‘സൈന്യത്തിൽ’ അഭിനയിച്ചപ്പോൾ വിക്രം ബ്രദർ, പക്ഷേ പിന്നീട് കണ്ടപ്പോൾ ? നടൻ മുകുന്ദന്റെ സിനിമാജീവിതം

Mail This Article
ഹൃദയത്തില്‍ തൊട്ട ചിരിയും അസാമാന്യമായ ഊര്‍ജസ്വലതയുളള ശരീരഭാഷയുമാണ് ഒറ്റപ്പാലം സ്വദേശി മുകുന്ദനിലേക്ക് നമ്മെ പ്രഥമദൃഷ്ട്യാ ആകര്‍ഷിക്കുന്നത്. മുകുന്ദന്‍ പല നിലകളില്‍ ശ്രദ്ധേയനാണ്. ആദ്യകാല ടിവി പരമ്പരകള്‍ മുതല്‍ ഇന്നോളം സജീവമായി നില്‍ക്കുന്ന നടന്‍. മമ്മൂട്ടി നിർമിച്ച ‘ജ്വാലയായ്’ എന്ന പരമ്പരയില്‍ മുകുന്ദനായിരുന്നു നായകന്‍. മിനിസ്‌ക്രീനിലെ മോഹന്‍ലാല്‍ എന്നാണ് ഒരു കാലത്ത് മുകുന്ദന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കാഴ്ചയിലെ ആഢ്യത്വവും അനായാസമായ അഭിനയശൈലിയുമെല്ലാം അതിന് കാരണങ്ങളാവാം.
വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കാതെ തനിക്ക് നിയോഗിക്കപ്പെട്ട ദൗത്യങ്ങള്‍ ഏറ്റെടുത്ത് വെടിപ്പായി ചെയ്തു തീര്‍ക്കുക എന്നതിനാണ് മുകുന്ദന്‍ എന്നും പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്. സിനിമയില്‍ ഓരോരുത്തര്‍ക്കും ഓരോ വിധിയുണ്ടെന്ന് മുകുന്ദന്‍ കരുതുന്നു. ജോഷിയുടെ മമ്മൂട്ടി ചിത്രമായ ‘സൈന്യ’ത്തില്‍ പട്ടാളക്കാരായി അഭിനയിച്ച നിരവധി യുവാക്കളില്‍ ഒരാളായിരുന്നു മുകുന്ദന്‍. അന്ന് കൂട്ടത്തിലുണ്ടായിരുന്ന ദിലീപ് സൂപ്പര്‍താരങ്ങള്‍ക്ക് സമാനമായ ജനപ്രീതി നേടി. വിക്രമാകട്ടെ തമിഴ് സിനിമാലോകം കീഴടക്കി എന്ന് മാത്രമല്ല മികച്ച നടനുളള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.
മുകുന്ദന്‍ അന്നും ഇന്നും തനിക്ക് ലഭിക്കുന്ന വേഷങ്ങളുമായി പരമ്പരകളിലും ഇടയ്‌ക്കൊക്കെ സിനിമയിലും അഭിനയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. സെല്ലുലോയിഡ് മാഗസിനു നൽകിയ അഭിമുഖത്തില്‍ മുകുന്ദന്‍ ഇങ്ങനെ പറഞ്ഞു: ‘‘പല തലമുറകളില്‍പെട്ടവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റി എന്നതാണ് ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത്. സത്യം പറഞ്ഞാല്‍ സീരിയല്‍ രംഗത്ത് വന്നിട്ട് 37 വര്‍ഷങ്ങള്‍ പിന്നിടുന്നു. പക്ഷെ ഞാനിപ്പോഴും ന്യൂജനറേഷന്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളിലും ചെറുപ്പക്കാരെ പോലെയാകാന്‍ കഴിഞ്ഞില്ലെങ്കിലും പറ്റുന്നിടത്തോളം ഈ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കാറുണ്ട്.’’
‘സൈന്യ’ത്തില്‍ തുടങ്ങിയ സൗഹൃദങ്ങള്‍
‘സൈന്ന്യം’ എന്റെ രണ്ടാമത്തെ സിനിമയാണ്. ഹൈദ്രബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലായിരുന്നു ഷൂട്ടിങ്. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതിന്റെ പ്ലഷര്‍ മൂഡിലായിരുന്നു ഞങ്ങള്‍. എല്ലാവരും ചെറുപ്പക്കാര്‍. ഞാന്‍, അബി, വിക്രം, ദിലീപ്, രാജീവ് രംഗന്‍...അങ്ങനെ എട്ടോളം പേരുണ്ട്. ഭയങ്കര ഐക്യവും സൗഹൃദവുമുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. 45 ദിവസത്തോളം അവിടെ ഷൂട്ട് ചെയ്തു. ജോലിയുളളപ്പോഴൂം ഇല്ലാത്തപ്പോഴും ആ കുട്ടായ്മ ഞങ്ങള്‍ ആസ്വദിച്ചു. ആ സമയത്ത് വിക്രമവും ഞാനും തമ്മില്‍ അടുപ്പത്തിലായി. എന്റെ സഹോദരനുമായി വിക്രമിന് നല്ല രൂപസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാനദ്ദേഹത്തെ ബ്രദര്‍ എന്നാണ് വിളിച്ചിരുന്നത്. ആ സൗഹൃദം സൈന്ന്യത്തിന് ശേഷവും തുടര്‍ന്നു. പക്ഷെ പിന്നീട് അദ്ദേഹം റോക്കറ്റ് പോലെ അങ്ങ് ഉയര്‍ന്നു. വല്ലാത്ത ഒരു കയറ്റമായിരുന്നു അത്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഉയരങ്ങളിലെത്തി. അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത തലത്തിലായിരുന്നു വളര്‍ച്ച.
വളരെ സിംപിളായ ഡൗണ്‍ ടു എര്‍ത്തായ മനുഷ്യന്‍. പക്ഷെ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും അര്‍പ്പണബോധവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. ‘സൈന്ന്യ’ത്തിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. മെസേജ് അയച്ചാല്‍ മറുപടി അയക്കും. ഇടയ്ക്ക് ഫോണില്‍ സംസാരിക്കും. അതിനപ്പുറം അദ്ദേഹത്തെ കോണ്‍ടാക്ട് ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ല. തിരക്കുളള ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്ന തോന്നലായിരുന്നു മനസില്‍. മാത്രമല്ല സൗഹൃദങ്ങള്‍ മിസ്‌യൂസ് ചെയ്യുന്നതിലും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.

ചാനൽ ഷോ നടക്കുന്ന സമയത്ത് ഞാനിരുന്നതിന്റെ മൂന്ന് റോ മുന്നിലായി അദ്ദേഹം ഇരിക്കുന്നത് കണ്ടു. പരിചയം പുതുക്കണോ വേണ്ടയോ, എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം, ഗൗനിച്ചില്ലെങ്കിലോ എന്നെല്ലാമുളള ആശങ്ക മനസിലുടെ കടന്നു പോയി. പക്ഷേ എന്നെ കണ്ടയുടന്‍ ദീര്‍ഘകാലമായി കാണാതിരുന്ന ഒരു സുഹൃത്തിനെ കണ്ടതിന്റെ ആകാംക്ഷയോടെ അടുത്തു വന്ന് വല്ലാത്ത സന്തോഷത്തോടെ പെരുമാറി. കുറെ സമയം അടുത്ത് പിടിച്ചിരുത്തി എന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സിനിമയെക്കുറിച്ചല്ല കുടുംബത്തെക്കുറിച്ചാണ് ചോദിച്ചത് അത്രയും. ഒരിക്കല്‍ ഞാന്‍ ചെന്നെയിലുളളപ്പോള്‍ അവിടെ ജ്യോതികയുടെയും സൂര്യയുടെയും വിവാഹം നടക്കുകയാണ്. ഈ സമയത്ത് വിക്രം അവിടെയുണ്ടാകുമെന്ന് ഊഹിച്ചു. എനിക്ക് അദ്ദേഹത്തെ ഒന്ന് കാണണമെന്ന് തോന്നി. പോകാനായി സുഹൃത്തിന്റെ കാര്‍ അടക്കം ഏര്‍പ്പാട് ചെയ്തു. ഞാന്‍ വിക്രമിനെ പല തവണ ഫോണില്‍ വിളിച്ചു. എടുക്കുന്നില്ല.
