ADVERTISEMENT

തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിയ കൃഷ്ണയുടെ വെളിപ്പെടുത്തൽ. 

ദിയ കൃഷ്ണയുടെ വാക്കുകൾ: 

ഏഴെട്ടു മാസമായി അവർ തട്ടിപ്പ് നടത്തുന്നുണ്ട്. ഞാനിപ്പോൾ എട്ടു മാസം ഗർഭിണിയാണ്. എനിക്ക് ആദ്യ അഞ്ചു മാസം വരെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ആശുപത്രിയിലായിരുന്നു. അമ്മയാണ് കൂടെ വരാറുള്ളത്. ഡ്രിപ്പ് ഇട്ടാണ് പലപ്പോഴും സംസാരിക്കാൻ പറ്റിയിരുന്നത് തന്നെ. ഗർഭിണി ആകുന്നതു വരെ കടയിലെ സ്റ്റോക്കും ക്യാഷും എല്ലാം ഞാൻ നോക്കിയിരുന്നു. ഞാൻ എപ്പോഴും കടയിൽ പോയി ഇരിക്കുന്നതാണ്. എനിക്ക് കടയിൽ വരാൻ കഴിയുന്ന അവസ്ഥ അല്ലെന്ന് ജീവനക്കാരോട് ഞാൻ പറഞ്ഞിരുന്നു. കട നോക്കി നടത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചു കാലമായി എന്റെ കൂടെ ഉള്ളവർ ആയതുകൊണ്ട് സ്വാഭാവികമായും ഞാൻ അവരെ വിശ്വസിച്ചു. അങ്ങനെ വിശ്വസിക്കാതെ നമുക്ക് ഒരു പരിധി കഴിഞ്ഞ് ബിസിനസ്സ് ചെയ്യാൻ കഴിയില്ല. അങ്ങനെ അവരെ വിശ്വസിച്ചതാണ്! ആരു ചോദിച്ചാലും ഞാൻ എന്റെ പിള്ളേരെന്നാ അവരെക്കുറിച്ച് പറയാറുള്ളത്. എന്റെ അനിയത്തിമാരെപ്പോലെ എന്നാണ് ഞാനെപ്പോഴും പറയുക. കാരണം, അവർ ചെറിയ പിള്ളേരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എന്റെ ഏറ്റവും ഇളയ അനിയത്തിയുടെ പ്രായമൊക്കെയേ അവർക്കുണ്ടാവൂ. അവർ ഇങ്ങനെ ചെയ്യുമെന്ന് എന്റെ മനസ്സിൽക്കൂടെ പോകുന്നില്ല. 

കടയിൽ എത്തുന്നവരോട് ക്യുആർ കോഡും കാർഡ് മെഷീനും പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവർ ക്യാഷ് ആവശ്യപ്പെട്ടത്. ക്യാഷ് കൊണ്ടു വന്നില്ലെന്നു പറഞ്ഞവരോട് താഴെ കാത്തു നിൽക്കാം, ക്യാഷ് എടുത്തു വരാനും നിർബന്ധിച്ചു. കടയിൽ ഒരു റജിസ്റ്റർ ഉണ്ട്. വരുന്ന കസ്റ്റമേഴ്സിന്റെ വിവരങ്ങൾ അതിലാണ് രേഖപ്പെടുത്താറുള്ളത്. ആളുകൾ വരുമ്പോൾ ആ റജിസ്റ്റർ ബുക്ക് എടുത്ത് ക്യുആർ കോഡിന്റെ മുകളിലേക്ക് വയ്ക്കും. കടയിൽ വരുന്നവർ അതുകൊണ്ട് ആ ക്യുആർ കോഡ് കാണുന്നില്ല. സാധനങ്ങൾ വാങ്ങിയതിനു ശേഷം ഡിസ്കൗണ്ട് ചോദിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടില്ലാത്ത ഡിസ്കൗണ്ട് അവർ തന്നെ കൊടുക്കും. കസ്റ്റമേഴ്സ് നോക്കുമ്പോൾ അവർക്ക് നല്ല ഡിസ്കൗണ്ട് കിട്ടുന്നു. ഇവരെ സംബന്ധിച്ചിടത്തോളം അവർ കാശു മുടക്കാത്ത ഒരു സാധനത്തിന് 10 രൂപ കിട്ടിയാലും ലാഭമല്ലേ. മൂന്നുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 

