ADVERTISEMENT

രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണെന്ന് അഖിൽ മാരാർ. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും തന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്നും അഖിൽ പറയുന്നു. കേസിൽ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിലാണ് അഖിലിനെതിരെ കേസെടുക്കുന്നത്. 

‘‘എനിക്കെതിരെ കൊട്ടാരക്കര പൊലീസ് എടുത്ത 152 ബിഎൻഎസ് രാജ്യ ദ്രോഹ കേസിൽ ബഹു കേരള ഹൈകോടതി മുൻ കൂർ ജാമ്യം അനുവദിച്ചു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.

ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു. ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികൾ ഉണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു. പേര് പറയേണ്ട ഒപ്പമുണ്ട്, എന്നു വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കൾ.

തുടക്കം മുതൽ കട്ടയ്ക്കു കൂടെ നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നൽകി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു..നിരന്തരം ഫോളോ അപ്പ്‌ ചെയ്ത രമേശ്‌ ചെന്നിത്തല സാർ. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്, ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി. സുപ്രീം കോടതിയിൽ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ്, മേജർ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യർ എന്നിവർക്ക് ഒരായിരം നന്ദി..

എനിക്ക് വേണ്ടി ഹാജർ ആയത് എന്നേക്കാൾ ജൂനിയർ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയർ വക്കീലന്മാരെ ഏല്പിക്കാൻ പലരും പറഞ്ഞപ്പോഴും വിമല ബിനു മതി എന്നത് എന്റെ തീരുമാനമായിരുന്നു.. എന്റെ വിശ്വാസം വിമല കാത്തു. നന്ദി ഡിയർ.

‘‘നീ ധൈര്യമായി വാദിച്ചോ കിട്ടിയില്ലെങ്കിൽ ഞാൻ ജയിലിൽ കിടന്നോളാം..’’ ഇതിലും നല്ല കക്ഷിയെ വക്കീലിന് എവിടെ നിന്ന് കിട്ടും. അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിർക്കുന്നവരേക്കാൾ എത്രയോ വലിയ ശക്തിയാണ്.. എന്റെ ശെരികളിൽ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും...ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്...അടുത്ത വർഷം ഇതേ സമയം കുറിച്ച് വച്ചോളൂ...മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി..സത്യമേവ ജയതേ.’’–അഖിൽ മാരാറിന്റെ വാക്കുകൾ.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വിഡിയോ എന്ന കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമായിരുന്നു ചുമത്തിയത്. ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്റെ പരാതിയിലായിരുന്നു കേസ്.

English Summary:

Akhil Marar stated that Suresh Gopi was the first person to call him regarding the sedition case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com