ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യം, ഒരായിരം കേസ് എനിക്കെതിരെ കൊടുക്കാൻ കാത്തിരുന്നോ: അഖിൽ മാരാർ

Mail This Article
സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ടെലിവിഷന്‍ താരം അഖില്‍ മാരാര്‍. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖിൽ അറിയിച്ചു. ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനുമാണ് പൊലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അഖിൽ മാരാർ വിമർശിച്ചു. അതേസമയം ബലൂചിസ്ഥാനുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമർശം നാക്കുപിഴ ആണെന്നും അഖിൽ മാരാർ വിശദീകരിച്ചു.
‘‘ഭാരത സൈന്യം പാക്കിസ്ഥാനെ ഇല്ലാതാക്കുമെന്നും ഇന്ത്യ ഒരു സൂപ്പർ പവർ ആയി ലോകത്തിൽ മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ പാകിസ്ഥാൻ വിഷയത്തിൽ ഇടപെട്ടു.സദാ സമയവും മൈ ഫ്രണ്ട് എന്ന് പൊക്കി കൊണ്ട് നടന്ന ട്രംപിന്റെ താല്പര്യങ്ങൾക്ക് മോദി വഴങ്ങിയോ എന്ന സംശയമാണ് മോദിയെയും അമേരിക്കയ്ക്ക് കൃത്യമായ മറുപടി നൽകിയ ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്തു ഞാൻ എഴുതിയത്.
ഈ നിമിഷം വരെയും ഇന്ത്യ പാക്കിസ്ഥാൻ പ്രശ്നം പരിഹരിച്ചത് അമേരിക്ക ആണെന്ന ട്രംപിന്റെ പ്രസ്‌താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തി പിടിക്കാൻ മോദിക്കു കഴിഞ്ഞിട്ടില്ല...പകരം മൂന്നാം കക്ഷി ഇല്ല എന്ന ഫോറിൻ പോളിസി പറഞ്ഞു പോകുകയാണ് ചെയ്തത്..ചില മാധ്യമങ്ങൾ പ്രമുഖർ എന്ന് വാർത്ത കൊടുക്കും പോലെ. അമേരിക്കയും ട്രംപും ഇടപെട്ടിട്ടില്ല എന്ന് മോദി പറയാത്ത കാലത്തോളം ലോകം ഇത് അമേരിക്കയുടെ നയ തന്ത്ര വിജയമായി കാണും.. ഇരയാക്കപ്പെട്ട രാജ്യത്തിനും വേട്ടക്കാരനും തുല്യ നീതിയോ.. എന്ത് ധാരണയുടെ പുറത്താണ് നമ്മൾ പിന്മാറിയത്... ഇതൊന്നും ഈ രാജ്യത്തെ പൗരന്മാരെയോ ലോകത്തെയോ അറിയിക്കാനുള്ള ബാധ്യത പ്രധാന മന്ത്രിക്കില്ലേ..?
അതു കൊണ്ട് തന്നെ അഭിമാനകരമായ നേട്ടം എന്ന ബിജെപി പ്രചാരണത്തോട് യോജിക്കാൻ എനിക്ക് കഴിഞ്ഞില്ല.. ഞാൻ എന്റെ അഭിപ്രായം പങ്കുവച്ചപ്പോൾ ...പരിഹാസരൂപേണ എഴുതിയ കുറിപ്പിന് നൽകിയ മറുപടിയിൽ ബലൂചിസ്തനുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഞാൻ പറഞ്ഞത് ശരിയായില്ല എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ലൈവ് ഡിലീറ്റ് ചെയ്തു. എന്നാൽ എന്റെ പ്രൊഫൈലിൽ ആദ്യം വന്ന ഫീഡ് സ്റ്റോറി ആയത് കൊണ്ട് ഡിലീറ്റ് ആയത് സ്റ്റോറി ആയിരുന്നു. പിറ്റേ ദിവസവും പ്രൊഫൈലിൽ ഈ വിഡിയോ കിടന്നപ്പോൾ ഞാനത് ഒഴിവാക്കി.
ഇന്നലെ വരെ ഇന്ത്യ പാക്കിസ്ഥാനനെ പരാജയപെടുത്തും ‘പിഓകെ’ തിരിച്ചു പിടിക്കും എന്നൊക്കെ മറ്റുള്ളവരെ വെല്ലുവിളിച്ചു നടന്ന ബിജെപിക്ക് അവരുടെ തലയ്ക്ക് കിട്ടിയ അടിയായി മാറി അമേരിക്കയുടെ വാക്ക് കേട്ട് തീരുമാനം എടുത്ത മോദിയുടെ നിലപാട്. POK തിരിച്ചു പിടിക്കും എന്ന മുൻ നിലപാടിൽ നിന്നും ബിജെപി പിന്നോട്ട് പോയോ എന്ന സംശയവും ഇവർക്കുണ്ടായി.. അത് കൊണ്ട് തന്നെ ഇന്ദിരാ ഗാന്ധി മോദിയെക്കാൾ പവർഫുൾ ആയിരുന്ന എന്ന എന്റെ വാക്കുകൾ അവരെ ഭ്രാന്ത് പിടിപ്പിച്ചു.. ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും എന്നിലൂടെ നാല് പേർക്കിടയിലും അറിയാൻ വേണ്ടിയും ബിജെപി എനിക്കെതിരെ നൽകിയ കേസിൽ ജാമ്യം ഇല്ലാത്ത വകുപ്പിൽ ആണ് ഏത് വിധേനയും എന്നെ കുടുക്കാൻ ഒരവസരം നോക്കി നിന്ന പൊലീസ് കേസ് എടുത്തത്.
ഇന്നലെ വരെ ബലൂചിസ്ഥാൻ പാക്കിസ്ഥാനെ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അതിനും മോദിയുടെ ക്രെഡിറ്റ് പാടി നടന്ന സംഘ പരിവാർ ഇപ്പോൾ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാക്കിസ്ഥാനെ അവർ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാം.. ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തിൽ മോദിയെ വിശ്വസിച്ച അവര്‍ക്ക് പണി കിട്ടിയല്ലോ എന്ന സർക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അർഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആർക്കും അറിയും..
പണ്ടായാലും ഇന്ത്യയിൽ ദേശ സ്നേഹം എന്നത് മോദി, ആർഎസ്എസ് സ്നേഹം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു... ബഹു കേരള ഹൈക്കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്. ജാമ്യം കിട്ടി കഴിഞ്ഞു സംസാരിക്കാനും വിമർശിക്കാനും അവകാശം ഈ രാജ്യത്ത് ഉണ്ടെങ്കിൽ ഒരായിരം കേസ് എനിക്കെതിരെ കൊടുക്കാൻ കാത്തിരുന്നോ...?പാക്കലാം...ഭാരത് മാതാ കീ ജയ്...വന്ദേ മാതരം..ജയ് ഹിന്ദ്.’’–അഖിൽ മാരാറുടെ വാക്കുകൾ.