപ്പമാണ് ഞാൻ ഇന്നും മിമിക്രി ചെയ്യുന്നത്. കൂടുതൽ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു എന്ന് കരുതി ഇതുവരെ എന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. എനിക്കെതിരെ രംഗത്ത് വന്നിട്ടുള്ള വ്യക്തി പല ചാനലിലും പലതാണ് പറയുന്നത്. ചില വിഡിയോയിൽ പറയുന്നത് ഞാൻ എടുത്തെറിഞ്ഞു എന്ന്, മറ്റു ചിലതിൽ പറയുന്നത് ഞാൻ ചവിട്ടിക്കൂട്ടി എന്ന്. ഈ വാർത്തകൾ ഒന്നും ഞാൻ നേരിട്ടു കേൾക്കാൻ പോയില്ല, കാരണം കേട്ടാൽ ഞാൻ തകർന്നു പോകും. ഇതൊന്നും ഞാൻ ചെയ്ത കാര്യമല്ല.  

ഒരു റിയാലിറ്റി ഷോയുടെ സ്റ്റേജിൽ വച്ചാണ് ഈ വ്യക്തിയെ ആദ്യമായി കാണുന്നത്. ആ വ്യക്തി എന്റെ അടുത്ത് വന്നു പറഞ്ഞു, ‘‘ബിനു ചേട്ടന് സോഷ്യൽ മീഡിയ പേജിലൊന്നും ഫോട്ടോ ഇടാൻ അറിയില്ലല്ലോ. അത് നമുക്ക് ചെയ്യാം’’ എന്ന്. കക്ഷി ഒരു ഫൊട്ടോഗ്രഫർ ആണ്. ഞാൻ പറഞ്ഞു, ‘‘നമുക്ക് ചെയ്യാം.’’ അദ്ദേഹത്തിനു ഫോട്ടോ ഇടാൻ റീച്ച് ഉള്ള ഒരു പേജ് വേണം. പിന്നീട് എന്നോടു ചോദിച്ചു, ‘‘ചേട്ടൻ ഈ പേജ് കൊടുക്കുന്നുണ്ടോ?’’. എന്തിനാണ് ഞാൻ എന്റെ പേജ് കൊടുക്കുന്നത്. ഇല്ല, കൊടുക്കുന്നില്ലെന്നു പറഞ്ഞു. അദ്ദേഹം പല പ്രാവശ്യം ഇതുതന്നെ ചോദിച്ചു. 

പിന്നീട് എന്റെ പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭം ഉണ്ടായി, എന്നോട് ചോദിക്കാതെ എന്റെ പാസ്‌വേഡ് മാറ്റുക ഒക്കെ ചെയ്തു. ഒരു ദിവസം ഫോട്ടോ ഇടാൻ എനിക്ക് പേജ് കിട്ടുന്നില്ല. ഞാൻ ഒരു ട്രിപ്പ് പോകുമ്പോൾ കൂട്ടുകാരൊക്കെ ഫോട്ടോ ഇടും, പക്ഷേ എന്റെ പേജിൽ എനിക്ക് ഫോട്ടോ ഇടാൻ പറ്റുന്നില്ല. ഞാൻ ഇദ്ദേഹത്തെ വിളിച്ചു ചോദിക്കുമ്പോൾ പറയും പാസ്‌വേഡ് മാറ്റിയിട്ടുണ്ടെന്ന്. എന്താണ് മാറ്റിയത് എന്ന് ചോദിച്ചാൽ ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതുകൊണ്ടാണ് എന്നാണ് പറയുക. എന്റെ പേജ് മിസ് യൂസ് ചെയ്യുന്നു എന്നറിഞ്ഞ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി എനിക്കെതിരെ നിരന്തരം വ്യക്തിഹത്യ വരാറുണ്ട്. പണം വന്നപ്പോൾ എനിക്ക് അഹങ്കാരം കൂടി എന്നൊക്കെയാണ് പലരും പറയുന്നത്. എന്റെ വീട് വിറ്റിട്ടിരിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ. മകന് പഠിക്കാനും മറ്റും ലോൺ എടുത്തിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി ബിനു അടിമാലിയെ വ്യക്തിഹത്യ ചെയ്യില്ല, എന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഈ വ്യക്തി എഴുതി ഒപ്പു വച്ചിട്ട് പോയതാണ്. 

