ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു: നൊമ്പരക്കുറിപ്പുമായി സീമ ജി. നായർ

Mail This Article
അന്തരിച്ച നടൻ വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് സീമ ജി. നായർ. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും എന്നാൽ ഇത്ര െപട്ടന്ന് വിഷ്ണു വിട പറയുമെന്ന് കരുതിയിരുന്നില്ലെന്നും സീമ പറയുന്നു.
‘‘വിഷ്ണു പ്രസാദ് വിടപറഞ്ഞു. എത്രയോ വർഷത്തെ ബന്ധം. എന്റെ അപ്പു 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം. മെഗാ സീരിയലായ ഗോകുലത്തിൽ എന്റെ സഹോദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി.
കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു. പിന്നീട് വിഷ്ണുവിന്റെ ഭാര്യ കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു. കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും.
കരൾ പകുത്തു നൽകാൻ തയാറായ മകളെയും കണ്ടു. വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല. ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്കു മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും നാളെയും വർക്കും. അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു.വിഷ്ണു വിട.’’–സീമയുടെ വാക്കുകൾ.