‘മീശമാധവ’ന്റെ പേര് പറഞ്ഞു ന്യായീകരിക്കാനുള്ള തൊലിക്കട്ടി സമ്മതിച്ചു: ആർജെ അഞ്ജലിക്കെതിരെ നടി ഗീതി സംഗീത

Mail This Article
അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഗീതി സംഗീത കുറിച്ചു. ഒരുതവണ വിളിച്ച് അധിക്ഷേപിച്ചിട്ട് അവർ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനു ശേഷം വീണ്ടും വിളിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ഇനി ഓരോ കാൾ വരുമ്പോഴും പേടിയോടെയല്ലാതെ എങ്ങനെ ആ സ്ത്രീ കാൾ എടുക്കുമെന്നും ഗീതി ചോദിക്കുന്നു. മീശമാധവന്റെ പേര് പറഞ്ഞു ന്യായീകരിക്കാനുള്ള തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു എന്നും അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വഡിയോയുടെ കമൻറ്റിൽ ഗീതി സംഗീത കുറിച്ചു.
‘‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!? ’’–ഗീതി സംഗീത കുറിച്ചു.
മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. അപമാനിക്കപ്പെട്ട സ്ത്രീ ഫോൺ കട്ട് ചെയ്തപ്പോൾ അഞ്ജലിയും നിരഞ്ജനയും പൊട്ടിച്ചിരിക്കുകയും അവരെ വീണ്ടും വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ നിരവധിപേരെത്തി. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർ.ജെ അഞ്ജലി രംഗത്ത് വന്നിരുന്നു.
എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇനി തന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആർ.ജെ അഞ്ജലി പറഞ്ഞു. എന്നാൽ മാപ്പു പറഞ്ഞെത്തിയ വിഡിയോയ്ക്കും വ്യാപക വിമർശനമാണ് ഉയരുന്നത്. മാന്യമായി ഒരു തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച് വ്യത്തികേട് പറഞ്ഞ് അട്ടഹസിച്ചു ചിരിക്കുന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയില്ല എന്നാണു കമന്റുകളിൽ അധികവും.