ഇഷാനിയുടെ സംശയം തട്ടിപ്പു പുറത്തുകൊണ്ടുവന്നു, അന്ന് രാവിലെ തന്നെ 4 ലക്ഷം തരണമെങ്കിൽ: സിന്ധു കൃഷ്ണ വെളിപ്പെടുത്തുന്നു

Mail This Article
മകൾ ദിയ കൂടപ്പിറപ്പുകളെ പോലെ വിശ്വസിച്ച് കൂടെ നിർത്തിയ കുട്ടികളാണ് മകളെ പറ്റിച്ചതെന്ന് ദിയ കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഗർഭിണിയായ മകൾക്ക് കടയിൽ പോയി ഇരിക്കാൻ കഴിയാതെ വന്നതോടെ കട പൂർണമായും ജോലിക്കാരുടെ കയ്യിൽ ആവുകയായിരുന്നു. അവരെ പൂർണമായും വിശ്വസിച്ചിരുന്ന ദിയയെ പറ്റിച്ച് വലിയ തുകകൾ അവർ സ്വന്തം ക്യുആർ കോഡിലേക്ക് സ്വീകരിക്കുകയും ദിയയുടെ കടയിലെ ആഭരണങ്ങൾ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയർ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. മകൾ ഇഷാനിയുടെ സുഹൃത്ത് ആഭരണം വാങ്ങിയപ്പോൾ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ വഴിതെളിച്ചത്. പൂർണ ഗർഭിണിയായി ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ഇരിക്കുന്ന മകൾ ഏറെ ദുഃഖിതയാണെന്നും വിശ്വസിച്ചു കൂടെ നിർത്തിയ പെൺകുട്ടികൾ തന്നെ ചതിച്ചല്ലോ എന്നതാണ് പണം നഷ്ടപ്പെട്ടതിനേക്കാൾ ദിയയെ തകർത്തുകളഞ്ഞതെന്നും കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ പറയുന്നു.
‘‘ദിയ വിശ്വസിച്ച് ഷോപ്പിൽ നിർത്തിയിരുന്ന പിള്ളേരായിരുന്നു അവർ. എനിക്ക് പലപ്പോഴും ഒരു റോങ്ങ് വൈബ് അവരിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോൾ ആ കുട്ടിയുടെ പേയ്മെന്റ് മറ്റൊരു ക്യുആർ കോഡിൽ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. എനിക്കും ഷോക്കിങ് ആയിരുന്നു ഈ വാർത്ത. അഞ്ഞൂറോ ആയിരമോ എടുക്കുന്നതുപോലെ അല്ലല്ലോ ഇത്രയും വലിയൊരു തുക എടുക്കുന്നത്. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോൾ അവരുടെ ക്യുആർ കോഡ് ആണ് പണം അയയ്ക്കാൻ കൊടുത്തത്. അങ്ങനെ ആ കുട്ടി ഇഷാനിയോട് ചോദിച്ചു. ഇഷാനി, ദിയയോട് ഇക്കാര്യം ചോദിച്ചപ്പോൾ ദിയ പറഞ്ഞു അങ്ങനെ ഞാൻ അവരോട് പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെ സംശയം തോന്നി ദിയ ഇൻസ്ഗ്രാമിൽ ഒരു സ്റ്റോറി ഇട്ടിരുന്നു, ‘എന്റെ ഓഫിസിൽ വന്ന് ആരെങ്കിലും എന്റേതല്ലാത്ത ക്യുആർ കോഡിൽ പണം കൊടുത്ത് സാധനം വാങ്ങിയിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന്’. അത് പോസ്റ്റ് ചെയ്ത ഉടൻ തന്നെ ആയിരക്കണക്കിന് മെസ്സേജ് ആണ് ഞങ്ങൾക്ക് വന്നത്. അങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത്.