ഇക്കാര്യം ആദ്യം ചോദിച്ചപ്പോൾ അവർ സമ്മതിച്ചില്ല. കുറച്ചു കള്ളം പറയാൻ ശ്രമിച്ചു. എന്റെ അനിയത്തിയുടെ സുഹൃത്ത് വഴിയാണ് ഈ തട്ടിപ്പിനെക്കുറിച്ച് എനിക്ക് സൂചന ലഭിച്ചത്. അതു വച്ചു വീണ്ടും ചോദിച്ചപ്പോൾ പണം എടുത്തു പക്ഷേ, തിരിച്ചു തരാൻ മറന്നു പോയതാണെന്നു പറഞ്ഞു. കുഴപ്പമില്ല, എത്രയും പെട്ടെന്ന് പണം തിരികെ ഇടാൻ ഞാൻ പറഞ്ഞു. ആ പൈസ അവർ ഇട്ടു തന്നു. അതിനുശേഷം ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി ഇട്ടു. ഏതെങ്കിലും കസ്റ്റമേഴ്സിനോട് എന്റെ സ്റ്റാഫ് പണം ചോദിച്ചിട്ടുണ്ടെങ്കിൽ എന്നെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റോറി ഇട്ടത്. അപ്പോൾ തന്നെ എന്റെ സ്റ്റാഫ് ആയിരുന്ന കുട്ടികളും അവരുടെ ഭർത്താക്കന്മാരും എന്നെ മാറി മാറി വിളിക്കാൻ തുടങ്ങി. എന്തിനാണ് ഞാൻ സ്റ്റോറി ഇട്ടതെന്നായി അവർ. കടയിൽ വന്നവരെക്കുറിച്ച് എനിക്ക് അറിയില്ലല്ലോ. അവരുടെ വീട്ടിൽ പോയി ഓരോരുത്തരോടും ചോദിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് സ്റ്റോറി ഇട്ടത്. ആ സ്റ്റോറി കണ്ട് എനിക്ക് ആയിരത്തോളം മെസജുകൾ വരാൻ തുടങ്ങി. അതിൽ നൂറെണ്ണം തുറന്നപ്പോൾ തന്നെ ഈ കുട്ടികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ സ്ക്രീൻഷോട്ടുകളായിരുന്നു. 

പരിചയമില്ലാത്ത നമ്പറിലേക്ക് എന്തിന് പണം കൈമാറിയെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, എന്റെ ജീവനക്കാർ അവരോട് പറഞ്ഞത് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടപ്പോൾ പലരുടെയും നഷ്ടപ്പെട്ടു. അതുകൊണ്ടാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പൈസ പോയാലോ എന്നു പേടിച്ചാണ് കസ്റ്റമേഴ്സ് ജീവനക്കാർ പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടത്. പേര് വേറെയാണല്ലോ എന്ന് ഒരാൾ ചോദിച്ചപ്പോൾ അത് ദിയയുടെ അക്കൗണ്ടിന്റെ നമ്പറാണെന്നും അവർ പറഞ്ഞു. അത് സുരക്ഷിതമാണെന്നും അവർ വിശ്വസിപ്പിച്ചു. കൂടാതെ, ഇവരിൽ ഒരാൾ ഫോൺ പേയിൽ പേര് ‘ഓഹ് ബൈ ഓസി’ എന്നാക്കി സേവ് ചെയ്തു. 

മേയ് 29ന് രാത്രിയാണ് ഞാൻ ഇവരെ കണ്ടുപിടിക്കുന്നത്. അടുത്ത ദിവസം പുലർച്ചെ വരെ അവർ എന്നെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല. പല നമ്പറുകളിൽ നിന്ന് എന്നെ വിളിച്ചു കൊണ്ടിരുന്നു. അവർ കരഞ്ഞ്, കാലു പിടിച്ച് കെഞ്ചി. ഇൻസ്റ്റഗ്രാമിലോ യുട്യൂബിലോ ഇടല്ലേ എന്ന് അഭ്യർഥിച്ചു. അവർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ലെന്നു പറഞ്ഞു. എന്തു വേണമെങ്കിലും പരിഹാരം ചെയ്യാമെന്നൊക്കെ പറഞ്ഞു. അവർ അത്രയ്ക്ക് കാലു പിടിച്ച് കെഞ്ചിക്കൊണ്ടിരുന്നു. ഞാൻ അതിന് തയാറല്ലായിരുന്നു. കാരണം, കണക്കു നോക്കുമ്പോൾ ഇവർ തട്ടിയത് ലക്ഷങ്ങൾ വരും. എനിക്ക് അത് ക്ഷമിക്കാൻ കഴിയില്ലെന്നും ആ പൈസയും വേണ്ടെന്നും ഞാൻ പറഞ്ഞു. പൊലീസിൽ തീർപ്പാക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. വീട്ടുകാരെ അറിയിക്കരുതെന്നും എന്റെ അച്ഛൻ അറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്നും അവർ പറഞ്ഞു. ഞാൻ പക്ഷേ, വീട്ടിൽ പറയുമെന്നു തന്നെ വ്യക്തമാക്കി. 

