ബിഗ് ബോസിലൂടെ തുടങ്ങിയ പ്രണയം; നടി പവാനി റെഡ്ഡിയും ആമിറും വിവാഹിതരായി

Mail This Article
നടിയും ബിഗ് ബോസ് താരവുമായ പവാനി റെഡ്ഡി വിവാഹിതയായി. ഡാൻസറും കൊറിയോഗ്രാഫറുമായ ആമിർ ആണ് വരൻ. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇടയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബിഗ് ബോസ് തമിഴ് സീസൺ 5ൽ മത്സാർഥിയായിരുന്നു, പിന്നീട് വൈൽഡ് കാർഡ് എൻട്രിയായി ആമിർ ഷോയിൽ ചേർന്നു. ഇരുവരും സൗഹൃദത്തിലായി. പരിപാടിക്കിടയിൽവച്ചാണ് പവാനിയോട് ആമിർ വിവാഹാഭ്യർഥന നടത്തുന്നത്. തുടർന്ന് അവരുടെ ചുംബന വിവാദവും ഏറെ ചർച്ച ചെയ്യപ്പെട്ടു.
ബിഗ് ബോസിൽ നിന്നും പുറത്തുപോയതിനുശേഷവും ഇരുവരും വേർപിരിയാത്തവരായി തുടർന്നു. ബിബി ജോഡിഗള്‍ സീസൺ 2 എന്ന റിയാലിറ്റി ഷോയിലും ഇവർ ഒന്നിച്ചെത്തുകയും ആ സീസണിലെ വിജയികളാകുകയും ചെയ്തു.
പവാനിയുടേത് ഇത് രണ്ടാം വിവാഹമാണ്. തെലുങ്ക് നടൻ പ്രദീപ് കുമാർ ആണ് ആദ്യ ഭർത്താവ്. 2017 ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്കുശേഷം പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു.
2012ൽ ‘ലോഗിൻ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അജിത്ത് ചിത്രം ‘തുനിവി’ലും പ്രധാന വേഷത്തിൽ പവാനി പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ തെലുങ്ക്, തമിഴ് സീരിയലുകളിൽ നടി സജീവമാണ്.