എന്റെ മാനസികാവസ്ഥ ഇപ്പോൾ എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. നമുക്ക് മുന്നിൽ വരുന്നതെല്ലാം നേരിട്ടല്ലേ പറ്റൂ. നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ആ കുട്ടികളെ കയ്യോടെ പിടിക്കുകയും അവർ കുറ്റസമ്മതം നടത്തുകയും ചെയ്യുന്ന വിഡിയോ നമ്മുടെ കയ്യിൽ ഉണ്ട്. ആ വിഡിയോ പോലും ഞങ്ങൾ പുറത്തുവിടാതെ ഇരുന്നതാണ്. ഇപ്പോൾ അവർ ഞങ്ങൾക്കെതിരെ കേസുമായി പോയതുകൊണ്ടാണ് അത് പുറത്തുവിട്ടത്. തെറ്റ് ചെയ്തു അവർ കുറ്റം സമ്മതിച്ചു. നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയൊരു തുക അവർ എടുത്തു. നമ്മൾ അപ്പോഴും ചിന്തിക്കുന്നത് ഇത് പുറത്തുവിട്ടാൽ അവരുടെ പേരു മോശമാകും എന്നായിരുന്നു.
പണം കൊണ്ടുവരാം കേസു കൊടുക്കരുത് ഞങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്നാണ് അവർ പറഞ്ഞിരുന്നത്. അന്ന് അവർ ഇവിടെ ഇരിക്കുമ്പോഴോ ഇറങ്ങി പോകുമ്പോഴോ തന്നെ നമുക്ക് വേണമെങ്കിൽ പൊലീസിനെ വിളിക്കാം. പക്ഷേ ഞങ്ങൾ ഒന്നും ചെയ്തില്ല. മൂന്ന് പെൺകുട്ടികളാണ്, പ്രായം കുറഞ്ഞവരാണല്ലോ, രണ്ടുപേര് 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അവർക്ക് ഒരുപാട് ജീവിതം മുന്നിലുണ്ട്. അപ്പോ നമ്മളായി ആ കുട്ടികളുടെ ഭാവി തകർക്കരുത്, ക്ഷമിക്കാം എന്നാണു കരുതിയിരുന്നത്. പക്ഷേ അതിനുശേഷം കൂടെയുള്ള ആരെങ്കിലും അവർക്ക് കൊടുക്കുന്ന ഉപദേശം കേട്ടിട്ട് ആയിരിക്കാം, അവർ ആ ദിവസം രാത്രി ദിയയെ വിളിക്കുന്നതും എന്തൊക്കെയോ വേണ്ടാത്തത് പറയുന്നതും. അതിലോട്ടൊന്ന് പോകുമ്പോൾ അവരുടെ ടോൺ മാറുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒരു കേസ് കൊടുത്തത്. കേസ് കൊടുക്കേണ്ട എന്നുകരുതിയതാണ്. ഇത്രയും വലിയ തുക കൊണ്ടുപോയി എന്നറിഞ്ഞിട്ടും ഇത്രയും വലിയ മനസ്സു കാണിച്ചതാണ്. അവരോട് ക്ഷമിക്കാനാണ് മനസ്സ് പറയുന്നത്. അവരോട് ദേഷ്യമുണ്ട്, തീർച്ചയായും നമുക്ക് ദേഷ്യമുണ്ട്, തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. പക്ഷേ മകൾ വളരെ ഇഷ്ടത്തോടെ വച്ചിരുന്നതാണ് ഇവരെ. ഈ കുട്ടികളെ പൊലീസ് പിടിക്കുന്നതൊന്നും അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.
ദിയ ഈ ക്രൈം കണ്ടുപിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കിൽ അവരുടെ കയ്യിൽ റെഡി ക്യാഷ് ഉണ്ട്. രാവിലെ പണയം വയ്ക്കാൻ പോകാൻ പോലും സമയമില്ല. ഒൻപത് മണി ആയപ്പോഴാണ് ദിയുടെ ഫ്ലാറ്റിൽ അവർ ഓടി വന്ന് കാല് പിടിക്കാൻ തുടങ്ങിയത്. അയ്യോ ചേച്ചി ഇത് വയ്ക്ക്, ആരോടും പറയല്ലേ ആരോടും പറയല്ലേ എന്ന് പറഞ്ഞു. അങ്ങനെയാണ് ദിയ ഞങ്ങളെ വിളിച്ചത്. ഈ പിള്ളേര്‍ ഇവിടെ കാശുമായി വന്നു കിടന്ന് കരഞ്ഞു ബഹളം വയ്ക്കുന്നു, നിങ്ങളൊന്ന് വരുമോ എന്ന് ചോദിച്ചു. ദിയ ആകെ സമ്മർദത്തിൽ ആയിപോയി. ഇത്രയും കാശോടെ വന്നപ്പോഴാണ് ദിയ ആലോചിക്കുന്നത് ഇത്രയും അവർ എടുത്തോ എന്നതു തന്നെ?
