എന്നെ കുറ്റം പറയുന്നവർക്കറിയില്ലല്ലോ, ഞാനും കൂടിയാണ് ഞങ്ങളുടെ മകനെ വളർത്തിയതെന്ന്: കുറിപ്പുമായി രേണു

Mail This Article
കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രേണു സുധി പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘‘എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാണ് ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. പിന്തുണകൾക്കു നന്ദി’’–ചിത്രം പങ്കുവച്ച് േരണു കുറിച്ചു.
സുധിയും മക്കളുമൊത്തുള്ള മറ്റൊരു ചിത്രവും രേണു പങ്കുവച്ചിട്ടുണ്ട്. ‘‘എന്തു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം. എല്ലാം ഒരൊറ്റ ആക്‌സിഡന്റിൽ തീർന്നു.’’–രേണുവിന്റെ വാക്കുകൾ.
സുധിയുെട ആരാധകരടക്കം നിരവധിപ്പേരാണ് രേണുവിന് ആശ്വാസവാക്കുകളുമായി എത്തുന്നത്. രേണുവിന്റെ മുഖത്ത് ഉണ്ടായ മാറ്റത്തെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകള്‍ക്കും നടി മറുപടി നൽകി.
‘‘ഈ ഫോട്ടോയിൽ കാണാൻ എന്തു ഭംഗിയാ. സത്യത്തിൽ പല്ലിനു പ്രശ്നം ഉള്ളതായി ഇതിൽ തോന്നുക പോലും ഇല്ല. പ്രശ്നങ്ങൾ ഒക്കെ ആയപ്പോൾ മുഖം വല്ലാതെ ക്ഷീണിച്ച് അതാവും അല്ലെ. എന്റെ ഒരു തോന്നൽ പറഞ്ഞുവെന്നേ ഉള്ളു.’’–ഇതായിരുന്നു ഒരു യുവതിയുടെ കമന്റ്. ഇതിനു രേണുവിന്റെ മറുപടി ഇങ്ങനെ, ‘‘രണ്ട് വർഷമായി എല്ലാം കൂടെ ഇട്ടു കൊല്ലാ കൊല ചെയ്യുകയല്ലേ, മുഖമല്ല എല്ലാം ക്ഷീണിക്കും, സാരമില്ല. പിന്തുണയ്ക്കു നന്ദി.’’
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഏറെ പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. പിന്നീട് ഭാര്യയുമായുള്ള വേർപിരിയലിനുശേഷം ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി മകനായ രാഹുലിനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്.
രാഹുലിനു പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന പെൺകുട്ടി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി ചമയങ്ങൾ അഴിച്ചുവച്ച് യാത്രയാകുന്നത്. സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന രാഹുല്‍. കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തെ വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്.