ഇത് നമ്മുടെ ‘പട്ടാളം’ അല്ലേ?; മിനിസ്ക്രീനിൽ നിന്ന് ടെസയുടെ ‘തലവൻ’ എൻട്രി

Mail This Article
മിനിസ്ക്രീനിൽ നിന്ന് വീണ്ടും സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി ടെസ ജോസഫ്. ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രത്തിലൂടെയാണ് ടെസയുടെ മടങ്ങി വരവ്. പട്ടാളം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ടെസ, പിന്നീട് ചലച്ചിത്രമേഖലയിൽ നിന്നും ദീർഘമായ ഇടവേള എടുക്കുകയായിരുന്നു.ഏറെ ശ്രദ്ധ നേടിയ ചക്കപ്പഴം സീരിയലിലാണ് പിന്നീട് പ്രേക്ഷകർ ടെസയെ കണ്ടത്. ചക്കപ്പഴത്തിലെ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രം ജനകീയമാവുകയും ചെയ്തു. തലവൻ എന്ന സിനിമയിൽ 'രേഷ്മ' എന്ന കഥാപാത്രത്തെയാണ് ടെസ അവതരിപ്പിച്ചത്. അഭിനയവിശേഷങ്ങളുമായി ടെസ ജോസഫ് മനോരമ ഓൺലൈനിൽ.
തലവനിലെ ഓപ്പണിങ് സീൻ
ജിസ് ജോയ്, ബിജു മേനോൻ, ആസിഫ് അലി, ദിലീഷ് പോത്തൻ എന്നിവർ ഒരുമിക്കുന്ന പ്രൊജക്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മാത്രമല്ല, സിനിമയുടെ ഓപ്പണിങ് സീനിൽ തന്നെയുള്ള കഥാപാത്രമാണ്. വളരെ നല്ല രീതിയിൽ ജിസ് ആ കഥാപാത്രത്തെ ചിത്രീകരിച്ചിട്ടുമുണ്ട്. ചെറിയ കഥാപാത്രമാണെങ്കിലും പ്രേക്ഷകർക്ക് കണക്ട് ആകുന്ന വേഷമാണ്. അതിൽ വലിയ സന്തോഷമുണ്ട്. 20 വർഷങ്ങളായി എനിക്ക് അറിയുന്ന സുഹൃത്താണ് ജിസ് ജോയ്. ഞാൻ നാട്ടിലുണ്ടെന്നും അഭിനയിക്കുന്നുണ്ടെന്നും ജിസിന് അറിയാമായിരുന്നു. അങ്ങനെയാണ് എന്നെ തലവനിലേക്ക് വിളിക്കുന്നത്.
ഒറ്റ ദിവസത്തെ ഷൂട്ട്
ഒരു ദിവസത്തെ ഷൂട്ടായിരുന്നു എനിക്കുണ്ടായിരുന്നത്. ദിലീഷ് പോത്തനുമായിട്ടായിരുന്നു കോംബിനേഷൻ. സെറ്റിൽ എല്ലാവരും പരിചയപ്പെടുമ്പോൾ പട്ടാളം റഫറൻസാണ് പറയുക. പട്ടാളത്തിൽ അഭിനയിച്ചതാണെന്നു പറയുമ്പോൾ പെട്ടെന്നു തിരിച്ചറിയും. 22 വർഷമായല്ലോ ഇപ്പോൾ. അതിന്റെ വ്യത്യാസങ്ങൾ കാഴ്ചയിലുണ്ട്. ആ റഫറൻസ് പറയുമ്പോഴാണ് ആളുകൾ സ്നേഹത്തോടെ തിരിച്ചറിയുന്നത്. ആ സിനിമയിലെ പാട്ടുകൾ ഇപ്പോഴും ടിവിയിൽ വരാറുള്ളതുകൊണ്ട് ആളുകൾ മറന്നിട്ടില്ല.

ഇത് നമ്മുടെ 'പട്ടാളം' അല്ലേ?
ചക്കപ്പഴത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെ പ്രേക്ഷകർ വീണ്ടും തിരിച്ചറിയുന്നുണ്ട്. അതിൽ എന്റെ ലുക്ക് കുറച്ചു മാറ്റിയാണ് ചെയ്തിരിക്കുന്നത്. ഒരു അമ്മ കഥാപാത്രം ആയതുകൊണ്ട് ആ രീതിയിലാണ് മേക്കപ്പും ലുക്കും സെറ്റ് ചെയ്തിരിക്കുന്നത്. പലരും ആ വേഷം കാണുമ്പോൾ പറയും, എവിടെയോ കണ്ടിട്ടുണ്ടല്ലോ, മുഖം നല്ല പരിചയം എന്നൊക്കെ. പിന്നെ, എന്റെ റിയൽ ലുക്ക് കാണുമ്പോഴാണ് പറയുക. ഇത് നമ്മുടെ 'പട്ടാളം' അല്ലേ എന്ന്! എന്തായാലും പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്കു മുൻപിൽ വരാൻ കഴിയുന്നതിൽ സന്തോഷം.

സിനിമയോടുള്ള ഇഷ്ടം എന്നുമുണ്ട്. ഇനി സിനിമയിൽ നല്ല വേഷങ്ങൾ വന്നാൽ ചെയ്യാൻ താൽപര്യവും ഉണ്ട്. ഭർത്താവും കുട്ടികളും അബുദാബിയിലാണ് താമസം. മാതാപിതാക്കൾ കൊച്ചിയിലുണ്ട്. പ്രൊജക്ടുകൾ വരുമ്പോൾ ഞാൻ നാട്ടിലേക്കു വരും.

അബുദാബി–കൊച്ചി സ്ഥിരം യാത്രകൾ തന്നെ. വർക്കുകൾ ഉള്ളപ്പോൾ നാട്ടിൽ വരും. ബ്രേക്ക് ഉള്ളപ്പോൾ അബുദാബിയിലേക്ക് പോകും. കുടുംബവും ജോലിയുമെല്ലാം ബാലൻസ് ചെയ്തു പോകുകയാണ്.