സിനർജിയ–ചേതന ക്യാംപസ് ചലച്ചിത്രമേള തൃശൂരിൽ

Mail This Article
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാംപസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സിനർജിയ യൂത്ത് ഫോറവും, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ ക്യംപസ് ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി ആറിന് തിരി തെളിയും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രമേള യുവ സംവിധായകൻ വിനോദ് ലീല ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ സാഹിത്യ അക്കാദമിയിലാണ് ചലച്ചിത്രമേള നടക്കുന്നത്.
ചലച്ചിത്ര സംവിധായകൻ സിബി ജോസ് ചാലിശ്ശേരി ആണ് മേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. ഇന്ത്യയിലെ വിവിധ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, കലാലയങ്ങളിലെ മാധ്യമ വിദ്യാർഥികൾ തുടങ്ങിയവർ നിർമിച്ച ഇരുപത്തിരണ്ടോളം ഹ്രസ്വ ചിത്രങ്ങൾ, ഡോക്യൂമെന്ററികൾ എന്നിവ മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'ബെസ്റ്റ് സ്റ്റുഡൻറ് ഫിലിം' അവാർഡിന് പുറമെ `ബെസ്റ്റ് ഡയറക്ടർ' തുടങ്ങി സാങ്കേതികമേഖലകളിൽ മികവ് തെളിയിക്കുന്ന യുവ പ്രതിഭകൾക്കും അവാർഡുകൾ സമ്മാനിക്കും.
ജൂറി പ്രത്യേകം തിരഞ്ഞെടുത്ത ചിത്രങ്ങൾ മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'രുധിരം' ചിത്രത്തിന്റെ സംവിധായകൻ ജിഷോ ലോൺ ആന്റണിയാണ് സമാപന ചടങ്ങിലെ മുഖ്യാഥിതി. ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ കൃഷാന്ദ് അധ്യക്ഷനായ സമിതിയാണ് വിജയികളെ തിരഞ്ഞെടുക്കുക. എഡിറ്റർ മാളവിക വി.എൻ, സംവിധായകൻ സജസ് റഹ്മാൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
മേളയുടെ ആദ്യ ദിവസം കൃഷാന്ദ് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം `സംഘർഷ ഘടന'യുടെ പ്രത്യേക സൗജന്യ പ്രദർശനം ഉണ്ടായിരിക്കും. രണ്ടു ദിവസത്തെ ക്യാംപസ് മേളയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. പൊതുജനങ്ങൾക്കു ഡെലഗേറ്റ് പാസുകൾ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: 7012534176