‘ഖാലീദ് റഹ്മാനും അഷ്റഫ് ഹംസയുമൊക്കെ ഇനിയും കഞ്ചാവ് വലിക്കും, മികച്ച സിനിമകളും എടുക്കും’; അഖിൽ മാരാർ

Mail This Article
കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും സിനിമാ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും റാപ്പർ വേടനും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി അഖിൽ മാരാർ. മയക്കുമരുന്നിന് പുറകെ പോകാതെ കഞ്ചാവ് കേസിന് പുറകെ പോകുന്ന എക്സൈസും പൊലീസും ആരെയാണ് സഹായിക്കുന്നത് എന്ന് അഖിൽ മാരാർ ചോദിക്കുന്നു. ‘‘സിനിമ മേഖലയിൽ വലിയൊരു വിഭാഗം ലഹരിക്ക് അടിമകൾ ആണ്. തീർച്ചയായും ഇവരെ തടയണം. എന്നാൽ ഇതിനേക്കാൾ ഗുരുതരമായ രാസ ലഹരി വേട്ട ചെയ്യേണ്ട സമയം ഇരുട്ടിൽ തപ്പിയിട്ട് ഒന്നര ഗ്രാം കഞ്ചാവ് വലിച്ചു തിരക്കഥ എഴുതാൻ ഇരിക്കുന്നവനെ പൊക്കി ആശ്വാസം കൊള്ളുകയല്ല വേണ്ടത്,’’ അഖിൽ മാരാർ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം: പണി എടുക്കാതെ കറങ്ങി നടക്കുന്ന ആശാരി ചേട്ടന്മാരെ ചോറ് റെഡി ആയി എന്ന് പറഞ്ഞൊന്നു വിളിച്ചാൽ അപ്പോൾ തന്നെ ഉളി രാകി പണിയോട് പണിയാണ്....അതാണ് ഇപ്പോൾ കേരള പോലീസും എക്സ്സും ചെയ്ത് കൂട്ടുന്നത്...നമ്മുടെ നാട്ടിൽ കുട്ടികൾക്കിടയിൽ വലിയ തോതിൽ മയക്കു മരുന്ന് (സിന്തറ്റിക്ക് ഡ്രഗ്സ് ) ഉപയോഗം കൂടി എന്നും.. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചു അവരെ വലയിലാക്കാൻ മാഫിയകൾ സജീവമാണെന്നും വാർത്തകൾ വന്നപ്പോൾ മയക്കു മരുന്ന് പിടിക്കാതെ കഞ്ചാവിന്റെ പിന്നാലെ ഓടുന്ന പോലീസും എക്സൈസും സത്യത്തിൽ ആരെയാണ് സഹായിക്കുന്നതെന്നാണ് സംശയം...മയക്കു മരുന്ന് അടിച്ചു അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന ഒരു കൂട്ടർ..കഞ്ചാവ് അടിച്ചു സൂപ്പർ ഹിറ്റ് സിനിമകളും വരികൾ തീ പടർത്തുന്ന പാട്ടുകളും സൃഷ്ടിക്കുന്ന മറ്റ് കൂട്ടർ...(സർക്കാസം മാത്രം)
വാർത്തയ്ക്കും പബ്ലിസിറ്റിക്കും വേണ്ടി ഷോ കാണിക്കാം.. പക്ഷെ നിങ്ങളുടെ ഈ ഷോയിൽ രക്ഷപ്പെടുന്നത് മയക്കു മരുന്ന് മാഫിയകൾ ആണ്... ഒന്നുകിൽ ലൂസിഫർ സിനിമയിലെ പോലെ ഒരു മയക്കു മരുന്ന് മാഫിയയുടെ കാർട്ടൽ ഇവിടുത്തെ പ്രബലർക്ക് ഫണ്ട് നൽകുന്നുണ്ടാവാം അല്ലെങ്കിൽ ആശാരി ചേട്ടൻ ചെയ്യുന്നത് പോലെ യഥാർഥ പണി എടുക്കാതെ പണി ചെയ്യുന്നുണ്ട് എന്ന് വരുത്തി തീർക്കാൻ കഷ്ടപെടുന്നതും ആവാം...