അങ്ങനെയാണ് ഞങ്ങൾ പോയത്. ഞാൻ ആകെ പറഞ്ഞത് ഇത്രയേ ഉള്ളൂ, നിങ്ങൾ ദിയയുടെ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയ അന്നുതൊട്ടുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഒന്ന് കാണിക്കൂ. അത് കണ്ടിട്ട് അതിലപ്പോൾ കൂടുതൽ ഒന്നുമില്ലെങ്കിൽ നിങ്ങൾക്കും പോകാം, നമുക്കും പോകാം, ഇത് ഇവിടെ തീർന്നു. അത് പറഞ്ഞപ്പോൾ ഇവർക്ക് ടെൻഷൻ ആയി. അപ്പോൾ കൂടെയുള്ള പയ്യൻ കുറച്ചുകൂടി ക്യാഷ് കൊണ്ടുവരാം എന്നു പറഞ്ഞു. ദിയുടെ ഫ്ലാറ്റിന്റെ റിസപ്ഷൻ ഏരിയയിലാണ് ഇവരു വരുന്നതും ഈ കാലുപിടി നടക്കുന്നതും. അത് അവിടെ ഉള്ളവർക്ക് ബുദ്ധിമുട്ടാകും.
അപ്പോഴാണ് ഓഫിസിൽ പോകാം, നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ ഓഫിസിൽ ഇവർ വന്നത്. ഇവിടെ ഇരിക്കുമ്പോൾ ഒരു പെൺകൊച്ചിന്റെ ഭർത്താവ് പോയി നാലുലക്ഷം കൊണ്ടുവന്നു. ഞങ്ങളുടെ കയ്യിൽ ഇത്രയേ ഉള്ളൂ ഞങ്ങൾക്ക് ഇനി തരാൻ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു. അവസാനം ഇവിടുന്ന് പോകുന്നതിനു മുമ്പേ ഇനിയും പറ്റുന്നത് കൊണ്ടുവരാം എന്ന് പറഞ്ഞു. ഇതു പറഞ്ഞിട്ടാണ് അവർ പോകുന്നത്. ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ ഇട്ടാൽ പോലും എല്ലാവരെയും അറിയിക്കാം. പക്ഷേ ഞങ്ങൾ ആരും അത് ചെയ്തില്ല. എല്ലാവരുടെയും കയ്യിൽ അവർ കുറ്റസമ്മതം ചെയ്യുന്ന വിഡിയോ ഉണ്ട്. എന്ന് തൊട്ടാണ് ചെയ്തു തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോൾ ഇത്ര മാസം വരെ പറയുന്നുണ്ട്. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ദിയയെ ഇഷ്ടമല്ലാത്തുകൊണ്ടാണ് അത് ചെയ്തത് എന്നുവരെ പറയുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ പിടിക്കപ്പെടും എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നുചോദിച്ചപ്പോൾ അറിയാം എന്നെങ്കിലും പിടിക്കും എന്ന് അറിയാം എന്നും പറയുന്നുണ്ട്. ഇപ്പോൾ തന്നെ വളരെ കുറച്ചു വിഷ്വൽ ആണ് ഞങ്ങൾ പുറത്തുവിട്ടത്. അല്ലാതെ അവർ ഇരുന്നു കരയുന്നതും കാലുപിടിക്കുന്നതും ഒന്നും ഇട്ടിട്ടില്ല.
അതിൽ രണ്ടുപെൺകുട്ടികൾ കല്യാണം കഴിച്ചതാണ്. അവരുടെ രണ്ടു ഭർത്താക്കന്മാരുമായാണ് ഇവിടെ വന്നത്. അവര്‍ നമ്മുടെ ഓഫിസിൽ നിന്ന് ഇറങ്ങി പോകുന്നതും പുറത്തോട്ട് പോകുന്നതും എല്ലാം നമ്മൾ വിഡിയോ എടുത്തു. ഇങ്ങനെ ഉള്ളവര്‍ നാളെ ഇതിനെ ട്വിസ്റ്റ് ചെയ്യാൻ ചാൻസ് ഉള്ളവരാണ് എന്ന് നന്നായി അറിയാം എന്നുള്ളതുകൊണ്ടാണ് വിഡിയോ എടുത്തത്. അവർക്ക് കൊടുക്കാൻ അന്ന് ബിരിയാണിയും ജ്യൂസും വാങ്ങിയിരുന്നു, അവർ ബിരിയാണി കഴിച്ചില്ല ജ്യൂസ് കുടിച്ചു. കൃഷ്ണകുമാരൊക്കെ ആണെങ്കിൽ അത്ര നല്ല രീതിയിലാണ് ഈ കുട്ടികളോട് പെരുമാറിയത്. തെറ്റ് ചെയ്തിട്ടാണ് ഇരിക്കുന്നതെങ്കിലും പ്രായം കുറഞ്ഞ പിള്ളേരല്ലേ. അവർ തമ്മിൽ തമ്മിൽ തന്നെ ചോദിക്കുന്നുണ്ട് “ഇത്രയും എടുത്തോ” എന്ന്.
ഞങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവർ ഇത് ചെയ്യില്ലല്ലോ. പക്ഷേ ദിയ ഗർഭിണി ആയിരുന്നല്ലോ, ദിയയ്ക്ക് ഓഫിസിൽ പോകുമ്പോഴാണ് ഭയങ്കര ഛർദിലും ക്ഷീണവും ഒക്കെ വരുന്നത്. അതുവരെ ദിയ സ്ഥിരം ഓഫിസിൽ പോയിരുന്നു. ഈ കുട്ടികൾ വരുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ആണ്, നാലര മണി ആകുമ്പോൾ പോകും. നാലേമുക്കാലിന് ഒരു കസ്റ്റമർ വരികയാണെങ്കിൽ വിളിച്ചു ചോദിക്കുമ്പോൾ അയ്യോ ചേച്ചി ഞങ്ങൾ ഇറങ്ങി എന്നാണ് പറയുക. ഓൺലൈനിൽ വരുന്ന ഓർഡേഴ്സ് പാക്ക് ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന ജോലി. ഡിമാൻഡ് കൂടിയപ്പോഴാണ് കുറച്ച് കസ്റ്റമേഴ്സ്, ഞങ്ങൾ കടയിൽ വന്നു നോക്കി വാങ്ങിച്ചോട്ടെ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് ദിയയുടെ ഓഫിസിൽ ഒരു മുറി ഡിസ്പ്ലേ പോലെ ആക്കി ജ്വല്ലറി വച്ചു.
വാട്സാപ്പ് വഴി വരുന്ന ഓർഡർ ആണ് കൂടുതലും ഇവർ ഡീൽ ചെയ്തുകൊണ്ടിരുന്നത്. 30 ഓർഡർ വരുമെങ്കിൽ ഒരു 10 ഓർഡർ ദിയയെ അറിയിക്കും. ബാക്കി 20 ഇവരുടെ ക്യുആർഎൽ എടുക്കും. ദിയയുടെ ഈ വയ്യായ്മ കൊണ്ടാണ് ഓഫിസിൽ പോയി സ്റ്റോക്ക് നോക്കാൻ പറ്റാതിരുന്നത്. ഓഫിസിൽ കസ്റ്റമേഴ്സ് ആരും വരുന്നില്ല എന്ന് പറയുന്നത് ദിയ വിശ്വസിച്ചിരുന്നു. ഒരു കുട്ടി ദിയയുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോയി പുറത്ത് വേറെ ബിസിനസ്സ് നടത്തി. അത് ദിയയുടെ തന്നെ കൊറിയർ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയർകാർക്കു പേയ്മെന്റ് കൊടുപ്പിച്ചു. അമേരിക്കയിലോട്ട് വരെ സാധനങ്ങൾ അയച്ചിരുന്നു. ദിയയുടെ സാധനങ്ങൾ അവർ എടുത്ത് മറിച്ചു വിറ്റുകൊണ്ടിരുന്നു. അവളുടെ വയ്യായ്മ അവർ മുതലെടുത്തു.
