ഡിവോഴ്സ് ആയെന്നു പറയുന്നവർക്കു മുന്നിൽ സന്തോഷത്തോടെ ദിവ്യ; വിമർശകർക്കെതിരെ ക്രിസ്

Mail This Article
ടെലിവിഷൻ താര ദമ്പതികളായ ക്രിസ് വേണുഗോപാലിനും ദിവ്യ ശ്രീധർക്കുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇവർ വിവാഹമോചിതരാകാൻ തുടങ്ങുന്നുവെന്നു വരെ വാർത്തകളെത്തി. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിസും ദിവ്യയും. കഫെ വൈബ് എന്നൊരു ചാനലും മറ്റ് ചില ഓൺലൈൻ ചാനലുകളും തന്നെയും ഭാര്യയും കുറിച്ച് വളരെ അസത്യമായ വിഡിയോകളും കണ്ടെന്റുകളും പോസ്റ്റ് ചെയ്യുന്നുവെന്ന് ക്രിസ് വേണുഗോപാൽ പറയുന്നു. ജോലിയുടെ തിരക്കിലായതിനാലാണ് ഇവർക്കെതിരെ ഇപ്പോൾ പ്രതികരിക്കാൻ കഴിയാത്തതെന്നും തന്നെയും ഭാര്യയെയും മോശമായി ചിത്രീകരിക്കുന്ന ചാനലുകൾക്കെതിരെയും അസഭ്യ കമന്റുമായി എത്തുന്നവർക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ക്രിസ് വേണുഗോപാൽപറഞ്ഞു. തങ്ങൾ വിവാഹമോചനം നേടുകയാണെന്ന തരത്തിൽ വാർത്തകൾ കാണുന്നുണ്ടെന്നും എന്നാൽ അതിനെപ്പറ്റി തങ്ങൾക്ക് ഒന്നുമറിയില്ലെന്നും ദിവ്യയും പ്രതികരിച്ചു.
‘‘കഫേ വൈബ് എന്നൊരു ചാനൽ എന്നെക്കുറിച്ചും എന്റെ ഭാര്യയെക്കുറിച്ചും മോശമായ തലക്കെട്ടോടു കൂടി വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു. അതിന്റെ താഴെ ഫിറോസ് ഖാനെപ്പോലെ വളരെ മോശമായ കമന്റുകൾ ചെയ്യുന്ന ചില ആളുകൾ ഉണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം തിരക്കിൽ ആയതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാത്തത്. ഞങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന എല്ലാവർക്കുമെതിരെ കേസിനു പോകും. ഇതുവരെ ഞാനും എന്റെ ഭാര്യയും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ഞാൻ ഉടൻ തന്നെ നാട്ടിലേക്ക് വരുന്നതായിരിക്കും.
സമൂഹ മാധ്യമത്തിലൂടെ തരം താണ രീതിയിൽ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. എന്നേയും എന്റെ ഭാര്യയെയും കുറിച്ച് മോശമായ കാര്യങ്ങൾ കമന്റ് ചെയ്യുന്ന ആരെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അയച്ചുതരണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. ഞങ്ങളെ അറിയുക പോലും ചെയ്യാതെ തോന്ന്യവാസം എഴുതുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുന്നതായിരിക്കും. നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. ഒരാളെയും അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു അധികാരവും ഇല്ല. ഞങ്ങൾ നിങ്ങളുടെ അടുത്ത് ഒരു കാര്യത്തിനും വന്നിട്ടില്ല. എന്റെ കുടുംബ ജീവിതം എങ്ങനെ വേണമെന്ന് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. പണത്തിനു വേണ്ടി മാത്രം മോശമായതും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അധിക്ഷേപ കമന്റ് ഇടുന്നവർക്കെതിരെയും കേസ് കൊടുക്കാൻ തന്നെയാണ് തീരുമാനം. നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. നിങ്ങളുടെ കുടുംബത്തിന് നിങ്ങളെക്കാൾ നല്ല ഒരാളെ കിട്ടേണ്ടതായിരുന്നു. അവരെ ഓർത്ത് എനിക്ക് വിഷമമുണ്ട്.’’– ക്രിസ് വേണുഗോപാൽ പറയുന്നു.
‘‘ഞങ്ങൾ ഡിവോഴ്സ് ആകാൻ പോകുന്നു എന്ന് വാർത്തയിലൊക്കെ വരാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ വന്നു. ഇനിയിപ്പോ അവർ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്തായാലും ഞങ്ങൾ അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല. എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ഇവിടെ വന്നത്. ഞങ്ങളെ ഇഷ്ടം അല്ലാത്തവർ മോശം കമന്റ് ഇടരുത്. അങ്ങനെയുള്ളവർ ദയവു ചെയ്ത് വിഡിയോ നോക്കാനെ നിൽക്കരുത്... ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ല... ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല... ചാനലുകാർ അവരുടെ ഇഷ്ടത്തിന് വിഡിയോസ് ഇടുന്നതിനു ഞങ്ങൾ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും മോശം കമന്റ് ഇടരുത്... ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആളുകൾ ഉണ്ട്. അവരോടൊക്കെ ഒത്തിരി സ്നേഹവും നന്ദിയും മാത്രം.’’–ദിവ്യ ശ്രീധറിന്റെ വാക്കുകൾ.
2024 ൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്ത വിവാഹമായിരുന്നു ക്രിസ്–ദിവ്യ ദമ്പതിമാരുടേത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ഒപ്പം വിവാദങ്ങളും തലപൊക്കിയിരുന്നു. ആദ്യം ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനമെങ്കിൽ പിന്നീട് ക്രിസിന്റെ ആദ്യ വിവാഹത്തെപ്പറ്റിയായി ചർച്ച. ക്രിസിന്റെ ആദ്യവിവാഹത്തിലെ ഭാര്യ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും അവരെ വഞ്ചിച്ചാണ് ക്രിസ് ദിവ്യയെ വിവാഹം കഴിച്ചതെന്നുമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. 49 വയസ് മാത്രമുള്ള ക്രിസിനെ അപ്പൂപ്പൻ എന്നും മുത്തശ്ശൻ എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്തത്. മാത്രമല്ല ക്രിസിന്റെ പണം കണ്ടാണ് മുതിർന്ന മക്കളുള്ള ദിവ്യ ക്രിസിനെ വിവാഹം കഴിച്ചതെന്ന തരത്തിലുള്ള കമന്റുകളും നിരവധിയായിരുന്നു.