ഞാൻ അഭിനയിക്കുന്നത്, മക്കൾക്ക് നാണക്കേടാണെന്നു പറഞ്ഞവർക്ക്: മറുപടിയുമായി രേണു സുധി

Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ തുടരുന്ന സൈബർ ആക്രമണങ്ങള്‍ക്കിടെ രേണു സുധി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. താനഭിനയിക്കുന്നത് മക്കൾക്കു നാണക്കേടാണെന്നു പറഞ്ഞു പരത്തുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്ന് രേണു പറയുന്നു.
‘‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്. അതേ എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ, ഇന്നലെ രാത്രി ഞങ്ങൾ എടുത്ത സെൽഫിയാണ്, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുവിനേക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്... നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പോബ്ലം.’’–രേണു സുധിയുടെ വാക്കുകൾ.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. രേണു അഭിനയിക്കുന്ന ആൽബവും മറ്റും വൈറലാകുന്നതിനായി വളരെ വില കുറഞ്ഞ ക്യാപ്ഷനുകൾ നൽകുന്നതാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. രേണു രണ്ടാമതും വിവാഹിതയായി എന്ന തലക്കെട്ടോടെയാണ് പുതിയ ആൽബത്തിന്റെ ചിത്രീകരണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഏറെ പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. പിന്നീട് ഭാര്യയുമായുള്ള വേർപിരിയലിനുശേഷം ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി മകനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്.
മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന പെൺകുട്ടി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി ചമയങ്ങൾ അഴിച്ചുവച്ച് യാത്രയാകുന്നത്.