വിവാഹ സമ്മാനമായി മരുമകന് കാർ നല്കി നയനയുടെ മാതാപിതാക്കൾ; വിഡിയോ

Mail This Article
നടിയും നര്‍ത്തകിയുമായ നയന ജോസനും ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടിനും ഇതൊരു സ്വപ്നവിവാഹമാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും വിവാഹത്തിലെത്തിച്ചേർന്നത്. മകളുടെ പ്രണയത്തെ ആദ്യം എതിർത്തുവെങ്കിലും പിന്നീട് അവളുടെ ആഗ്രഹം പോലെ തന്നെ അതി മനോഹരമായി ഈ വിവാഹം മാതാപിതാക്കൾ നടത്തി കൊടുത്തു. അച്ഛനും അമ്മയും സമ്മാനമായി നൽകിയ കാറിൽ കയറിയിരുന്ന് അഭിമാനത്തോടെ നയന ആ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. മഹീന്ദ്രയുടെ ആഡംബര കാർ ആയ എക്സ്ഇവി 9ഇ ആണ് വിവാഹസമ്മാനം.
‘‘വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവരായാതിനാല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പോരാടി. വളരെ പിന്തുണ നല്‍കുന്ന, കരുതലുള്ള, എന്നെ പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം തുടങ്ങാന്‍ പോകുന്നു.’’–വിവാഹനിശ്ചയ സമയത്ത് നയന കുറിച്ചത് ഇങ്ങനെയായിരുന്നു.
ക്രിസ്ത്യൻ ആചാരപ്രകാരമുള്ള മധുരംവയ്പ്പ് ചടങ്ങുകൾ അടക്കം നയനയുടെ വീട്ടിൽ നടന്നിരുന്നു. പിന്നീട് ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ആചാര പ്രകാരമുള്ള താലികെട്ട് ചടങ്ങുകൾ നടന്നു.
‘‘വിവാഹം എന്നത് വലിയൊരു സ്വപ്നമായിരുന്നു. വിവാഹവേദിയിൽ കയറി കൂപ്പുകൈ കൊടുക്കുമ്പോൾ അവിടെ മുമ്പിലുള്ള കസേരയിൽ നിറയെ ജനമായിരിക്കമെന്ന് ഇവൾ പറയാറുണ്ടായിരുന്നു. അങ്ങനെയൊരു വിവാഹമായിരുന്നു അവൾക്കു വേണ്ടത്. മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തു വന്നിട്ട് ഇപ്പോൾ മുപ്പത് വർഷമായി. സൂപ്പർഡാൻസറിലൂടെയാണ് നയന മീഡിയയിൽവരുന്നത്.
ഞങ്ങൾ ക്രിസ്ത്യൻസ് ആണ്. മോളേ കല്യാണം കഴിക്കുകയാണെങ്കില്‍ ഹിന്ദു ചെക്കനെ വിവാഹം കഴിച്ചാൽ മതിയെന്ന് എപ്പോഴും പറയുമായിരുന്നു. എനിക്ക് ഹിന്ദു വിവാഹം വലിയ ഇഷ്ടമാണ്. സദ്യയും ചടങ്ങുകളുമൊക്കെ ഇഷ്ടമാണ്. എന്റെ സുഹൃത്തുക്കളും കൂടുതൽ ഹിന്ദുക്കളാണ് അതുകൊണ്ടൊക്കെയാകും.
അതുപോലെ തന്നെ അവൾക്കൊരു ഹിന്ദു ചെക്കനെ കിട്ടി, ഹിന്ദു കല്യാണം നടന്നു. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചു. ഇത്രയും ജനങ്ങൾ വരുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. അതിൽ എങ്ങനെയാണ് ദൈവത്തിനു നന്ദി പറയേണ്ടതെന്ന് അറിയില്ല.
എന്റെ മക്കൾക്ക് വിവാഹമാകുമ്പോൾ രണ്ട് മാല ഇട്ടു കൊടുക്കണമെന്ന് ആഗ്രഹിച്ച് സൂക്ഷിച്ചു വച്ചിരുന്നു. 30 കൊല്ലമായി മാല മേടിച്ചിട്ട്. എന്റെ അമ്മയും സഹോദരനും ചേർന്നാണ് ആ മാല എന്റെ വിവാഹത്തിനു മേടിച്ച് തന്നത്. പക്ഷേ ഇപ്പോഴും നല്ല പുതുമ ആ മാലയ്ക്കുണ്ട്.
ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നുവന്ന ജനം. എല്ലാ മനുഷ്യരെയും ഞങ്ങൾ ഹൃദയത്തോടു ചേർത്തുനിർത്തും. സത്യസന്ധമായ സ്നേഹമാണ് ഞങ്ങൾ എല്ലാവർക്കും കൊടുക്കുന്നത്.’’–നയനയുടെ അമ്മയുടെ വാക്കുകൾ.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് നയന കരിയർ ആരംഭിച്ചത്. പട്ടണത്തിൽ ഭൂതം എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഡാൻസും അഭിനയനും ഒരുമിച്ചുകൊണ്ടുപോകുകയാണ് താരം. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമാണ് താരം. പ്രഫഷനൽ ആർട്ടിസ്റ്റും ഡാൻസറുമാണ് നയനയുടെ ഭർത്താവ് ഗോകുൽ.