‘സംശയം ശരി തന്നെ’: ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണ
Mail This Article
താൻ ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.
അമ്മയാവുക എന്നതാണ് തന്റെ വലിയ സ്വപ്നമെന്ന് പലപ്പോഴും ദിയ അഭിമുഖങ്ങളിലും ആരാധകരുമായുള്ള സംവാദങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് താരം. മൂന്നു കുട്ടികൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു മുൻപ് ദിയ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദിയ ഗർഭിണി ആണോയെന്ന ചോദ്യം പലപ്പോഴും ആരാധകർ ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ, അതിനൊന്നും കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല. അതിനിടയിൽ ബിഗ് ബോസ് താരം സിജോയുടെ വിവാഹചടങ്ങിനിടെ മോഡലും ബിഗ് ബോസ് താരവുമായ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ച സംഭവത്തിൽ പ്രതികരിച്ചത് വിവാദമായിരുന്നു. ആ വിഷയത്തിൽ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന സന്തോഷവാർത്തയുമായി താരം എത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ദീർഘകാലസുഹൃത്തായിരുന്നു അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ. അവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നടനായ കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ.