‘എന്റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ’; കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ അപ്സരയും റെസ്മിനും

Mail This Article
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ റെസ്മിന്‍ ഭായിയും അപ്സരയും. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറോട് ഇതിനെക്കുറിച്ച് ചോദിക്കാനായി ചെന്നപ്പോള്‍ ദേഹത്തേക്ക് വണ്ടികയറ്റാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ വിഡിയോയിലൂടെ ആരോപിക്കുന്നത്. രണ്ട് തവണ ഡ്രൈവര്‍ ഇത്തരത്തില്‍ പെരുമാറിയെന്നും തലനാരിഴക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇരുവരും പറയുന്നു.
റെസ്‍മിന്‍ ഭായിയുടെ വാക്കുകള്‍:
ഇപ്പോൾ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലാണ് ഇപ്പോഴുള്ളത്. യാത്ര ചെയ്യുന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായി. വലതുവശം ചേര്‍ന്ന് കാറില്‍ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. സഡൻ ബ്രേക്ക് പിടിച്ചതുകൊണ്ട് തല പോയി ഇടിച്ച് വയ്യാണ്ടായി.
അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി സൈഡില്‍ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാതെ ഞാന്‍ നിൽക്കുന്ന സൈഡ് ചേര്‍ത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ എന്‍റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ.
അതിനുശേഷം അങ്കമാലി കെഎസ്‍ആർടിസി സ്റ്റേഷനിൽ പരാതി കൊടുത്തു. അപ്പോൾ ആ ബസ് അവിെട വന്നിരുന്നു. വീണ്ടും ബസിനു കൈ കാണിച്ച് മുമ്പിൽ പോയി നിന്നു. ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് നിന്നത്. ഞാൻ മുമ്പിൽ നിൽക്കുമ്പോൾ എന്നെ ശ്രദ്ധിക്കാതെ ഇടിച്ചിടിച്ച് വണ്ടി മുമ്പോട്ട് എടുക്കുകയായിരുന്നു. എന്റെ നെഞ്ചിന്റെ ലെവലിൽ ബസ് വന്നപ്പോൾ പുറകിലേക്കു മാറി, അപ്പോഴേക്കും അയാൾ വണ്ടി എടുത്തുകൊണ്ട് പോകുകയായിരുന്നു.
എന്തായാലും പരാതി കൊടുത്തിട്ടുണ്ട്. അത് എത്രത്തോളം മുന്നോട്ടു പോകുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്. മനുഷ്യനാണെന്ന പരിഗണന പോലും തരാതെയാണ് അയാൾ പെരുമാറിയത്. ഇവിടെ കൂടിയിരുന്ന നാട്ടുകാരും ഞങ്ങളെ പിന്തുണച്ചെത്തി.