ADVERTISEMENT

ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമായ ഫൈബ്രോമയാൾജിയ തന്നെ ബാധിച്ചെന്ന് നടി പ്രിയ മോഹൻ. ചലനശേഷിയിൽ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് പ്രിയയും ഭർത്താവ് നിഹാൽ പിള്ളയും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.  

ലോകത്ത് ലക്ഷക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥ തന്നെയാണിത്. എന്നാൽ ഇന്ത്യയിൽ അധികമാർക്കും ഈ അസുഖത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ഇതു തുറന്നു പറയുന്നത്. ഈ രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് തങ്ങൾക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ നിങ്ങളോടും പങ്കുവയ്ക്കുകയാണ് ഈ വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നെന്നും ഇരുവരും പറയുന്നു. രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറയുമ്പോൾ പ്രിയയ്ക്കു സങ്കടം നിയന്ത്രിക്കാനാകുന്നില്ലായിരുന്നു.

‘‘എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥ. അവനെ എടുക്കാൻ പറ്റുന്നില്ല. ഒരൽപം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വച്ച് കയറാൻ പറ്റില്ല. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, വസ്ത്രം മാറണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണം. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാൻ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി.

ഇതിനു പുറമേ കടുത്ത വിഷാദവും ഉറക്കമില്ലായ്മയും. രാവിലെ ആറു മണി വരെയൊക്കെ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. വിദേശത്ത് ട്രിപ്പ് പോയ സമയത്താണ് രോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ഒരുദിവസം രാത്രി കുളിച്ചുകൊണ്ടിരിക്കുകയാണ്, പെട്ടെന്ന് തലയടിച്ച് ബാത്ത്റൂമിൽ വീണു. പക്ഷേ വീണിട്ടും എഴുന്നേൽക്കാൻ പറ്റുന്നില്ല. സാധാരണ ഒരാൾ വീണുകഴിഞ്ഞാൽ കൈ കുത്തി ഇരിക്കാനുളള ശേഷിയുണ്ട്, അപ്പോഴാണ് ശരീരത്തിന്റെ മോശമായ അവസ്ഥ മനസ്സിലായത്. ദിലൂ എന്നു വിളിച്ചിട്ടും ആരും കേൾക്കുന്നില്ല, അവർ നല്ല ഉറക്കത്തിലായിരുന്നു. ദൈവങ്ങളെയും അച്ഛനെയും അമ്മയെയുമൊക്കെ വിളിച്ച് എങ്ങനെയൊക്കെയോ തന്നെ എഴുന്നേറ്റൂ.

രാത്രി ആയതുകൊണ്ട് ഇക്കാര്യം ആരെയും അറിയാക്കാതെ കിടന്നു. പിറ്റേന്ന് നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഒരു ദിവസം ദിലുവിന്റെ മുമ്പിൽവച്ച് വീണപ്പോഴാണ് ദിലുവും ഈ അവസ്ഥ നേരിട്ടു കാണുന്നത്. പിന്നെ ആളുകളുടെ മുന്നിൽ വച്ചൊക്കെ വീണിട്ടുണ്ട്. ഈ അവസ്ഥയിൽ ചികിത്സ നേടിയില്ലെങ്കിൽ പിന്നെ നേെര ഡിപ്രഷനിലേക്കാകും ആ രോഗി പോകുക.

കേൾക്കുന്നവർ ഇതൊക്കെ കാൻസറോ ട്യൂമറോ പോലെയൊന്നും അല്ലല്ലോ എന്നു പറയുമായിരിക്കും. പക്ഷേ ഇതു വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. തല കുളിച്ചാൽ തോർത്താൻ പോലും പറ്റാത്ത അവസ്ഥ. ’’–പ്രിയയുടെ വാക്കുകൾ.