‘‘ഞാന്‍ ചെന്നെയിലുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് എപ്പോഴെങ്കിലൂങ്കിലും കാണാന്‍ പറ്റുമോ? രാത്രിയായാലും പ്രശ്‌നമില്ല’’, എന്നെല്ലാം മെസേജ് ചെയ്തിട്ട് അതിനും മറുപടിയില്ല. വിക്രമും മാറിപ്പോയോ എന്ന് ഒരു നിമിഷം ഞാന്‍ സംശയിച്ചു. വൈകുന്നേരം 7 മണി കഴിഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ച് വിളിച്ച് പറയുന്നു. ‘‘ബ്രദര്‍ സോറി കേട്ടോ. എനിക്ക് ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. സ്വിറ്റ്‌സര്‍ലാൻഡിൽ ഒരു സിനിമയുടെ സോങ് ഷൂട്ട് നടക്കുകയാണ്. ആകെ ഒറ്റദിവസത്തെ ഡേറ്റാണ് അവര്‍ക്ക് കൊടുത്തിരിക്കുന്നത്. അതിനുളളില്‍ തീര്‍ക്കണം. അതുകൊണ്ടാണ് ഫോണ്‍ ഒന്നും അറ്റന്‍ഡ് ചെയ്യാത്തത്. എന്താ വിളിച്ചത്?’’

കാണാന്‍ ആഗ്രഹിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു. ‘‘വല്യ സന്തോഷം. അടുത്ത തവണ വരുമ്പോള്‍ ഉറപ്പായും നമുക്ക് കാണണം. ഇതിപ്പോള്‍ ഇവിടെ കുരുങ്ങിപ്പോയതു കൊണ്ടാണ്’’, എന്ന് പല തവണ ആവര്‍ത്തിച്ച് പറയുകയാണ്. ആ എളിമയും സ്‌നേഹവും ഉളളില്‍ നിന്ന് വരുന്നതാണ്.പിന്നീട് കാണുന്നത് ‘ഇരുമുഖന്‍’ എന്ന പടത്തിന്റെ പ്രെമോഷനായി പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ്. അന്ന് സൈന്ന്യം ടീമെല്ലാം കൂടി ഒന്നിച്ച് ചേരുന്ന ഒരു പദ്ധതി ചാനല്‍ മുന്നോട്ട് വച്ചു. പക്ഷേ എല്ലാം രഹസ്യമായിരിക്കണം. ഇങ്ങനെയൊരു സംഗതിയുണ്ടെന്ന് സ്‌റ്റേജില്‍ വരുമ്പോള്‍ മാത്രമേ വിക്രം അറിയാന്‍ പാടുളളു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടു.അദ്ദേഹം വരുമ്പോള്‍ ചാനലുകാര്‍ ഞങ്ങളെ ഒരു റൂമിനുളളില്‍ അടച്ചിട്ടിരിക്കുകയാണ്. വിക്രം സ്‌റ്റേജില്‍ കയറി ഇന്റര്‍വ്യൂ തുടങ്ങി പഴയ ‘സൈന്ന്യം’ കാലത്തെ സൗഹൃദങ്ങളെക്കുറിച്ചൊക്കെ ഇന്റര്‍വ്യൂവര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അതെല്ലാം ഓര്‍മിച്ചു. ഞങ്ങളില്‍ പലരുടെയും പേരുകള്‍ പറഞ്ഞു. എന്റെ പേര് മുകുന്ദ് എന്നാണ് പറഞ്ഞത്. പെട്ടെന്ന് ഞങ്ങള്‍ ടീമായി സ്‌റ്റേജിലേക്ക് കയറി ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ എക്‌സൈറ്റ്‌മെന്റ ് ഒന്ന് കാണേണ്ടതായിരുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍ നല്‍കിയ ഊര്‍ജം
മമ്മൂക്ക നിർമിച്ച ജ്വാലയായ് എന്ന പരമ്പരയില്‍ ഹീറോയായി അഭിനയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു. അതിന് മുന്‍പും എന്റെ സീരിയലുകള്‍ ഹിറ്റായിട്ടുണ്ടെങ്കിലും ജ്വാലയായ് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. അന്ന് കോളജ് ക്യാംപസുകളിലും മറ്റും ഉദ്ഘാടനത്തിന് ചെല്ലുമ്പോള്‍ സൈന്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ ഓട്ടോഗ്രാഫിനായി ആളുകള്‍ സമീപിക്കുമായിരുന്നു. ആ സീരിയലിന്റെ കാസ്റ്റിങ് നടക്കുമ്പോള്‍ സംവിധായകനോട് മമ്മൂക്ക ചോദിച്ചു.
‘‘ഈ ആനന്ദന്‍ എന്ന ക്യാരക്ടര്‍ ആരാ ചെയ്യുന്നത്?’’
‘മുകുന്ദനെയാണ് ഉദ്ദേശിച്ചിരിക്കുന്നത്’
‘ങ്ാ...കൊളളാം’
ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ആ വാക്കുകള്‍ കാണുന്നു. പരമ്പരയുടെ പൂജ നടക്കുന്ന സമയത്ത് മമ്മൂക്ക വന്നിരുന്നു. അദ്ദേഹം അതില്‍ സഹകരിച്ച പല നടന്‍മാരെക്കുറിച്ചും പ്രസംഗിച്ചു. എന്റെ കാര്യം വന്നപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘‘ങ്ാ..പിന്നെ മുകുന്ദന്‍...മുകുന്ദന്‍ സീരിയല്‍ രംഗത്തെ ഒരു സൂപ്പര്‍സ്റ്റാറാണല്ലോ?’’
മുന്നോട്ട് പോകാന്‍ വല്ലാത്ത ഊര്‍ജം നല്‍കിയ വാക്കുകളായിരുന്നു അതെല്ലാം. മറ്റൊരു മഹാഭാഗ്യമായി കാണുന്നത് സിനിമയിലെ പല വലിയ നടന്‍മാര്‍ക്കും എംടി സാറിന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുളള അവസരത്തിനായി വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും കഴിയാതെ പോയിട്ടുണ്ട്. പക്ഷെ സീരിയലില്‍ എനിക്ക് പല തവണ അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ വിരിഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു.

അഭിനയം പഠിക്കാനിറങ്ങിയപ്പോള്‍...
എല്ലാവരും ഡോക്ടറും എന്‍ജിനീയറുമാകാന്‍ വ്യഗ്രത പൂണ്ട് നില്‍ക്കുന്ന കാലത്ത് ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എനിക്ക് ഡ്രാമാ സ്‌കൂളില്‍ പോയി നാടകം പഠിക്കണം. ഇത് പഠിച്ചിട്ട് എന്ത് ജോലി കിട്ടുമെന്ന ആധിയായി അവര്‍ക്ക്. ഞാന്‍ പറഞ്ഞു. ‘‘ദൂരദര്‍ശന്‍ തുടങ്ങാന്‍ പോകുന്നു. അവിടെ കിട്ടും. പിന്നെ സംഗീത നാടക അക്കാദമിയില്‍ കിട്ടും.’’ അങ്ങനെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയത്. ഒരു സാധ്യതയും മുന്നിലില്ലാത്ത ഘട്ടത്തില്‍ അത്തരമൊരു കോഴ്‌സ് പഠിക്കാന്‍ പോയതും വീട്ടുകാര്‍ അതിന് സമ്മതം നല്‍കിയതും വലിയ റിസ്‌കായിരുന്നു.

