കുട്ടികളായില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ, ആർക്കാണ് കുഴപ്പം എന്നൊക്കെ ചോദ്യങ്ങൾ: ശ്രീവിദ്യയും രാഹുലും പറയുന്നു

Mail This Article
ബേബി പ്ലാനിങ്ങിനെക്കുറിച്ച് മനസ് തുറന്ന് ശ്രീവിദ്യ മുല്ലശേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. വീട്ടുകാരും സുഹൃത്തുക്കളും ഇത്തരം കാര്യങ്ങൾ തങ്ങളോട് ചോദിക്കാറില്ലെന്നും നാട്ടുകാരാണ് ഈ ചോദ്യവുമായി കൂടുതലെത്തുന്നതെന്നും ഇരുവരും പറയുന്നു. അടുത്തൊന്നും കുട്ടിയെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ദൈവം നിശ്ചയിക്കുന്നതു പോലെയേ എല്ലാം നടക്കൂ എന്നുമാണ് താരദമ്പതികളുടെ അഭിപ്രായം.
‘നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ ഓരോ ക്ലാസിൽ എത്തുമ്പോഴും ഇതാണ് നിങ്ങളുടെ വഴിത്തിരിവ് എന്നു പറയുന്നതു പോലെയാണ് വിവാഹത്തിന്റെ കാര്യവും. പ്രേമിക്കുന്ന സമയത്തു ചോദിക്കും എന്നാണ് കല്ല്യാണമെന്ന്, കല്ല്യാണം കഴിയുമ്പോൾ ചോദിക്കും കുട്ടികളായില്ലേ എന്ന്, കുട്ടികളായില്ലെങ്കിൽ ചോദിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കും. കുഴപ്പമുണ്ടെങ്കിൽ ആർക്കാ കുഴപ്പം എന്ന് ചോദിക്കും’ രാഹുൽ രാമചന്ദ്രൻ വീഡിയോയിൽ പറഞ്ഞു.
ബേബി പ്ലാനിങ്ങിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെന്നും ശ്രീവിദ്യ പറഞ്ഞു. ‘നമ്മൾ ഒരു കുട്ടിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പുതിയൊരാളെ കൊണ്ടുവരികയാണ്. അത് വളരെ സീരിയസായ കാര്യമാണ്. എന്റെ അമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യത്തിനും വേണ്ടി നിന്നിട്ടുള്ളത്. അതുപോലെ നമ്മൾ അവർക്കു വേണ്ടി സമയം കണ്ടെത്തണം. അവർക്കു വേണ്ടി പലതും ത്യജിക്കണം. വളരെ വലിയൊരു ഉത്തരവാദിത്തം തന്നെയാണ് അത്’, ശ്രീവിദ്യ പറഞ്ഞു.
അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.