അവളുടെ എല്ലാ പരിപാടികൾക്കും വരുന്ന കുട്ടികളാണ്, ചിരിച്ചു കളിച്ച് കൂടെ ഇരിക്കുന്നവരാണ്, ദിയ അവരെ ഒരുപാട് വിശ്വസിച്ചിരുന്നു. ആ വിശ്വാസം അവർ മുതലെടുത്തു. ഞാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ആരെയും വിശ്വസിക്കില്ല. ഞങ്ങൾ തന്നെ എന്തെങ്കിലും സാധനം സാധനം അവിടെ പോയി എടുത്താൽ അത് ഫ്രീ ആയി എടുക്കില്ല, പണം കൊടുത്തേ എടുക്കൂ. ഒരിക്കൽ ഓഫിസിൽ ചെന്നപ്പോൾ അവിടെ ആരുമില്ല. ഇവിടെ ആരും ഇല്ലേ ഇവിടെ ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ അകത്തുനിന്ന് ഇറങ്ങി
വരുകയാണ്. അപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾ എന്താ ഫ്രണ്ടിൽ നിൽക്കാത്തത്, ഇവിടെ ഇത്രയൂം സാധനങ്ങൾ ഇരിക്കുല്ലേ ആരെങ്കിലും വന്ന് എടുത്തുകൊണ്ടു പോയാൽ അറിയില്ലല്ലോ. ഒരു മാല പോയാൽ എത്ര വിലയാണത്.
അവർ പറഞ്ഞു, ‘ഇല്ല ആന്റി ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുയായിരുന്നു’ എന്ന്. ഞങ്ങൾ എന്ത് ചോദിച്ചാലും അവർക്കൊരു മടിയാണ് എടുക്കാൻ. ഇതുപോലത്തെ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ അത് കാണിക്കാൻ മടിയാണ്. ഒരു മാല എടുത്തിട്ട് ഞാൻ ചോദിച്ചു ഇതിനേക്കാൾ നല്ല ത്രെഡ് ഉള്ളത് ഉണ്ടോ, അപ്പോൾ ആ കുട്ടി പറയുകയാണ്, ഇല്ല ആന്റി ഇവിടെ ഉള്ളതെല്ലാം കച്ചറ ആണ് എന്ന്. ഞാൻ ഓസിയോട് ചോദിച്ചു, നീ ഇത് എന്ത് സ്റ്റാഫിനെയാണ് വെച്ചേക്കുന്നതെന്ന്. ഓഫിസിൽ നിന്ന് സാധനങ്ങൾ പാക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ഓസി ഒരു ഗോഡൗൺ കൂടി എടുത്തിട്ടുണ്ട്. ഇതിൽ ഉള്ള ഒരു സ്റ്റാഫിനെ ഗോഡൗണിലേക്ക് മാറ്റുമെന്ന് പറഞ്ഞപ്പോൾ അവർക്ക് ആകെ വിഷമമായി. കാരണം ഗോഡൗണിൽ കസ്റ്റമേഴ്സ് ഇല്ല, ക്യു ആർ കോഡ് കാണിക്കാൻ പറ്റില്ലല്ലോ.
