ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു, പ്രിയരെ ഓരോരുത്തരെയായി എന്നിൽ നിന്നും അടർത്തുമാറ്റിയ അസുഖം: സീമ ജി. നായർ

Mail This Article
ലോക കാൻസർ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമ ജി. നായർ. തന്റെ ഏറ്റവും പ്രിയപ്പെട്ടവരെ തന്നിൽ നിന്നും അടർത്തിമാറ്റിയ അസുഖമാണ് കാൻസറെന്നും ഈ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നുവെന്നും നടി പറയുന്നു.
‘‘ഫെബ്രുവരി 4, ലോക കാൻസർ ദിനം, സത്യത്തിൽ ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പു ഏറുന്നു ..എന്റെ ഏറ്റവും പ്രിയപെട്ടവരെ ഓരോരുത്തരെയായി എന്നിൽ നിന്നും അടർത്തി മാറ്റിയ ഈ അസുഖം. കാൻസർ വന്നാൽ തളരുന്നത്, തകരുന്നത് ഒരു വ്യക്തി മാത്രം അല്ല ..ഒരു കുടുംബം ഒന്നാകെ ആണ്. സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങൾക്ക് ചിന്തിക്കാവുന്നതിന്റെ മേലെ ആയി കഴിഞ്ഞു ചികിത്സ ഭാരം.
ഉള്ളത് പണയം വച്ചും,വിറ്റും ചികിത്സ തേടി കഴിയുമ്പോൾ പലരുടെയും ജീവിതം പിടിച്ചു നിർത്താനും പറ്റുന്നില്ല. ഇതു മൂലം സ്വന്തം കിടപ്പാടം നഷ്ടപെട്ട രണ്ടുപേരുടെ പ്രശ്‍നം എന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നു ..ചില കാൻസർ മാത്രം തുടക്കത്തിലേ കണ്ടുപിടിച്ചാൽ ഭേദം ആക്കാൻ കഴിയുമെന്ന്, പക്ഷേ പലതും അവസാന നിമിഷം ആണറിയുന്നത് ,സമയവും അപ്പോൾ കടന്നു പോയിട്ടുണ്ടാവും.
ഇതിനു പരിപൂർണമായി ഭേദമാകുന്ന ചികിത്സ, ചെലവ് കുറഞ്ഞ ചികിത്സ ഇതൊക്കെ ഇതൊക്കെ എന്നാണാവോ ഇവിടെ വരുന്നത്. ഏറ്റവും വലിയ ബിസ്സിനസ്സ് ഇടമായി ആശുപത്രികൾ വളർന്നു കഴിഞ്ഞു, ലക്ഷങ്ങളുടെ കണക്കുകൾമാത്രം ആണ് ആശുപത്രികൾക്ക് പറയാൻ ഉള്ളത്. ഇപ്പോളും ഒരു പ്രിയപ്പെട്ടവന്റെ ജീവൻ നില നിർത്താൻ ഓടുവാണ് ഞാൻ, ഈശ്വര വിശ്വാസി ആയതു കൊണ്ട്, ഈശ്വരനെ മുറുകെ പിടിച്ചുകൊണ്ട് ,അവന്റെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ.’’–സീമ ജി. നായരുടെ വാക്കുകൾ.
കാൻസറിന്റെ തീവ്രതയും രോഗം എത്രത്തോളം ഒരാളുടെ ജീവിതത്തെ തകര്‍ക്കുമെന്നും നേരിട്ടറിഞ്ഞ ആളാണ് സീമ. നടിയുടെ അടുത്ത സുഹൃത്തായിരുന്ന ശരണ്യയ്ക്കു ഈ മാറാ രോഗം ബാധിച്ചപ്പോൾ ജീവിതത്തിലെ ഒരംഗത്തെപ്പോലെ സീമ കൂടെ നിന്നു. കാന്‍സര്‍ ബാധിച്ച താരത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഏറെ പരിശ്രമിച്ചു എങ്കിലും സീമ പരാജയപ്പെട്ടു. ഇപ്പോൾ കാൻസർ അനുഭവിച്ച് ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തന്നാലാവുന്ന വിധം നടി സഹായിക്കുന്നുണ്ട്.