അതോടെ അവർ എന്റെ ഭർത്താവ് അശ്വിനെ വിളിക്കാൻ തുടങ്ങി. അവസാനം അശ്വിൻ പറഞ്ഞു, അവർക്ക് പറ്റുന്ന പൈസ തരാൻ! അതിരാവിലെയാണ് ഞങ്ങൾ ഈ കാര്യം പറയുന്നത്. അവർക്ക് ഒരിക്കലും ആ പൈസ കൊണ്ടു വരാൻ കഴിയില്ലെന്നാണ് ഞാൻ കരുതിയത്. അവർ ഫോൺ വയ്ക്കാൻ വേണ്ടി പറഞ്ഞതാണ്. ഒപ്പിക്കാൻ പറ്റുന്ന പണം കൊണ്ടു വരാൻ! അങ്ങനെയാണ് പുലർച്ചെ ഞങ്ങൾ കിടന്നത്. അടുത്ത ദിവസം രാവിലെ അശ്വിന്റെ ഫോണിൽ കോൾ വന്നാണ് ഞങ്ങൾ എണീക്കുന്നത്. രാവിെല ഒമ്പതര കഴിഞ്ഞു കാണും. അവർ ഫ്ലാറ്റിന്റെ അവിടെ എത്തിയെന്ന് ഫോണിൽ പറഞ്ഞു. കുറച്ച് ക്യാഷുണ്ട്, സർ വന്നു വാങ്ങാമോ എന്നു ചോദിച്ചു. ഇത്ര കുറഞ്ഞ സമയത്തിൽ അവർ എങ്ങനെ പണം കണ്ടെത്തിയെന്ന് ഞങ്ങൾ ഞെട്ടി. ഇവർ പറയുന്നത് സത്യമാണോ എന്നറിയാൻ താഴെ പോയി നോക്കി. അവരുടെ ഭർത്താക്കന്മാരെയാണ് അവിടെ കണ്ടത്. അവരെ അന്വേഷിച്ചപ്പോൾ അവർ ഗേറ്റിൽ നിൽക്കുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് അവരും വന്നു. അവർ വന്നപ്പോൾ കരഞ്ഞാണ് ഞാൻ ചോദിച്ചത്, ഞാനെന്തു ദ്രോഹം ചെയ്തിട്ടാണ് ഇങ്ങനെ ചെയ്തത്? അനിയത്തിമാരെപ്പോലെ അല്ലേ കണ്ടത്? അവർ സോറി എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും എന്റെ കുടുംബം മൊത്തം അവിടെ എത്തി. എല്ലാവരും അവരോടു ചോദിച്ചു. എന്തിനാണ് ഗർഭിണി ആയ ഒരാളെ ഇങ്ങനെ ടാർഗറ്റ് ചെയ്തത് എന്ന്! അപ്പോഴും അവർ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തെറ്റുപറ്റിപ്പോയെന്നു മാത്രം പറഞ്ഞു. 

എന്റെ കുടുംബാംഗങ്ങളും കൂടി വന്നപ്പോൾ 10–15 പേരായി. ഫ്ലാറ്റിന്റെ ഗസ്റ്റ് ഏരിയയിൽ ഇരുന്നാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ശബ്ദം കാരണം വേറെ എവിടെയെങ്കിലും പോയി സംസാരിക്കാൻ ഫ്ലാറ്റിലെ ആളുകൾ ആവശ്യപ്പെട്ടു. എന്റെ ഓഫിസ് ചെറുതായതുകൊണ്ട് അച്ഛന്റെ ഓഫിസിൽ പോകാമെന്നു പറഞ്ഞ് അവിടേക്ക് പോയി. എന്റെ ചേച്ചിയുടെ കൂടെ കാറിലാണ് അവർ രണ്ടു പേർ ഓഫിസിലേക്ക് പോയത്. ഒരാൾ എന്റെ അമ്മയുടെ കാറിലും പോയി. ഞാനും അശ്വിനും അവസാനമാണ് പോയത്. എന്തിനാണ് പൈസ എടുത്തതെന്ന് ചോദിച്ചപ്പോൾ അവർക്ക് എന്നെ ഇഷ്ടമല്ല, അതുകൊണ്ടാണെന്ന് ഒടുവിൽ പറഞ്ഞു. എന്റഎ സ്വഭാവം ഒട്ടും ഇഷ്ടമല്ല. അപ്പോൾ എന്റെ ചേച്ചി ചോദിച്ചു, എന്തിന് അങ്ങനെ ചെയ്യണം? ഇഷ്ടമില്ലാത്ത ഒരാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യാതെ ഇരുന്നൂടെ എന്ന്. അതിന് അവർ ഒരു ഉത്തരവും തന്നില്ല.

English Summary:

Diya Krishna's response of Employee Embezzlement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com