ദിയ എന്നും ഇവരോട് കാര്യങ്ങൾ വിളിച്ച് ചോദിക്കുമായിരുന്നു. ആരും വന്നില്ല ചേച്ചി, അല്ലെങ്കിൽ നാലുപേര് വന്നു രണ്ടുപേര് ഒന്നും വാങ്ങിയില്ല എന്ന് പറയും. ദിയ അവരെയെല്ലാം വിശ്വസിച്ചിരുന്നു. അവർക്ക് എന്തെങ്കിലും പണത്തിന്റെ ആവശ്യം വന്നാൽ വല്ലതും കൊടുക്കുമായിരുന്നു. ഇവർ ആണ് സാധനങ്ങൾ പാക്ക് ചെയ്തു വിടുന്നത്. ഇടയ്ക്ക് ഷോപ്പിൽ ചില പരാതി വന്നത് ഇവർ അശ്രദ്ധമായി അയച്ചതാകാം, അല്ലെങ്കിൽ മനഃപൂർവം പൊട്ടിയ സാധനങ്ങൾ എടുത്തു വയ്ക്കുന്നതാകാം. ചെറിയ തുകയാണ് വരുന്നതെങ്കിൽ ദിയയുടെ ക്യു ആർ കോഡ് കൊടുക്കും. ചിലപ്പോൾ എൻആർഐ ആളുകൾ ഒക്കെ വരും, അവർ വലിയ തുകയ്ക്ക് സാധനം വാങ്ങും, അപ്പോൾ അവരുടെ ക്യു ആർ കൊടുക്കും. ഇങ്ങനെയാണ് ചെയ്തിരുന്നത്. അക്കൗണ്ടന്റിന്റെ ക്യുആർ കോഡ് ആണ് എന്നാണു പറഞ്ഞിരുന്നത്. ഞങ്ങൾ വിളിച്ചു വരുത്തിയപ്പോൾ ഒരു കുട്ടിയുടെ ഗൂഗിൾ പേ തുറന്നു കാണിക്കാൻ പറഞ്ഞു. അത് നോക്കിയപ്പോൾ 9000 രൂപയുടെ ഒരു തുക വന്നാൽ മറ്റു രണ്ടുപേർക്കും തുല്യമായ തുക അതിൽ നിന്ന് അയച്ചു കൊടുത്തിരിക്കുകയാണ്. ഏത് പേയ്‌മെന്റ് വാങ്ങിയാലും തുല്യമായി വീതിച്ചെടുക്കും.
ദിയയ്ക്ക് പണം പോയതിനേക്കാൾ വിഷമം ഇവർ പറ്റിച്ചതിലാണ്. നിങ്ങൾ എന്നെ ഇങ്ങനെ പറ്റിച്ചോ പിള്ളേരെ, ഇങ്ങനെ കോമഡി ഒക്കെ പറഞ്ഞ് എന്റെ കൂടെ നിന്നിട്ട് ഇങ്ങനെ പറ്റിച്ചല്ലോ, നിങ്ങൾക്ക് കാശിന് അത്യാവശ്യം വന്നാൽ ഞാൻ തരുന്നതല്ലേ എന്നാണ് അവൾ ചോദിക്കുന്നത്. ഇങ്ങനെ ചെയ്തതിൽ നിങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ലായിരുന്നോ എന്ന് അഹാന ചോദിച്ചപ്പോൾ, ‘ഉണ്ട് ചേച്ചി കുറ്റബോധം ഉണ്ട് ചേച്ചി’ എന്നു പറഞ്ഞു, പിന്നെ എന്തിനാ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ, അത് അറിഞ്ഞൂടാ ചേച്ചി എന്ന് പറയും. ഈ പയ്യന്മാർക്ക് ഇതിൽ കയ്യുണ്ട് കാരണം പയ്യന്മാർ കാലിൽ വീണതിന് കയ്യും കണക്കുമില്ല. ഈ പണം കൊണ്ട് എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ സ്വർണം വാങ്ങി, വീട് വച്ചു എന്നൊക്കെയാണ് പറയുന്നത്. ഭർത്താവിനോട് പറയുന്നത് ഞങ്ങൾ വലിയ ശമ്പളം ആണ് വാങ്ങുന്നത് എന്നാണ്. ഇത്രയും ചെറിയ പെൺകുട്ടികളുടെ മനസ്സിൽ കുറ്റകൃത്യം ചെയ്യാനുള്ള വാസന എങ്ങനെ വരുന്നു എന്നതാണ് എന്നെ വിഷമിപ്പിച്ചത്.
ഇവിടെ സ്വമേധയാ വന്നിട്ട് ഇറങ്ങിപ്പോയവർ അവരെ തട്ടിക്കൊണ്ടുപോയി എന്ന് പിന്നീട് പറയുന്നതൊക്കെ വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഞങ്ങൾ വിഡിയോ എടുത്തത് അവരെ ഭയപ്പെടുത്തി, ആരെയും കാണിക്കരുത് ആരോടും പറയരുത് എന്നൊക്കെ പറഞ്ഞു. ഞങ്ങൾ അതൊന്നും ചെയ്യാത്തത് പെൺകുട്ടികളാണ് അവർക്ക് നാളെയും ഈ നാട്ടിൽ ജീവിക്കേണ്ടതാണ് എന്ന തോന്നൽ ഉള്ളതുകൊണ്ടാണ്.
