ADVERTISEMENT

സിനിമ-സീരിയൽ താരം വിഷ്ണു പ്രസാ​ദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും.  സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയെന്ന് ആത്മയുടെ വൈസ് പ്രസിഡന്റ് മോഹൻ അയിരൂർ മനോരമ ഓൺലൈനിനോട് പറഞ്ഞു. വിഷ്ണു പ്രസാദിന്റെ മകൾ താരത്തിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യവും മോഹൻ അയിരൂരും പറഞ്ഞു.    

‘‘നടൻ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയുകയുള്ളൂ.  വിഷ്ണു പ്രസാദിന് കരൾ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകൾ കരൾ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും.  നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാൻ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല.  

പറ്റുന്നവർ സഹായിക്കണം എന്ന് ഞങ്ങൾ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ അങ്ങനെ ഒരു  അങ്ങനെ ഒരു സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവർക്കും അയച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അഭിനയരംഗത്തുണ്ട്, അദ്ദേഹം അഭിനയിക്കുന്ന ഒരു സീരിയൽ ഇപ്പോൾ ഒരു ചാനലിൽ ഉണ്ട് എന്നാണ് അറിവ്.  അദ്ദേഹത്തിന് ഇത്രയും ഗുരുതരമായ അവസ്ഥ ആയതിൽ ദുഃഖമുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’’–നടന്‍ കിഷോർ സത്യ പറഞ്ഞു.

‘‘നടൻ വിഷ്ണു പ്രസാദിന്റെ സഹോദരിയാണ് അദ്ദേഹത്തിന്റെ അസുഖ വിവരങ്ങൾ ഞങ്ങളെ അറിയിച്ചത്. അദേഹത്തിന്റെ ശസ്ത്രക്രിയയ്ക്ക് വലിയൊരു തുക വേണ്ടിവരും.  ഇപ്പോൾ ഞങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു ചെറിയ തുക നൽകിയിട്ടുണ്ട്.  സംഘടനയിലുള്ള മറ്റ് അംഗങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്.’’– മോഹൻ അയിരൂർ പറഞ്ഞു.  

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്.  ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായ താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് െപൺ മക്കളാണുള്ളത്.

English Summary:

30 Lakh Rupees Needed: Beloved Actor Vishnu Prasad Fights for Life After Liver Failure Diagnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com