രേണുവിനു പിന്നാലെ യൂട്യൂബ് ചാനലുമായി കൊല്ലം സുധിയുടെ മകനും

Mail This Article
പുതിയ യൂട്യൂബ് ചാനലുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ രാഹുൽ ദാസും. കിച്ചു ആർഡി എന്ന പേരിലാണ് രാഹുൽ തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. രേണു സുധിയെന്നാണ് രേണുവിന്റെ ചാനലിന്റെ പേര്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.
‘‘രണ്ടു വർഷത്തോളമായി സുധിച്ചേട്ടൻ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതൽ ഞങ്ങൾക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോൾ തീരുമാനിച്ചു. മൂത്ത മകൻ കിച്ചുവും ഇളയ മകൻ റിതുക്കുട്ടനും ചാനലിൽ ഉണ്ടാകും.
കിച്ചൂട്ടന്‍ ഇവിടെയില്ല. കൊല്ലത്താണ് പഠിക്കുന്നത്. സുധിച്ചേട്ടനെയും മക്കളെയും സ്നേഹിക്കുന്നവർ ഞങ്ങളെ പിന്തുണയ്ക്കണം. ഇവിടെയുള്ള വിശേഷങ്ങളുമൊക്കെയായി ഞാൻ നിങ്ങൾക്കു മുന്നിലെത്തും. ഇതെനിക്കൊരു കൈത്താങ്ങും വരുമാന മാർഗവും കൂടിയാകും.
ഇപ്പോൾ നല്ല രീതിയിൽ വർക്കുണ്ട്. ‘ദയാവധം’ എന്നൊരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഡോ. രജിത്, സർ, ജിന്റോ ബ്രോ തുടങ്ങിയവരൊക്കെ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ‘ചേഞ്ച്’ എന്നൊരു സിനിമയുെട ചിത്രീകരണവും കഴിഞ്ഞു.’’–രേണു സുധിയുടെ വാക്കുകൾ.
സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തെ വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്.