‘ദൃശ്യ’ത്തിലെ ജോർജുകുട്ടിയെപ്പോലെ; ‘കുടുംബത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന കൃഷ്ണകുമാർ’

Mail This Article
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വിവാദം വളരെ പക്വതയോടെ കൈകാര്യം ചെയ്ത മലയാളികൾക്ക് നന്ദി പറഞ്ഞ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തനിക്കും കുടുംബത്തിനും രാഷ്ട്രീയമായും വ്യക്തിപരമായും നിരവധി വെറുപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധി വന്നപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യത്തിന്റെ ഒപ്പം നിൽക്കുന്നതാണ് കമന്റുകളിലൂടെയും പിന്തുണ വിഡിയോകളിലൂടെയും കാണാൻ കഴിഞ്ഞതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഗർഭിണിയായ മകളും താനും ജാമ്യമില്ലാ വകുപ്പിൽ ജയിലിൽ പോകേണ്ട അവസ്ഥ വരെ വന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ തളരാതെ പിടിച്ചുനിന്നത് കേരളത്തിലെ മാധ്യമ സുഹൃത്തുക്കളുടെയും സത്യം മനസ്സിലാക്കി ഒപ്പം നിന്ന ജനങ്ങളുടെയും പിന്തുണകൊണ്ടു മാത്രമാണ്. ഈ കേസിൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും എല്ലാവരുടെയും പിന്തുണ തനിക്കും കുടുംബത്തിനും ഉണ്ടാകണമെന്നും ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം നിരവധിപ്പേരാണ് കൃഷ്ണകുമാറിനെ അഭിനന്ദിച്ചെത്തുന്നത്. ‘ദൃശ്യ’ത്തിലെ ജോർജുകുട്ടിയെയാണ് കൃഷ്ണകുമാറിന്റെ ഈ പോരാട്ടം കണ്ടപ്പോൾ ഓർമ വന്നതെന്ന് ആളുകൾ കമന്റ് ചെയ്തു.
‘‘ദൃശ്യത്തിലെ മോഹൻലാലിനെ ഓർമ വന്നു. തന്റെ കുടുംബത്തിന് വേണ്ടി ഏതറ്റവും പോകുന്ന ഫാമിലി മാൻ.’’
‘‘ആദ്യമായിട്ടാണ് ഞാനൊരു യൂട്യൂബ് വിഡിയോയ്ക്ക് കമന്റിടുന്നത്. ഈ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ ഇടയ്ക്കിടെ കണ്ണു നിറയുന്നു. ‘ദൃശ്യം’ സിനിമയിൽ മകളെ സംരക്ഷിക്കുന്ന അച്ഛനേപ്പോലെ ഇവിടെ (നിരപരാധിയായ) മകളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറയുന്ന നല്ല അച്ഛൻ. ഇദ്ദേഹവും സിന്ധുവമ്മയും മക്കളെ വളർത്തിയ രീതി തന്നെ എത്ര അഡ്വാൻസ്ഡ് ആണ്. ജീവിതത്തിന്റെ ഓരോ നിമിഷവും സെലിബ്രേറ്റ് ചെയ്ത് ജീവിക്കാൻ മക്കളെ പ്രാപ്തരാക്കിയ, അവരെ ഇത്ര ബോൾഡ് ആയി വളർത്തിയ പേരന്റിങ്. കേരളം മുഴുവൻ ഈ കുടുംബത്തെ പിന്തുണയ്ക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി.
ഒരു മനോഹരമായ കുടുംബം, ഒറ്റക്കെട്ടായി സന്തോഷത്തോടെ സമാധാനത്തോടെ ജീവിതം ആഘോഷമാക്കി ജീവിക്കുന്ന കാഴ്ചകൾ തന്നെ എത്ര സുന്ദരമാണ്. ഞാനൊരു ക്രിസ്ത്യൻ ആണ്. നിങ്ങളുമായി ഒരു പരിചയവുമില്ല. പക്ഷേ ദിയയുടെ ഈ പ്രശ്നം വന്നപ്പോൾ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ പ്രാർഥനയായ കുർബാന കണ്ട് പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം ഈ കുടുംബത്തിനൊരു മോശവും സംഭവിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. നിങ്ങളത്രത്തോളം വിലപ്പെട്ടവരാണ്. എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ നിങ്ങളുടെ വിഡിയോസ് കാണും ഇനി മുതൽ.’’ ഇങ്ങനെപോകുന്നു കമന്റുകൾ. സിന്ധു കൃഷ്ണയുടെ വിഡിയോ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്: ‘‘രണ്ടു ദിവസമായിട്ട് നിങ്ങളെല്ലാം കാര്യങ്ങളൊക്കെ അറിയുന്നുണ്ടാകും. ഇനി അതിനെപ്പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. രണ്ടാമത്തെ മകൾ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മൂന്ന് സ്റ്റാഫുകൾ അവിടുന്ന് പണം അപഹരണം നടത്തിയതും അതിനെ തുടർന്ന് ഞങ്ങൾ പരാതി കൊടുത്തതും അതിനു പുറകെ അവർ വന്ന് നമുക്കെതിരെ ഒരു കൗണ്ടർ കേസ് കൊടുത്തു അത് വെച്ച് അന്വേഷണം നടത്തി നമുക്കെതിരെ നമ്മുടെ നോൺ ബെയലബിൾ കേസ് കൊടുത്ത് ഞങ്ങളെ അകത്താക്കാനുള്ള ശ്രമം നടന്നു. ഇതൊക്കെ നടക്കുമ്പോഴും നമ്മുടെ കുടുംബത്തെ സംരക്ഷിക്കണം എന്നുള്ളതുകൊണ്ട് അതിനുള്ള എല്ലാവിധ നടപടികളും ഞങ്ങൾ എടുത്തിരുന്നു.
പക്ഷേ ഇതിനകത്ത് ഏറ്റവും കൂടുതൽ ഞങ്ങൾക്ക് മാനസികമായ സമാധാനവും സന്തോഷവും ഒക്കെ തോന്നിയ കാര്യം എന്താണെന്നു വച്ചാൽ ഈ വിഷയത്തെപ്പറ്റി നിരവധി വിഡിയോകളും പോസ്റ്റുകളും ഒക്കെ വന്നിരുന്നു. അതിനു താഴെ വന്ന കമന്റുകൾ ഇന്നലെ രാവിലെ നാലു മണിവരെ ഇരുന്നു ഞങ്ങൾ നോക്കി. അതിൽ നിന്ന് അങ്ങേയറ്റം സന്തോഷം തോന്നിയത് കേരളത്തിലെ എല്ലാ സഹോരി സഹോദരന്മാരും ഞങ്ങൾക്ക് പിന്തുണ തന്നിരിക്കുന്നതാണ് കണ്ടത്. പലരുടെയും അഭിപ്രായ പ്രകടനങ്ങൾ കണ്ടപ്പോൾ മനസ്സിലായത് കേരള സമൂഹത്തിന്റെ പക്വതയാണ്. ഞങ്ങൾ ഒരു സാധാരണ കുടുംബമാണ്. ഞാൻ സിനിമയിലൊക്കെ കുറെ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും വലിയൊരു ഒരു സ്റ്റാറോ ഒന്നുമല്ല. ഭാര്യയും മക്കളും ഒക്കെ ഇന്ന് ഇൻഫ്ലുവൻസസ് ആണ് ആൾക്കാർ അവരെ ഇഷ്ടപ്പെടുന്നു, എന്നാൽ ഞങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ട്.
ഞങ്ങളെക്കുറിച്ച് വളരെ മോശം കമന്റ് ഇടുന്നവരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ആരോടും ഒരു പ്രത്യേക ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ല. പക്ഷേ ഇങ്ങനെ ഒരു വിഷയം നടന്നപ്പോൾ ഇതിൽ ഞങ്ങളടെ ഞങ്ങളുടെ ഭാഗം ശരിയാണെന്നും അപ്പുറത്ത് അവർ കൊടും ക്രൂരമായ നടപടികളാണ് അവർ ചെയ്തതെന്നൊക്കെ ജനങ്ങൾ തിരിച്ചറിഞ്ഞു. അവിടെ ജാതിമത വ്യത്യാസമോ അല്ലെങ്കിൽ രാഷ്ട്രീയമരമായ ഒരു ചിന്തയോ ഒന്നുമില്ലാതെ അതിന്റെയൊക്കെ അപ്പുറം അതിന്റെ മുകളിൽ നിന്ന് കേരള സമൂഹത്തിന്റെ പക്വത കാണിച്ചുകൊണ്ട് ഏറ്റവും നല്ല രീതിയിൽ ഞങ്ങളെയും കുടുംബത്തെയും എല്ലാ രീതിയിലും പിന്തുണച്ചു.
