‘അന്നുണ്ടായിരുന്നവരിൽ ഒരുപാട് പേരും പോയിട്ടുണ്ടാകും’: ചൂരൽമലയിലെ ‘ഉടൻ പണം’ ഒാർമകളുമായി മാത്തുക്കുട്ടിയും രാജ്കലേഷും
Mail This Article
വർഷങ്ങൾക്കു മുമ്പ് മഴവിൽ മനോരമയിലെ ഉടൻപണം എന്ന പരിപാടിയുടെ ചിത്രീകരണത്തിനായി ചൂരൽമല സന്ദർശിച്ച ഓർമകൾ പങ്കുവച്ച് ആർ ജെ മാത്തുക്കുട്ടിയും രാജ് കലേഷും. ഉടൻപണത്തിന്റെ അതാരകരായ ഇരുവരും അന്ന് ഒരുമിച്ചാണ് ചൂരൽമലയിൽ ഷൂട്ടിങ്ങിനായി എത്തിയത്. അന്ന് അവിടെ ഒത്തുകൂടിയവരിൽ പലരും ഇന്ന് ഉണ്ടാകില്ലല്ലോ എന്ന് വേദനയോടെ ഓർക്കുകയാണ് രണ്ടു പേരും.
‘‘ചിരിക്കുന്ന മനുഷ്യർ പിന്നീട് കരഞ്ഞു കാണുമ്പോഴാണ് നമുക്ക് ഏറ്റവുമധികം സങ്കടം വരുക. വയനാട്ടിൽ എവിടെയോ ആണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് ആദ്യം അറിഞ്ഞത്. പിന്നീട് കൂടുതൽ വാർത്തകൾ പുറത്തുവന്നപ്പോഴാണ് ദുരന്തം നടന്നത് മുണ്ടക്കൈ മുതൽ ചൂരൽമല വരെയാണ് എന്നും ചൂരൽമലയാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം എന്നും അറിഞ്ഞത്. ചൂരൽമല എന്നത് നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ തറഞ്ഞ സ്ഥലമാണ്. ഉടൻ പണം എന്ന പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്, കേരളത്തിൽ തന്നെ പതിനാലു ജില്ലകളിലും പോയിട്ടുണ്ട് പക്ഷെ ആ സ്ഥലങ്ങളിൽ നിന്നൊക്കെ ചൂരൽമലയെ വേർതിരിച്ചു നിർത്തുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഒന്ന് അവിടുത്തെ ആളുകളുടെ നിർമലമായ സ്നേഹം, മറ്റൊന്ന് ആ നാടിന്റെ ഭംഗി. ആ എപ്പിസോഡ് ഇപ്പോഴും എനിക്ക് മറക്കാനാകില്ല.
ഇപ്പോൾ ദുരന്തത്തിൽ കാണാതായവരുടെ ചിത്രങ്ങൾ കാണുമ്പോൾ ഞങ്ങൾ അന്ന് കണ്ട മുഖങ്ങളിൽ ആരെങ്കിലുമുണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു. എനിക്ക് നല്ല ഓർമയുണ്ട്, ഞങ്ങൾ ഈ തേയിലത്തോട്ടം കഴിഞ്ഞിട്ടാണ് ചൂരൽ മലയുടെ താഴ്‌വാരത്തിലേക്ക് വന്നത്. തേയിലത്തോട്ടത്തിനു മുകളിൽ നിന്ന് നോക്കുമ്പോൾ താഴെ നമ്മളെ കാത്തിരിക്കുന്ന ഒരുകൂട്ടം മനുഷ്യരെ നമുക്ക് കാണാം. അവരുടെ ആവേശവും സന്തോഷവും ഞങ്ങൾ കണ്ടിട്ടുണ്ട്.’’ മാത്തുക്കുട്ടി പറയുന്നു.
‘‘അന്ന് മത്സരത്തിൽ ഉണ്ടായിരുന്ന നാണിയമ്മയെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടുണ്ട്, അവരുടെ പന്ത്രണ്ടു മക്കളെക്കുറിച്ച് അവർ പറയുന്നുണ്ട്. നാണിയമ്മ പാലക്കാട് നിന്നാണ് ഇവിടെ വന്നത്. ഞാൻ ചോദിച്ചു എങ്ങനെയാണ് ചൂരൽ മലയിലേക്ക് എത്തിയത് എന്ന്. ‘എന്നെ ഇവിടേക്ക് കെട്ടിക്കൊണ്ടു വന്നതാണ്. എന്നെ കെട്ടിയ ആള് പറഞ്ഞത് അദ്ദേഹം ഇവിടെ സൂപ്പർവൈസർ ആണെന്നാണ്, ഇവിടെ വന്നപ്പോൾ അറിഞ്ഞു കിളക്കുന്ന ജോലിയാണെന്ന്. എനിക്ക് എപ്പോഴും എന്റെ പാലക്കാടാണ് ഇഷ്ടം.’ ചൂരൽ മലയിൽ നിന്നുകൊണ്ട് ഒരു തടസ്സവുമില്ലാതെ വളരെ നിഷ്കളങ്കമായി അവർ അവരുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ്. പ്രോഗ്രാം രണ്ടു എപ്പിസോഡായി നമുക്ക് പുറത്തിറക്കാൻ കഴിഞ്ഞു കാരണം അത്രയ്ക്കായിരുന്നു അവിടെയുള്ളവരുടെ ഉത്സാഹം.