പഠിച്ചിറങ്ങിയ ശേഷം കുറെക്കാലം തൊഴില്‍രഹിതനായി നിന്നു. കാരണം അന്ന് ദൂരദര്‍ശന്‍ ഒഴികെ മറ്റ് ചാനലുകളില്ല. ദൂരദര്‍ശനിലാണെങ്കില്‍ മെഗാ സീരിയലുകളില്ല. ആകെയുളള 13 എപ്പിസോഡില്‍ നമുക്ക് എത്ര ദിവസം ജോലിയുണ്ടാകുമെന്ന് പറയാന്‍ പറ്റില്ല. അന്ന് വേറൊരു കുഴപ്പം കൂടിയുണ്ട്. ഇന്ന് നമ്മളെ ബുക്ക് ചെയ്യുന്നത് പെര്‍ ഡേ ബേസിലാണ്. ഒരു ദിവസം അഭിനയിക്കുന്നതിന് ഇത്ര രൂപ പ്രതിഫലം നിശ്ചയിക്കും. അന്ന് ഒരു പ്രൊജക്ടിനാണ് ബുക്കിങ്. എത്ര ദിവസം ഷൂട്ട് ഉണ്ടെങ്കിലും അവര്‍ പറയുന്ന തുകയ്ക്ക് നാം അഭിനയിക്കണം. അക്കാലത്ത് ചില പടങ്ങളില്‍ സഹസംവിധായകനായി ജോലി ചെയ്തു. അതില്‍ നിന്ന് ചെറിയ വരുമാനം കിട്ടി. ഇതുകൊണ്ടൊന്നും ജീവിക്കാനുളള വരുമാനം കിട്ടുന്നില്ല.
ഗുരുവും ശിഷ്യനും..
ആ സമയത്ത് വേണു നാഗവളളിയുടെ പിതാവ് നാഗവളളി ആര്‍.എസ്.കുറുപ്പ് ചെയര്‍മാനായ സ്വകാര്യ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് ക്ലാസ് എടുക്കാന്‍ ആളില്ല. അവര്‍ എന്നെ വിളിച്ച് മണിക്കൂറിന് ഇത്ര രൂപ പ്രതിഫലം നിശ്ചയിച്ചു. അങ്ങനെയാണ് അധ്യാപകനായി മാറുന്നത്. അധ്യാപനം എന്റെ മേഖലയല്ലെങ്കിലൂം ആ ജോലിയുടെ മഹത്വവും അതിന്റെ സവിശേഷതകളും അവിടെ വച്ച് ഞാന്‍ മനസിലാക്കി. നമുക്ക് എത്ര അറിവുണ്ടെങ്കിലും അത് കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. പത്ത് കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ പത്ത് പേരുടെയും സ്വഭാവവും കഴിവുകളും വിഭിന്നമായിരിക്കും. നമ്മള്‍ തിയറിയേക്കാളുപരി പ്രാക്ടിക്കലാണ് എടുക്കുന്നത്. അത് എല്ലാവരുടെയും തലയില്‍ കയറണമെന്നില്ല. ഞാന്‍ ചെയ്തു കാണിച്ചുകൊടുക്കുകയും അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയുമായിരുന്നു.
അന്ന് വളരെ ക്രിയേറ്റീവായ സംശയങ്ങള്‍ ചോദിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. പുളളിയോട് ഞാന്‍ പറഞ്ഞു.