ഇതെല്ലം ജീവിതത്തിൽ ഒരു പാഠമാണ്. ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ പോയ് പഠിച്ച് ഡിഗ്രി എടുത്തതുപോലെ ഒരു പാഠം. അങ്ങനെ കണ്ടാൽ മതി ഈ വിഷയം എന്നാണ് ഞാൻ മക്കളോട് പറയുന്നത്. ദിയ ചെറുപ്പമാണ് ഇനിയും ജോലി ചെയ്യാനുള്ള ഊർജമുണ്ട്. പണം ഇനിയും ഉണ്ടാക്കാം, ഓരോന്നും അനുഭവിക്കുമ്പോഴാണ് അതിൽ നിന്ന് പലതും മനസ്സിലാകുന്നത്. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്ന് മനസ്സിലായി. ദിയയുടെ ബിസിനസ്സിൽ ഞങ്ങൾ ആരും ഇടപെട്ടിട്ടില്ല. കുട്ടികളുടെ ആരുടേയും സാമ്പത്തിക കാര്യങ്ങളിൽ ഞങ്ങൾ കൈകടത്താറില്ല. അവർക്ക് ഒരു സഹായം വേണ്ടി വരുമ്പോൾ സഹായിക്കും. ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതായാലും ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതും ഞാനാണ് നോക്കുന്നത്. അതെല്ലാം കറക്റ്റായി അടച്ച് അഡ്വാൻസ് ടാക്സ് വരെ അടച്ചു പോകുന്നതാണ്.
ബിസിനസിൽ എത്ര വിറ്റു പോകുന്നു എത്ര കിട്ടുന്നു എത്ര പ്രോഫിറ്റ് ഉണ്ട് അതൊന്നും നമ്മൾ നോക്കാറില്ല. ഇൻകം ടാക്സിലേക്ക് ഇവളുടെ ഡീറ്റെയിൽസ് പോകുമ്പോൾ അതെല്ലാം ഞാൻ കാണുന്നുണ്ട്, പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഇത്ര അല്ലല്ലോ കുറച്ചുകൂടെ വരേണ്ടതല്ലേ പേയ്മെന്റ്സ് എന്ന് ഞാൻ ചോദിക്കാറുണ്ട്. ഒരു പരിധി കഴിയുമ്പോൾ നമ്മൾ അത് അധികം ചോദിക്കില്ല, നമ്മൾ എന്തിനാണ് അങ്ങോട്ട് പോയി അവരുടെ സ്വകാര്യതയിൽ കൈകടത്തുന്നതെന്നു കരുതി വിട്ടുകളയും. ഒരുപക്ഷേ നമ്മൾ ആരെങ്കിലും ഇതിൽ ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു. 100 ശതമാനം സത്യം നമ്മുടെ ഭാഗത്താണ്. തൊട്ടപ്പുറത്ത് നിൽക്കുന്ന അവർ വലിയ ഫ്രോഡുകളാണ്. എന്താണ് ആളുകൾ ഇങ്ങനെ എന്നാണ് ഞാൻ ആലോചിക്കുന്നത്. രണ്ടു പയ്യന്മാരുടെ കൂടെ വരുന്ന ഇവരെ ആര് തട്ടിക്കൊണ്ടു പോകാൻ, അത് മാത്രം ആലോചിച്ചാൽ പോരെ. ഞാനും എന്റെ മക്കളും ഇവിടെ ജോലിക്ക് നിൽക്കുന്നവരുമായി ഏഴു പെണ്ണുങ്ങൾ ആണ് ഉളളത്. ആ മൂന്നു പെൺകുട്ടികളും അവരുടെ ഭർത്താക്കന്മാരും ഉണ്ട്. അവർ തനിയെ വന്നു, തനിയെ പോയി, അവരെ ഞങ്ങൾ എങ്ങനെ തട്ടിക്കൊണ്ടു പോകാനാണ്.’’–സിന്ധു കൃഷ്ണയുടെ വാക്കുകൾ.