ഈ രോഗമുള്ള ഒരാളെ പുറത്തു നിന്ന് മറ്റൊരാൾ കണ്ടാൽ ആരോഗ്യമുള്ള ഒരു വ്യക്തിയായേ തോന്നൂ എന്നും മടിച്ചിയായതുകൊണ്ട് ഒന്നും ചെയ്യാതിരിക്കുന്നതായിരിക്കാം എന്നേ വിചാരിക്കൂ എന്നും നിഹാൽ പറയുന്നു. ‘‘ഞങ്ങൾക്കും ഇത് എന്താണെന്ന് ആദ്യം മനസിലായില്ല. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം പോലും വളരെ കുറവാണ്. ചില ഡോക്ടർമാർ പോലും രോഗം കണ്ടുപിടിക്കാതെ സ്ട്രസ് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണെന്നു പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറ്. ബ്ലഡ് ടെസ്റ്റ് എടുത്താൽ പോലും ഒരു പ്രശ്നവും കാണില്ല. സ്കാൻ ചെയ്താലും ഒന്നുമുണ്ടാകില്ല. സാധാരണ ഒരു രോഗമുള്ളവർക്ക് ലഭിക്കുന്ന പിന്തുണയോ സിംപതിയോ ഒന്നും ഈ രോഗം വന്നവർക്കു ലഭിക്കില്ല.  ഇതിനു ശരിയായ ട്രീറ്റ്മെന്റും ഇല്ല.  

ഈ രോഗം വരുന്നവരുടെ വീട്ടുകാരും അടുത്തയാളുകളുമൊക്കെ ഇതേക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. മാനസിക ഉത്കണ്ഠ കൊണ്ടു വരുന്ന അസുഖമാണെന്നു പറഞ്ഞ് പലരും ഈ രോഗത്തെ അവഗണിക്കുകയാണ് പതിവ്, അതു തെറ്റാണ്. ഇതൊരു ഗുരുതരമായ രോഗം തന്നെയാണ്. ഡോക്ടറെ പോയി കണ്ടശേഷം മാത്രം ചികിത്സ തുടങ്ങുക. 90 ശതമാനവും ഈ രോഗം വരുന്നത് സ്ത്രീകൾക്കാണ്. അതും ചെറുപ്പക്കാരിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.

ഞങ്ങളുടെ ട്രാവൽ വ്ലോഗ് പോലും ഇതുകാരണം കുറഞ്ഞു. ഞങ്ങളുടെ ജീവിതമാർഗം കൂടിയാണ് വ്ലോഗിങ്. ഇത്രയും പൈസ മുടക്കി വ്ലോഗിങിനു പോകുമ്പോൾ പ്രിയ കിടന്നുറങ്ങുന്നു, എല്ലാം പയ്യെ ചെയ്യുന്നു. ഞങ്ങൾ പല തവണ വഴക്കിട്ടിട്ടുണ്ട്. രോഗം തിരിച്ചറിഞ്ഞതു തന്നെ വലിയ കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുക, യോഗ ചെയ്യുക ഇതൊക്കെയാണ് പ്രിയ ഇപ്പോൾ ചെയ്യുന്നത്. എപ്പോഴാണ് രോഗം പൂർണമായും ഭേദമാകുന്നതെന്ന് അറിയില്ല.’’– നിഹാൽ പറയുന്നു. 

തെറാപ്പി, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ, തീവ്രത കുറഞ്ഞ വ്യായാമം, ആവശ്യമായ സപ്ലിമെന്റ്സുകൾ കഴിക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെ വലിയ മാറ്റമുണ്ടാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

‘മുംബൈ പൊലീസ്’ എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ പിള്ള. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹൻ. വിവാഹത്തിനു മുൻപ് അഭിനയത്തിൽ സജീവമായിരുന്നെങ്കിലും അമ്മ ആയതോടെ കരിയറിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വസ്ത്രവ്യാപാര രംഗത്താണ് പ്രിയ ഇപ്പോൾ സജീവം.

English Summary:

Actress Priya Mohan has revealed that she has been diagnosed with fibromyalgia, a rare disease that causes pain in muscles and joints throughout the body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com