‘‘നിങ്ങള്‍ ഡയറക്ഷനില്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും’’
അതെന്താ അങ്ങനെ എന്നായി അദ്ദേഹം. ഞാന്‍ പറഞ്ഞു.‘‘ആക്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ നല്ലതാണ്. പക്ഷേ അതിനേക്കാള്‍ ഉപരി ഡയറക്‌ടോറിയല്‍ സ്‌കില്‍ ഉളളയാളാണ് നിങ്ങള്‍’’. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹം വലിയ ഗുരുത്വമുളള ആളാണ്. ആദ്യപടമായ ‘ഉദയനാണ് താരം’ സംവിധാനം ചെയ്യും മുന്‍പ് കഥയൊക്കെ വന്ന് പറഞ്ഞിരുന്നു. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹത്തെക്കുറിച്ച് ഒരു അറിവുമുണ്ടായിരുന്നില്ല. ഒരു ദിവസം അപ്രതീക്ഷിതമായി എന്നെ വിളിച്ച് പറയുന്നു. ‘‘ചേട്ടാ..ഇന്ന് എന്റെ ആദ്യസിനിമയുടെ ഫസ്റ്റ്‌ഷോട്ട് എടുക്കാന്‍ പോവുകയാണ്. ചേട്ടന്റെ അനുഗ്രഹമുണ്ടാകണം’’
ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘‘റോഷന്‍ ഈ സിനിമ 100 ദിവസത്തിന് മുകളില്‍ ഓടും’’
ഷൂട്ടിംഗ് തീരുന്ന ദിവസവും എന്നെ വിളിച്ചു. ‘‘ഞാന്‍ ലാസ്റ്റ് ഷോട്ട് എടുക്കുകയാണ് ചേട്ടാ..പ്രാർഥിക്കണേ..’’
സാങ്കേതികമായി 6 മാസം ഞാന്‍ റോഷന്റെ അധ്യാപകനായിരുന്നെങ്കിലും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതൊഴിച്ചാല്‍ എന്നില്‍ നിന്ന് അദ്ദേഹമല്ല അദ്ദേഹത്തില്‍ നിന്ന് ഞാനാണ് പല കാര്യങ്ങളും പഠിച്ചത്. ക്ലാസ് നടക്കുമ്പോള്‍ റോഷന്‍ അഭിനയിച്ചു കാണിക്കുന്നതു കണ്ട് കൊളളാം നന്നായിരിക്കുന്നു എന്ന് ഞാന്‍ പറയും. ഒന്ന് കുടെ ചെയ്യട്ടെ എന്ന് റോഷന്‍. വേണ്ട ഇപ്പോള്‍ ചെയ്തത് ഓകെയാണല്ലോ എന്ന് ഞാന്‍. അല്ല എനിക്ക് ഒന്ന് കൂടി ചെയ്യണമെന്ന് റോഷന്‍ നിര്‍ബന്ധം പിടിക്കും. പെര്‍ഫക്ഷനുവേണ്ടിയുളള ആ പിടിവാശി അന്നേ റോഷന്റെ ഉളളിലുണ്ട്.

എത്ര വലിയ താരം അഭിനയിക്കുന്ന ഷോട്ട് ആണെങ്കിലൂം തന്റെ മനസിലുളള റിസള്‍ട്ട് വരുന്നത് വരെ റീടേക്കുകള്‍ എടുക്കാറുണ്ട് റോഷന്‍. അതുപോലെ ആദ്യ സിനിമയ്ക്കായുളള പരിശ്രമം വര്‍ഷങ്ങള്‍ നീണ്ടുപോയപ്പോള്‍ സാമ്പത്തികമായി അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടുന്നതായറിഞ്ഞു. ആ സമയത്ത് ഒരു സീരിയല്‍ സംവിധാനം ചെയ്യാന്‍ അവസരം ഒരുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ റോഷന്‍ പറഞ്ഞു. ‘‘ഈ ഘട്ടത്തില്‍ എനിക്ക് അതൊരു വലിയ സഹായമാകും. പക്ഷേ വേണ്ട’’,കാരണം തിരക്കിയപ്പോള്‍ പറഞ്ഞു. ‘സിനിമയിലേക്കുളള എന്റെ ഫോക്കസ് നഷ്ടപ്പെടും’, വലിയ ലക്ഷ്യത്തിനായി പൊരുതാനുളള മനസും ജാഗത്രയുമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചത്.
