അമ്മയുടെ ആഗ്രഹപ്രകാരം 23ാം വയസ്സില് കല്യാണം, പെണ്ണു കണ്ടത് ചാനലിലൂടെ: ടെസ അഭിമുഖം

Mail This Article
ഒരൊറ്റ കഥാപാത്രത്തിലൂടെ എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുക, അധികമാർക്കും കിട്ടാത്ത അത്തരമൊരു ഭാഗ്യം ലഭിച്ചയാളാണ് പട്ടാളത്തിലെ വിമല. കോട്ടയം സ്വദേശി ടെസ ജോസഫാണ് മമ്മൂട്ടിയുടെ നായിക വിമലയായെത്തിയത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും അഭിനയത്തിൽ നീണ്ട ഇടവേളയെടുത്ത് മാറി നിന്ന ടെസ പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തുന്നത്. രാജമ്മ അറ്റ് യാഹു, മറുപടി, ഗോൾഡ് കോയിൻസ് എന്നീ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഇതിനിടെ ‘ചക്കപ്പഴം’ എന്ന സീരിയലിൽ ലളിതാമ്മയായി എത്തി ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലും ടെസ ശ്രദ്ധനേടി. ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘തലവൻ’ എന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ റോളിലൂടെ ബിഗ് സ്ക്രീനിൽ വീണ്ടും സജീവമാകുകയാണ് താരം.
അഭിനയം നിർത്താൻ കാരണം
ചാനൽ അവതാരകയായി പ്രവർത്തിക്കുമ്പോഴായിരുന്നു നായികയായി അഭിനയിക്കുമോ എന്നു ചോദിച്ച് ലാൽ ജോസ് സർ വിളിക്കുന്നത്. വീട്ടിൽ വിളിച്ചാണ് സംസാരിച്ചത്. സിനിമാ അഭിനയം അമ്മയ്ക്കു താൽപര്യമില്ലായിരുന്നു. ഒടുവിൽ ഒരൊറ്റ സിനിമയിൽ മാത്രം അഭിനയിക്കാം എന്ന കണ്ടീഷനിലാണ് പട്ടാളത്തിൽ നായികയാകുന്നത്. മമ്മൂക്കയെ നേരത്തെ പരിചയം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ ടെൻഷൻ ഉണ്ടായിരുന്നില്ല. സിനിമയിൽ ചില സീനുകളൊക്കെ ചീറ്റ് ചെയ്ത് എടുക്കുന്നതാണ്. അത് നേരത്തെ അറിയില്ലായിരുന്നു. ഉദാഹരണത്തിന് ഫൈറ്റ് സീൻ ചെയ്യുമ്പോൾ സ്റ്റണ്ട് മാസ്റ്റർ കയ്യിൽ പാന്റും ഷൂസും ഇട്ട് മുഖത്ത് ഇടിക്കുന്നത് കണ്ടു.

പിന്നീടാണ് കാലുകൊണ്ട് മുഖത്ത് ചവിട്ടുന്ന സീനിനുവേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് മനസിലായത്. അതുപോലെ തന്നെയാണ് സിനിമയിലെ പട്ടാള ക്യാമ്പും വിമലയുടെ വീടും സെറ്റിട്ടിരിക്കുന്നത്. സിനിമയിൽ കാണുമ്പോൾ രണ്ടും അടുത്തടുത്താണ്. പക്ഷേ യഥാർഥത്തിൽ ക്യാമ്പ് മറയുരും വീട് പാലക്കാടുമായിരുന്നു. ഇത്തരത്തിൽ ഒരുപാട് വിദ്യകളുണ്ട് സിനിമയിൽ. എനിക്ക് അതൊക്കെ പുതിയ അനുഭവമായിരുന്നു

മുടങ്ങാതെ മെസ്സേജ് അയയ്ക്കുന്ന മമ്മൂക്ക
ഒരു സിനിമയിൽ മാത്രമെ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളു, പക്ഷേ മമ്മൂക്കയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. എപ്പോൾ വിളിച്ചാലും മമ്മൂക്ക ഫോൺ എടുക്കും. എടുക്കാൻ പറ്റിയില്ലെങ്കിൽ അദ്ദേഹം തിരിച്ചു വിളിക്കും. എല്ലാവർഷവും മാർച്ച് 8ന് വനിതാ ദിനാശംസകൾ അറിയിച്ചുകൊണ്ട് മമ്മൂക്ക മെസ്സേജ് അയയ്ക്കാറുണ്ട്. ഇന്നു വരെ അത് മുടങ്ങിയിട്ടില്ല. മമ്മൂക്കയുടെ എല്ലാപിറന്നാളിനും ഞാനും അശംസകൾ അയയ്ക്കാറുണ്ട്.

