അവതാരക പ്രിയങ്ക വിവാഹിതയായി; വരന്റെ പ്രായത്തിൽ വിമർശനം

Mail This Article
ടെലിവിഷൻ അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെ വിവാഹിതയായി. ഡിജെ ആയ വാസി സചിയാണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അതേസമയം നടിക്കെതിരെ വലിയ രീതിയിലുളള സൈബർ ആക്രമണവും നടക്കുന്നുണ്ട്.
ഇരുവരുടെയും പ്രായവുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം. 42കാരനാണ് വാസി. പ്രിയങ്കയ്ക്ക് പ്രായം 33. ഇതു പ്രിയങ്കയുടെ രണ്ടാം വിവാഹമാണ്. കാശിനുവേണ്ടിയാണ് പ്രിയങ്ക വീണ്ടും വിവാഹിതയായതെന്നും ഈ വയസ്സായ ആളെയാണ് കിട്ടിയതെന്നൊക്കെയാണ് കമന്റുകൾ വരുന്നത്.
വിജയ് ടിവിയിലെ മുൻനിര അവതാരകയാണ് പ്രിയങ്ക. അതേ ടിവിയിൽ തന്നെ അവതാരകനായിരുന്ന പ്രവീൺ കുമാർ ആയിരുന്നു പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവ്. 2016ൽ വിവാഹിതരായ ഇരുവരും 2022ൽ വേർപിരിഞ്ഞു.
ബിസിനസ്സുകാരനും ഡിജെയുമാണ് വാസി. ക്ലിക്ക് 187 എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും അദ്ദേഹത്തിനുണ്ട്. ഹൈ പ്രൊഫൈൽ വെഡ്ഡിങ്, പാർട്ടി ഇവന്റ്സ് എന്നിവയാണ് കമ്പനി ഏറ്റെടുത്തു നടത്തുന്നത്. ഇങ്ങനെയൊരു ഇവന്റിൽ വച്ചാണ് പ്രിയങ്കയും വാസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
തമിഴ് ടെലിവിഷൻ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള അവതാരകരിൽ ഒരാളാണ് പ്രിയങ്ക. റാണി ആട്ടം (2015), ഉന്നോടു വാഴ്ന്താൽ വരമല്ലവ (2016) എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ റണ്ണറപ്പായിരുന്നു.