ഷീലാമ്മയുടെ ഗിഫ്റ്റ്
നമ്മള്‍ എങ്ങനെ ഓര്‍മിക്കപ്പെടുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ മൂല്യം ഇരിക്കുന്നത്. നസീര്‍ സാറിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന മധു സര്‍, ജി.കെ.പിളള ചേട്ടന്‍, ഷീലാമ്മ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ പറ്റി. അവരില്‍ നിന്നെല്ലാം കേട്ട കഥകളിലുടെ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തി. എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുളളു. സാധാരണ ഏത് മനുഷ്യനെക്കുറിച്ചും ചെറിയ നെഗറ്റീവ്‌സ് ഒക്കെയുണ്ടാവും. പക്ഷെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും നസീര്‍ സാറിന്റെ നന്മകളെക്കുറിച്ചാണ് പറയുന്നത്. ഷീലാമ്മ സീരിയലില്‍ അഭിനയിക്കുമ്പോള്‍ എല്ലാവരോടും സമന്‍മാരെ പോലെ ഇടപെടുകയും പഴയ കഥകളൊക്കെ പറയുകയും ചെയ്യുമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പിരിയുമ്പോള്‍ എന്റെ ഓര്‍മ്മയ്ക്ക് എന്ന് പറഞ്ഞ് ചില ഗിഫ്റ്റുകളൊക്കെ കൊടുക്കും. എനിക്ക് ഒരു മോതിരം തന്നിട്ട് തുറന്ന് നോക്ക് എന്ന് പറഞ്ഞൂ. ഞാന്‍ നോക്കുമ്പോള്‍ അതിനുളളില്‍ ഒരു വാച്ചാണ്.

അന്നും ഇന്നും..
മുന്‍കാലങ്ങളില്‍ സെറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍ തമ്മില്‍ ഒരു ബോണ്ടിങ് ഉണ്ടായിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റുകളെ കണ്ടാല്‍ അങ്ങോട്ട് പോയി പരിചയപ്പെടും. പേര് പറയും. അപ്പോള്‍ അവര്‍ തിരിച്ച് പറയും. എനിക്കറിയാം. ഇന്ന സീരിയലില്‍ കണ്ടിട്ടുണ്ട് എന്നൊക്കെ. അവര്‍ക്ക് നമ്മളെ അറിയാമോ ഇല്ലയോ എന്നതല്ല അടുത്ത് ചെന്ന് പരിചയപ്പെടുന്നതിലുടെ അവരോടുളള ബഹുമാനം പ്രകടിപ്പിക്കുക എന്നതാണ്. ഇന്ന് അതല്ല സ്ഥിതി. പുതിയ കുട്ടികള്‍ വന്നാല്‍ അവര്‍ ആരെയും ചെന്ന് പരിചയപ്പെടാറില്ല. കുറ്റമായിട്ട് പറയുകയല്ല. പരിചയപ്പെടാന്‍ ചെന്നാല്‍ ഇദ്ദേഹം എങ്ങനെയാവും പ്രതികരിക്കുക എന്നൊക്കെയുളള ആശങ്കകള്‍ കൊണ്ടാവാം. പക്ഷേ അപൂര്‍വം ചിലര്‍ ഇക്കാലത്തും വന്ന് സംസാരിക്കാറുമുണ്ട്. കൂട്ടായ്മയ്ക്ക് ഒരു വലിയ സൗന്ദര്യമുണ്ട്. ചിരിയും കളിയും തമാശകളും പ്രശ്‌നങ്ങള്‍ പങ്കിടലുമായി നമ്മുടെ മനസിന്റെ ഭാരം കുറയും. നമ്മള്‍ എപ്പോഴും ഹാപ്പിയായിരിക്കും. തനിച്ചിരിക്കുമ്പോള്‍ നമ്മള്‍ പലതിനെക്കുറിച്ചും ആലോചിച്ച് വിഷമിക്കും. രണ്ടും രണ്ട് വ്യത്യസ്ത അവസ്ഥകളാണ്.