രണ്ടായാലും നിയമ പ്രകാരം കഞ്ചാവ് ഉപയോഗിച്ചാൽ വലിയ ശിക്ഷ ഒന്നുമില്ലാത്ത ഈ രാജ്യത്തു വേടൻ ഇനിയും കഞ്ചാവ് അടിക്കും.. അവന്റെ വേദന വരികളായി മാറും.. ആ വരിയിൽ ശബ്ദം കൊണ്ട് അവൻ തീ പടർത്തും ആ തീ കാട്ട് തീയായി മാറും..ഖാലീദ് റഹ്മനും അഷ്റഫ് ഹംസയുമൊക്കെ ഇനിയും കഞ്ചാവ് വലിക്കും ഇതിനേക്കാൾ മികച്ച സിനിമകളും എടുക്കും.. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അത് കണ്ട് ആസ്വദിക്കും..
സിനിമ മേഖലയിൽ വലിയൊരു വിഭാഗം ലഹരിക്ക് അടിമകൾ ആണ്..തീർച്ചയായും ഇവരെ തടയണം.എന്നാൽ ഇതിനേക്കാൾ ഗുരുതരമായ രാസ ലഹരി വേട്ട ചെയ്യേണ്ട സമയം ഇരുട്ടിൽ തപ്പിയിട്ട് ഒന്നര ഗ്രാം കഞ്ചാവ് വലിച്ചു തിരക്കഥ എഴുതാൻ ഇരിക്കുന്നവനെ പൊക്കി ആശ്വാസം കൊള്ളുകയല്ല..അതായത് നിങ്ങളുടെ കൈയിൽ നിന്നും കുറച്ചു വാറ്റ് ചാരായം പൊക്കിയാൽ.. വെറും മണിക്കൂറുകൾ ചോദ്യം ചെയ്താൽ വാറ്റിയവന്റെ വീട്ടിൽ പൊലീസിന് ചെല്ലാം..എന്നാൽ രാസ ലഹരി പിടിച്ചാൽ അത് എവിടെ നിന്ന് വന്നു എന്ന് ആർക്കും അറിയില്ല.. ആർക്കും അറിയണ്ട...അവിടെയാണ് കേരളത്തിൽ ഒരു നർകോട്ടിക്ക് ഫണ്ട് ഭരണ സിര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നുണ്ടോ എന്ന് സംശയിക്കേണ്ടത്..കഞ്ചാവിനെ ന്യായീകരിച്ചു എന്ന് ചില കഴുതകൾക്ക് തോന്നാം അവർക്ക് വേണ്ടി ലളിതമായി ഒരുദാഹരണം കൂടി പറയാം..
നാട്ടിൽ കടുവ ഇറങ്ങി മനുഷ്യരെ കൊന്നു.. കടുവയെ പിടിക്കാൻ വന്ന വനം വകുപ്പ് തെരുവ് പട്ടികളെ ഡെയ്ലി പിടിച്ചിട്ട് നാട്ടുകാരോട് പറയുകയാണ് റോഡിലൂടെ പോകുന്നവരെ കടിച്ച പട്ടികളെ ഞങ്ങൾ പിടിച്ചിട്ടുണ്ട്..പട്ടികൾ ശല്യമാണ് എന്നാൽ നാടിന്റെ പ്രശ്നം മനുഷ്യരെ തിന്നുന്ന കടുവയാണ്..കടുവയെ മയക്കു മരുന്നും തെരുവ് പട്ടിയെ കഞ്ചാവും ആയി കണ്ടാൽ ഞാൻ എഴുതിയത് പൂർണ അർഥത്തിൽ മനസ്സിലാവും..
NB:പണി ചെയ്യുന്നു എന്ന് വരുത്തി തീർക്കൽ ആവരുത് ലഹരി വിരുദ്ധ ക്യാംപെയ്ൻ.