ഇപ്പോൾ ഞാൻ ആലോചിക്കുകയാണ് ഇവരിൽ എത്ര പേർ ഇപ്പോൾ ഉണ്ടാകും, എത്രപേർ സൂചിപ്പാറയ്ക്ക് താഴെ മറഞ്ഞിട്ടുണ്ടാകും. അത് ഉണ്ടാക്കുന്ന ഒരു നടുക്കമുണ്ട്, നമുക്ക് അറിയാവുന്ന ഒരു ദേശം അപ്പാടെ ഇല്ലാതായി എന്നറിയുമ്പോൾ ഉള്ള ഒരു ഞെട്ടൽ. ഓരോ ദിവസവും വാർത്ത കേൾക്കുമ്പോൾ നടുക്കം മാറിയിട്ടില്ല, എന്റെ മനസ്സിൽ ഇപ്പോഴും ഒരു വലിയ മരവും അവിടെ കൂടിയ മനുഷ്യരും അവരുടെ പുഞ്ചിരികളുമുണ്ട്. ഞങ്ങൾ അന്ന് നിന്ന സ്ഥലം ഏതാണെന്നു ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചിട്ട് അതുപോലും സാധിക്കുന്നില്ല. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ അത്താഴം കഴിച്ചു കിടന്നുറങ്ങിയവരാണ് അവർ. ഒരു തെറ്റും ചെയ്യാത്തവർ. അവിടെ നേരിട്ട് പോയി കാണണം എന്നാണ് എന്റെ ആഗ്രഹം.’’ മാത്തുക്കുട്ടി പറഞ്ഞു.
ഉത്തരം തെറ്റാണെങ്കിൽ നമ്മൾ അണക്കെട്ട് പൊട്ടി ഒലിച്ചുപോകുമോ എന്ന് മാത്തുക്കുട്ടി ചോദിക്കുമ്പോൾ ‘‘പോകുന്നെങ്കിൽ എല്ലാം കൂടി അങ്ങ് പോകട്ടെ’’ എന്നാണു രസികയായ നാണിയമ്മ ഉത്തരം പറഞ്ഞത്. അന്ന് ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്ത നാണിയമ്മയും അവിടെ കാണികളായി കൂടി നിന്നവരും ഇപ്പോൾ ഉണ്ടാകുമോ എന്ന ദുഖത്തിലാണ് മാത്തുക്കുട്ടി. ‘‘ഞാനും മാത്തുവും അന്ന് വളരെ വൈകിയാണ് അവിടെ എത്തിയത്. ചൂരൽമലയിൽ ഉള്ളവർ അത്രയും സ്നേഹം ഉള്ളവരാണ്. ഓഡിഷൻ സമയത്താണ് ഞങ്ങൾ അവിടെ എത്തിയത്. ഒരുപാട് കുട്ടികൾ വന്നു. അവർക്കെല്ലാം വല്ലാത്ത വൈബാണ്. ഭയങ്കര ആക്റ്റീവ് ആയ കുട്ടികളാണ് അവിടെയുള്ളവർ.
ഓഡിഷന് വന്ന ഒരു കുട്ടി അമ്മയുടെ അസുഖത്തെപ്പറ്റിയൊക്കെ പറഞ്ഞു. അടുത്ത തലമുറയിൽ വലിയ ഒരു മാറ്റം കൊണ്ടുവന്നേക്കാവുന്ന കുട്ടികൾ ആയിരുന്നു അവിടെയുള്ളത് അവർ മുഴുവൻ തുടച്ചു നീക്കപ്പെട്ടു എന്നത് സങ്കടകരമായ കാര്യമാണ്. നമ്മൾ ടിവിയുടെ മുന്നിൽ ഇരുന്ന് കാണുന്നതിനേക്കാൾ വലിയ ദുരന്തമാണ് അവിടെ സംഭവിച്ചത്. അവിടെയുള്ള ഒരുപാടുപേരുടെ സ്നേഹം നേരിട്ട് അറിയാൻ കഴിഞ്ഞവരാണ് ഞങ്ങൾ. ഞങ്ങളുടെ പ്രോഗ്രാം കാണാൻ ടിപ്പർ ലോറിയിൽ വരെ ആളുകൾ വന്നിരുന്നു. അന്നുണ്ടായിരുന്നവരിൽ ഒരുപാട്‌പേരും പോയിട്ടുണ്ടാകും എന്നത് ദുഃഖകരമാണ്. ലോകം മുഴുവൻ അവിടെ ഇനിയുള്ളവരോടൊപ്പം നിൽക്കണം, അവരെ സഹായിക്കണം. നമുക്ക് അത് മാത്രമാണ് ഇനി അവർക്കുവേണ്ടി ചെയ്യാൻ പറ്റുക.’’ രാജ് കലേഷ് പറയുന്നു.