Read more at: കോടികളുടെ വീട്, ലിവിങ് ടുഗതർ: ഗോസിപ്പുകൾക്കു മറുപടിയുമായി വരദ


പലപ്പോഴായി ഈ വ്യക്തി എന്റെ കയ്യിൽനിന്നു പണം കടം വാങ്ങിയതിന്റെ തെളിവ് എന്റെ ഫോണിൽ ഉണ്ട്. തിരിച്ചു തന്നിട്ടില്ല, തന്നെങ്കിൽ അതിന്റെ തെളിവും ഫോണിൽ ഉണ്ടായേനെ. പെട്ടെന്ന് വിളിച്ച് പണം വേണമെന്ന് പറയുമ്പോൾ അതൊക്കെ അയച്ചു കൊടുക്കാറുണ്ട്. ഒരിക്കൽ പാലായിൽ ബേക്കറി ഉദ്ഘാടനത്തിന് ഇയാൾ വിളിച്ചു, ബേക്കറി ഇയാളുടെ തന്നെയാെണന്നു പറഞ്ഞാണ് വിളിച്ചത്. പിന്നീട് ഞാൻ അറിഞ്ഞത് ബേക്കറിക്കാരുമായി ഇയാൾക്ക് ടൈ അപ്പ് ഉണ്ടെന്നാണ്, അവരുടെ കയ്യിൽനിന്ന് പണം വാങ്ങിയോ എന്നും അറിയില്ല, അതൊക്കെ ഞാൻ കണ്ണടച്ചിട്ടുണ്ട്. നമ്മുടെ പേജിൽ പരസ്യം ഇട്ടാൽ പണം കിട്ടും, പക്ഷേ പരസ്യം കൊടുക്കുന്നവരുടെ കയ്യിൽനിന്നു പണം വാങ്ങുന്നുണ്ടോ എന്നൊന്നും ഞാൻ അറിയുന്നില്ല. 

സുധിയുടെ വീട്ടിൽ പോയില്ലെങ്കിൽ നമ്മുടെ മാർക്കറ്റിങ്ങിനെ അത് ബാധിക്കുമെന്ന് ഇദ്ദേഹമാണ് എന്നോടു പറഞ്ഞത്. വിഡിയോ എടുത്ത് നമ്മുടെ പേജിൽ ഇടണമെന്നും അയാൾ പറഞ്ഞു. ഞാൻ പറഞ്ഞു, ‘‘അങ്ങനെ ഒരു വരുമാനം നമുക്ക് വേണ്ട’’. ഞാൻ ഇരിക്കേണ്ട സീറ്റിൽ അവൻ ഇരുന്നിട്ട് എനിക്ക് പകരക്കാരനായി മരിച്ചു പോയ കൂട്ടുകാരനാണ് സുധി. ഇതൊന്നും ഇട്ടു വരുമാനം ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ് സുധിയുടെ മരണം. ഇവൻ ഞങ്ങളുടെ കൂടെ വന്ന് അതിന്റെ മുഴുവൻ വിഡിയോ എടുത്ത് മറ്റൊരു ചാനലിൽ ഇട്ടു. ഇത് അഷറഫ് കോട്ടപ്പുറം എന്ന എന്റെ സുഹൃത്താണ് എന്നെ കാണിച്ചു തന്നത്. ഞാൻ ജിനീഷിനെ വിളിച്ചപ്പോൾ ജിനീഷ് പറഞ്ഞു, ഇത് അഷറഫ് ചെയ്തതാണ് എന്ന്. അങ്ങനെ ഒക്കെ ഒരുപാട് പ്രശ്നങ്ങൾ ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. കൂടെ നിൽക്കുന്നവരെ വിശ്വസിച്ച് എട്ടു നിലയിൽ പണി കിട്ടിയിട്ടുള്ള ആളാണ് ഞാൻ. എന്റെ ജീവിതത്തിന്റെ ചരിത്രം തന്നെ അങ്ങനെയാണ്. ഞാൻ ഒന്നിനോടും പ്രതികരിക്കാൻ പോകാറില്ല. സോഷ്യൽ മീഡിയയിൽ എന്തുമാത്രം കമന്റാണ് വരുന്നത്. എന്റെ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ്. ഇപ്പോൾ താമസിക്കുന്നത് വാടകയ്ക്കാണ്. എന്റെ മകൾ നിത്യരോഗി ആണ്.