ധാരാളം പേര് ഞങ്ങൾക്കായി പ്രാർഥിച്ചതായിട്ടും വളരെ നല്ല ആശംസ വാക്കുകളിലൂടെ ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചതായും കണ്ടു. എവിടെയൊക്കെയോ ഞങ്ങൾക്ക് നന്മ വരണമേ നല്ലത് വരണമേ എന്ന് ആഗ്രഹിച്ചതും പ്രാർഥിച്ചതുമായ ഒരുപാടുപേരുണ്ട്. എനിക്ക് നാല് പെണ്മക്കളാണ് പ്രത്യേകിച്ചും അതിൽ ഒരാൾ ഗർഭിണി ആയിട്ടിരിക്കുമ്പോൾ അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് ഒക്കെ വരുമ്പോൾ സ്വാഭാവികമായിട്ടും നമ്മൾ വിഷമിക്കും. ശനി, ഞായർ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ല. അപ്പോഴൊക്കെയാണ് ഒരു കാര്യം നമുക്ക് മനസ്സിലാകുന്നത്, ന്യായം കിട്ടാതെ എത്ര പേര് നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. സത്യം നമ്മുടെ ഭാഗത്തായിട്ടും ക്രൂശിക്കപ്പെടുന്ന നിരവധിപേരുണ്ടാകും അവർക്കെതിരെ ആരോപണങ്ങൾ വരുമ്പോൾ അവർ എങ്ങനെയാകും അത് നേരിടുക. ഞാൻ ഉൾപ്പടെ എല്ലാവരും ഇനി മുതൽ മറ്റാരെയെങ്കിലും കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതിനു ശരിയെന്തെന്നു അറിയാൻ ശ്രമിക്കണം. കുറച്ചുകൂടി പക്വതയോടെ പെരുമാറണം. ഇനി എന്ത് കാര്യത്തിലും പ്രതികരിക്കുമ്പോൾ ഉത്തരവാദിത്വത്തോടെയേ നമ്മൾ അഭിപ്രായം പറയാൻ പാടുള്ളൂ. ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഞങ്ങൾക്ക് പുറത്തു വരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേണം.
പക്ഷേ അതിനുള്ള വഴികൾ തെളിഞ്ഞു വരുമെന്ന പൂർണ വിശ്വാസത്തോടെ ധൈര്യമായിട്ട് മുന്നോട്ടു പോകണം എന്നാണ് മക്കളോട് പറഞ്ഞത്. ഞാൻ ഒരു മീഡിയയെയും സമീപിച്ചില്ല. പക്ഷേ കേരളത്തിലെ എല്ലാ മീഡിയയും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. സത്യം, അതു പുറത്തു കൊണ്ടുവരാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. മ്മുടെ ജീവിതത്തിൽ എല്ലാവർക്കും പ്രശ്നങ്ങൾ വരും. പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ പേടിച്ചു മാറി നിൽക്കരുത്. നമ്മൾ മുന്നോട്ട് വരണം. നമ്മുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെങ്കിൽ അത് നമ്മുടെ മക്കളൊക്കെ ആണെങ്കിൽ അവരുടെ കൂടെ നിൽക്കണം. കൂടെ നിന്ന് നമ്മൾ സപ്പോർട്ട് ചെയ്ത് ആ കൊടുങ്കാറ്റിലൂടെ നമ്മൾ അവരെ പുറത്തു കൊണ്ടുവന്നാൽ പിന്നെ അവർ അതീവ ശക്തരായി മാറും. നിങ്ങളുടെ എല്ലാം പ്രാർഥനയും അനുഗ്രഹവുമുണ്ടെങ്കിൽ ഞങ്ങൾ ഈ പ്രതിസന്ധി മറികടന്ന് ജീവിതത്തിൽ ഒരു പടിയെങ്കിലും മുകളിലോട്ട് കയറിയിരിക്കും അതിനൊരു അവസരം തന്ന കേരളത്തിലെ പൊതുസമൂഹത്തിനോട് എന്റെയും എന്റെ കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു. സ്നേഹത്തോടെ കൃഷ്ണകുമാറും സിന്ധുവും അഹാനയും ദിയയും ഇഷാനിയും ഹൻസികയും അശ്വിനും.’’