പിന്നെ എല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുകയല്ലേ? സിനിമകള്‍ ധാരാളമായി ചെയ്യണം എന്ന് വിചാരിച്ച് കുറെക്കാലം ഞാന്‍ പരമ്പരകളില്‍ നിന്ന് മാറി നിന്നു. അതിന് കാരണം മറ്റൊന്നുമല്ല. സീരിയല്‍ വന്ന് പോവുകയാണ്. എയര്‍ ചെയ്തു കഴിഞ്ഞാല്‍ അതോടെ അവസാനിച്ചു. സിനിമ ചരിത്രമാണ്. നമ്മള്‍ ചെയ്ത ഒരു വേഷം എത്ര കാലം കഴിഞ്ഞാലും നിലനില്‍ക്കും. പവിത്രം, പൊന്തന്‍മാട, വിസ്മയം..എന്നിങ്ങനെ കുറെ സിനിമകളില്‍ അഭിനയിച്ചു. വീണ്ടും മെഗാ സീരിയലുകള്‍ വന്ന് അതില്‍ തിരക്കായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പിന്നീട് സിനിമയില്‍ നിന്നും നല്ല അവസരങ്ങള്‍ വന്നിട്ട് പോലും പോകാന്‍ കഴിഞ്ഞില്ല. മെഗാസീരിയലുകള്‍ ഏറ്റകഴിഞ്ഞാല്‍ പിന്നെ ഇടയ്ക്ക് ഉപേക്ഷിച്ച് പോകാന്‍ പറ്റില്ല. പിന്നെ കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരാളാണ് ഞാന്‍.

സിനിമ, നാടകം, ടെലിവിഷന്‍, പരസ്യചിത്രങ്ങള്‍, അധ്യാപനം... വ്യത്യസ്തമായ പല മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ‘ജ്വാലയായ്’ ചെയ്യുന്ന കാലത്ത് ഉച്ചയ്ക്കുളള ഫ്‌ളൈറ്റില്‍ മദ്രാസില്‍ പോയി എവിഎമ്മിന്റെ സീരിയലില്‍ അഭിനയിച്ച് മടങ്ങി വന്നിട്ടുണ്ട്. അത്രയ്ക്ക് തിരക്കുളള ഘട്ടങ്ങളിലുടെ കടന്നു പോയിട്ടുണ്ട്. മിനിസ്‌കീനിലെ മികച്ച നടനുളള സ്‌റ്റേറ്റ് അവാര്‍ഡും ലഭിച്ചു. ഇടയ്ക്ക് വീണ്ടും പരമ്പരകളില്‍ നിന്ന് അവധിയെടുത്ത് സിനിമയില്‍ തിരികെ വന്നു. മുംബൈ പൊലീസ്, നെത്തോലി ഒരു ചെറിയ മീനല്ല, കായംകുളം കൊച്ചുണ്ണി...അങ്ങനെ കുറെ നല്ല പടങ്ങളുടെ ഭാഗമാകാന്‍ പറ്റി.
ജീവിതത്തില്‍ നിയോഗം എന്ന വാക്കിന് വലിയ സ്ഥാനമുണ്ട്. സത്യത്തില്‍ ഒരു നടനാകാന്‍ ആഗ്രഹിച്ച് വന്നയാളല്ല ഞാന്‍. സിനിമയുടെ ക്രിയാത്മക മേഖലകളായിരുന്നു ലക്ഷ്യം. സഹസംവിധായകനായത് തന്നെ അതിന് വേണ്ടിയാണ്. അപ്പോഴൊന്നും അഭിനയത്തെക്കുറിച്ച് ആലോചിച്ചിട്ട് കൂടിയില്ല. യാദൃച്ഛികമായി ഒരു ടെലിഫിലിമില്‍ അഭിനയിക്കാന്‍ അവസരം വന്നു. പിന്നീട് സീരിയലുകള്‍ വന്നു. അങ്ങനെ ദീര്‍ഘകാലം അതില്‍ തന്നെ പ്രവര്‍ത്തിച്ചു. മൂന്നര പതിറ്റാണ്ട് കടന്നു പോയി എന്ന് ആലോചിക്കുമ്പോള്‍ വിസ്മയം തോന്നുന്നു. പ്രതീക്ഷിക്കാത്ത വഴിത്താരകളിലുടെ ഏതോ മഹാശക്തി കൈപിടിച്ചു നടത്തിയത് പോലെ....