ഞാനും കൂടി നിൽക്കുമ്പോഴാണ് പാലാരിവട്ടം സ്റ്റേഷനിൽ എന്നെ തല്ലി എന്ന പരാതിയുമായി ഇയാൾ വരുന്നത്. എസ്ഐ സാർ ചോദിച്ചു മെഡിക്കൽ റിപ്പോർട്ട് തരൂ എന്ന്. പറഞ്ഞു വാങ്ങിയ ഒരു വേദന സംഹാരി അല്ലാതെ ഒന്നും കാണിക്കാൻ അയാൾക്ക് ഉണ്ടായിരുന്നില്ല. ഞാൻ അടിച്ചതിന്റെ തെളിവോ പാടുകളോ ഒന്നും കാണിക്കാൻ ഇല്ല, ക്യാമറ തല്ലിപ്പൊളിച്ചു എന്നാണ് മറ്റൊരു ആരോപണം. ക്യാമറയുടെ മുന്നിൽ നിന്ന് ജോലി ചെയ്തു അരി വാങ്ങുന്നവൻ ആണ് ഞാൻ. ആ ക്യാമറയെ ഞാൻ ഒരിക്കലും തകർക്കില്ല, ഞാൻ അത് ചെയ്തിട്ടുമില്ല. തല്ലിപ്പൊളിച്ചു എന്ന് പറഞ്ഞ ക്യാമറ തന്നെ, എനിക്ക് ജോലി ഉണ്ട്, അരി വാങ്ങാൻ ഉള്ളതാണ് എന്നു പറഞ്ഞിട്ട് അന്നുതന്നെ അയാൾ സ്റ്റേഷനിൽ നിന്നു വാങ്ങിക്കൊണ്ടുപോയി. 

ഇക്കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി ആർക്കും അന്വേഷിക്കാവുന്നതാണ്. ആ ക്യാമറയുമായി അന്നുമുതൽ അവൻ വർക്ക് ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് സംഭവിച്ചത്. ഞാൻ ഒൻപത് ലക്ഷം രൂപ അയാൾക്കു കൊടുക്കണം എന്നാണ് എന്നോടു പറഞ്ഞത്, അത് കൊടുക്കാൻ എനിക്ക് നിവൃത്തിയില്ല. ഇക്കാര്യം പറഞ്ഞ് ഒരുപാട് പേര് വിളിക്കുന്നുണ്ട്. എന്നെ വിളിച്ചിട്ട് കോംപ്രമൈസ് ചെയ്യൂ എന്നാണ് പറയുന്നത്. ഈ കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ മകൾക്ക് സുഖമില്ലാത്തതാണ്, ആ മകളാണ് എന്റെ തീരാദുഃഖം, ആ മകളുടെ തലയിൽ കൈവച്ച് ഞാൻ പറയുകയാണ്, ജിനീഷ് എന്ന വ്യക്തിയെ ഞാൻ തല്ലിയിട്ടില്ല, അവന്റെ ക്യാമറ ഞാൻ തല്ലിപ്പൊളിച്ചിട്ടും ഇല്ല. എന്റെ ഈ ആയുസ്സ് എന്റെ മക്കൾക്ക് വേണ്ടിയുള്ളതാണ് അവളെത്തൊട്ട് ഞാൻ കള്ളം പറയില്ല, അതിനപ്പുറത്ത് എനിക്കൊരു സത്യം ഇല്ല. യൂട്യൂബിൽനിന്ന് എന്തെങ്കിലും വരുമാനം കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഷെയർ കൊടുത്തിട്ടുണ്ട് വർക്കിന്‌ പോകുമ്പോൾ ഉള്ള ചെലവെല്ലാം കൊടുത്തിട്ടുണ്ട്. ഇതാണ് എനിക്ക് പറയാനുള്ളത്.’’–ബിനു അടിമാലി പറഞ്ഞു. 

ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ജിനേഷ് രംഗത്തെത്തിയത്. ഫെയ്സ്ബുക് പേജ് ജിനേഷ് ഹാക്ക് ചെയ്തു എന്നാരോപിച്ച് റിയാലിറ്റി ഷോയുടെ സെറ്റിൽ വിളിച്ചു വരുത്തി, അടച്ചിട്ടിരുന്ന വാതിൽ ചവിട്ടിപൊളിച്ച് കയറി ബിനു അടിമാലി ദേഹോപദ്രവം ഏൽപ്പിക്കുകയും ക്യാമറ തല്ലിപൊളിക്കുകയും ചെയ്തതെന്നായിരുന്നു ആരോപണം. പൊളിഞ്ഞ വാതിലിന്റെ വിഡിയോ അടക്കമുള്ള രേഖകൾ ജിനേഷ് ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. വിഡിയോയുടെ അവസാനം ബിനു അടിമാലിയുടെ ഭീഷണി വോയ്സ് മെസേജും ഉൾപ്പെടുത്തിയിരുന്നു. ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് തമാശകളും ദ്വയാർഥ പ്രയോഗങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലടക്കം വിമർശിക്കപ്പെട്ടിട്ടുണ്ട്. അതുമാറി സഹതാപം ലഭിക്കാൻ വേണ്ടിയാണ് കൊല്ലം സുധിയുടെയും മഹേഷ് കുഞ്ഞുമോന്റെയും വീടുകൾ സന്ദർശിക്കുന്ന വിഡിയോകൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തന്നെ നിർബന്ധിച്ചതെന്നും ജിനേഷ് ആരോപിച്ചിരുന്നു.

English Summary:

Binu Adimali finally reacted to photographer Jineesh issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com