‘സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ’; യുട്യൂബ് വ്ലോഗേഴ്സിനോട് പൊട്ടിത്തെറിച്ച് നടി വീണ നായർ

Mail This Article
വിവാഹവിരുന്നിനു ശേഷം മടങ്ങുന്നതിനിടെ യുട്യൂബ് വ്ലോഗേഴ്സിനോട് ദേഷ്യപ്പെട്ട് ‘ഗൗരിശങ്കരം’ നടി വീണ നായർ. വിവാഹ റിസപ്‌ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ‘കാറിൽ കയറിയിട്ട് കരയൂ എന്നു പറഞ്ഞ യുട്യൂബ് ചാനൽ പ്രതിനിധിയോടാണ് നടി രോഷം പ്രകടിപ്പിച്ചത്. ‘‘സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ’’ എന്നാണ് വീണ പറഞ്ഞത്. തുടർന്ന് വ്ലോഗേഴ്സിനു മുഖം കൊടുക്കാതെ വീണ മടങ്ങുകയായിരുന്നു.
വിഡിയോ വൈറലായതോടെ നടി പിന്തുണച്ചും വിമർശിച്ചും ആളുകൾ എത്തി. ‘തീരെ അഹങ്കാരമില്ലാത്ത കുട്ടി. ഭാവി എന്താകുവോ എന്തോ, അഹങ്കാരത്തിനു കയ്യും കാലും വെച്ച പെണ്ണ് , കല്യാണത്തിന്റെ അന്നു പോലും ഇത്രേയും വിനയം കാണിക്കുന്ന കുട്ടി’... എന്നിങ്ങനെ പോകുന്നു വിമർശനം, എന്നാൽ വീണ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് ചിലർ പറയുന്നത്. വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെയാകണം മറുപടിയെന്നു നടിെയ പിന്തുണയ്ക്കുന്നവർ പറയുന്നു.
‘ആകാശ ഗംഗ’ രണ്ടാം ഭാഗത്തിലൂടെ സിനിമയിലെത്തിയ വീണ, ഗൗരീശങ്കരം എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വൈഷ്ണവ് ആണ് വീണയുടെ വരൻ. ‘പ്രണയ വിലാസം’ എന്ന സിനിമയില്‍ റിഹാന എന്ന കഥാപാത്രമായും വീണ എത്തിയിരുന്നു.
പ്രേംകുമാറിന്റെയും ശ്രീലതയുടെയും മകളായി തൃശൂരിലാണ് വീണയുടെ ജനനം. പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്. ക്ലാസിക്കൽ ഡാൻസറായ വീണ ടിക് ടോക് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. നാടോടിക്കാറ്റ് മൂവിയിലെ മോഹൻലാൽ - ശോഭന റൊമാന്റിക് സീൻ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാൻ പ്രചോദനമായത്.

ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താളിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വിഡിയോ സംവിധായകൻ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകൻ വീണയെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. അകാശഗംഗ 2 വിൽ ആരതി വർമ എന്ന നായിക കഥാപാത്രത്തെയാണ് വീണ അവതരിപ്പിച്ചത്.