ഒരുപാട് തവണ നേരിട്ടു പറഞ്ഞു, ജീവിതം കൈവിട്ടു കളയല്ലേയെന്ന്: വിഷ്ണുവിനെ ഓർത്ത് ബീന ആന്റണി

Mail This Article
സിനിമ സീരിയൽ നടന്‍ വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് നടി ബീന ആന്റണി. സീരിയലിൽ തന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദമാണ് വിഷ്ണുവും താനും തമ്മിലെന്ന് ബീന ആന്‍റണി പറയുന്നു.
‘‘ഈ ചെറിയ പ്രായത്തിൽ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ. സീരിയലിൽ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ.’’–ബീന ആന്റണിയുടെ വാക്കുകൾ.
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടന്റെ അന്ത്യം. ആരോഗ്യാവസ്ഥ തീര്‍ത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കാതെ മറ്റൊരു മാർഗമില്ലെന്ന് ആശുപത്രിയിൽ നിന്നും വിഷ്ണുവിനെയും കുടുംബത്തിനെയും അറിയിച്ചിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
ചികിത്സയ്ക്കായി ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയിരുന്നു. പിന്നീട് വിഷ്ണുവിന്റെ സുഹൃത്തുക്കളും മാറ്റും ഓൺലൈൻ ചാരിറ്റി ഫണ്ടിങിലൂടെയും തുക കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. അതിനുള്ള തുക സമാഹരിക്കുന്നതിനിടെയാണ് രോഗം മൂർഛിക്കുന്നത്.
‘‘പ്രിയപ്പെട്ടവരേ, ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ...
അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർഥിക്കുന്നു’’.–വിഷ്ണുവിന്റെ മരണവാർത്ത പങ്കുവച്ച് കിഷോർ സത്യ കുറിച്ചു.