‘സിനിമയിൽ അഭിനയിച്ചാൽ കല്യാണം നടക്കില്ല’
എന്നെ നന്നായി പഠിപ്പിക്കണമെന്നും ഇരുപത്തി മൂന്നാമത്തെ വയസ്സിൽ വിവാഹം കഴിപ്പിക്കണമെന്നും അമ്മ നേരത്തെ പ്ലാൻ ചെയ്തു വച്ചതാണ്. സിനിമയിൽ അഭിനയിച്ചാൽ എന്റെ കല്യാണം നടക്കാതിരിക്കുമോ എന്നുള്ള പേടിയായിരുന്നു അമ്മയ്ക്ക്. ഇന്നത്തെ പോലെയായിരുന്നില്ല പണ്ട്. സിനിമയിൽ അഭിനയിക്കുന്നവരെക്കുറിച്ച് അധികമൊന്നും ആളുകൾക്ക് അറിയില്ല. അതുകൊണ്ടാണ് പട്ടാളത്തിന് ശേഷം കുറേക്കാലം അഭിനയിക്കാതിരുന്നത്.

ഒടുവിൽ അമ്മയുടെ ആഗ്രഹം പോലെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കല്യാണം കഴിച്ചു. ഡൽഹിയിൽ ജനിച്ചു വളർന്നയാളാണ് ഭർത്താവ്. അദ്ദേഹം എന്റെ സിനിമയൊന്നും കണ്ടിട്ടില്ല.

ഞാനൊരു ചാനലിൽ അവതാരകയായി ജോലി ചെയ്യുമ്പോഴായിരുന്നു കല്യാണാലോചന വന്നത്. അന്ന് എന്നെ പെണ്ണു കണ്ടത് ചാനൽ വഴിയായിരുന്നു. വിവാഹശേഷം അബുദാബിയിൽ സെറ്റിലായി. ഭർത്താവും മക്കളുമായി അവിടെയാണിപ്പോൾ. വർക്കുള്ളപ്പോൾ മാത്രം നാട്ടിലേയ്ക്കു വരും.

ചോര കൊണ്ടെഴുതിയ പ്രണയ ലേഖനം
ഇന്നത്തെ പോലെ കുറേ അവതാരകരൊന്നും പണ്ട് ചാനലുകളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആളുകൾക്ക് പ്രത്യേക സ്നേഹമായിരുന്നു. സ്നേഹവും പ്രണയവുമൊക്കെ പറഞ്ഞ് ചാനൽ ഓഫിസിലേക്ക് വലിയ കാർഡ്ബോഡ് പെട്ടിയിൽ കത്തുകൾ വരുമായിരുന്നു. എല്ലാമൊന്നും വായിച്ചു നോക്കാൻ പറ്റാറില്ല. അന്നൊരാൾ ചോര കൊണ്ടെഴുതി അയച്ച കത്ത് കുറേക്കാലം സൂക്ഷിച്ചു വച്ചിരുന്നു. കോളജ് കാലത്ത് ഞങ്ങളുടെ ക്രഷായിരുന്നു നിങ്ങൾ എന്നൊക്കെ പറഞ്ഞ് ആളുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയയ്ക്കാറുണ്ട്.

അതൊക്കെ കാണുമ്പോൾ സന്തോഷമാണ്. എനിക്ക് ഏറ്റവും ഇഷ്ടം അവതാരകയായി ജോലി ചെയ്യാനാണ്. ഇനി എന്നെങ്കിലും അങ്ങനെയൊരു അവസരം കിട്ടിയാൽ ഉറപ്പായും ചെയ്യും. ഇപ്പോഴത്തെ ചില അവതാരകരുടെ ചോദ്യം കേൾക്കുമ്പോൾ കുറച്ച് ഓവറാണെന്ന് തോന്നാറുണ്ട്. ഒരാളുടെ ഏറ്റവും പേഴ്സണലായിട്ടുള്ള കാര്യങ്ങൾ ചോദിക്കുന്നതൊക്കെ മോശമാണ്.

ചിലർ വിഷമിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതൊക്കെ കേൾക്കാറുണ്ട്. എല്ലാവരും മനുഷ്യരല്ലേ.. അവർക്കും വിഷമം ഉണ്ടാകുമെന്ന് ചോദ്യം ചോദിക്കുന്നവരും ട്രോൾ ഉണ്ടാക്കുന്നവരും മനസിലാക്കണമെന്നാണ് എനിക്കു പറയാനുള്ളത്.