Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവദാരു പൂത്തു എന്‍ മനസിൻ താഴ്‌വരയിൽ...

കുര്യൻ തോമസ് കരിമ്പനത്തറയില്‍
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി
devadaroo-poothu

ദേവദാരു പൂത്തു എന്‍ മനസ്സിൻ താഴ്‌വരയിൽ...

നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ

ദേവദാരു പൂത്തു എന്‍ മനസ്സിൻ താഴ്‌വരയിൽ

ഗാനങ്ങൾകൊണ്ട് ശ്രദ്ധേയമായ “എങ്ങിനെ നീ മറക്കും”  എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ സൂപ്പർ ഹിറ്റ് ഗാനം. പ്രിയദർശന്‍ കഥയും തിരക്കഥയുമെഴുതി സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എം. മണി സംവിധാനം ചെയ്‌ത ചിത്രം 1983 ഒക്ടോബർ 21 നു പുറത്തിറങ്ങി.

മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനായ ചുനക്കര രാമൻകുട്ടിയുടെ ഏറ്റവും ജനപ്രിയമായ ഗാനം. എഴുപതുകളിലെയും എൺപതുകളിലെയും സിനിമാഗാനങ്ങൾക്കു  നവകാൽപ്പനിക ഭാവങ്ങളുടെ സംഗീതചാരുത പകർന്ന സംഗീത സംവിധായകൻ ശ്യാം എന്ന സാമുവൽ ജോസഫിനു താൻ ഈണമിട്ട ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്.

സൗഹൃദത്തിൻറെയും പ്രണയത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ  ശങ്കർ (പ്രേംകുമാർ), മോഹൻലാൽ (ശംഭു), മേനക (ശോഭ) എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കൾ. പ്രേംകുമാറും ശംഭുവും ആത്മമിത്രങ്ങളാണ്‌. പ്രേംകുമാറും ശോഭയും കടുത്ത പ്രണയത്തിലും. മറ്റൊരു വിവാഹാലോചനയുമായി എത്തിയ അച്ഛനോട് ശോഭ തൻറെ പ്രണയത്തെക്കുറിച്ചു പറയുന്നു. ഗായകനായ നായകന്റെ ആരാധകനായിരുന്ന അച്ഛൻ വിവാഹത്തിനു സമ്മതിക്കുന്നു. സന്തോഷം കൈമാറി നായകനോടൊപ്പം നായിക പാടി, “ദേവദാരു പൂത്തു എന്‍ മനസിൻ  താഴ്‌വരയിൽ...” പി സുശീലയോടൊപ്പം ഹമ്മിങ് പാടുന്നത് പാട്ടിനു സംഗീതമൊരുക്കിയ ശ്യാം തന്നെയാണ്.

ശോഭ ശംഭുവിന്റെ ഹൃദയം കവര്‍ന്ന പെണ്ണെന്നറിയുന്ന പ്രേംകുമാറിനു  തൻറെ പ്രണയത്തെക്കാൾ വലുതായിരുന്നു ശംഭുവിനോടുള്ള ആത്മബന്ധം. ഒഴിവാക്കാനായി മദ്യപാനിയായും ആഭാസനായും ശോഭയ്‌ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട പ്രേംകുമാറിനെ വെറുക്കുന്ന ശോഭ ശംഭുവുമായുള്ള വിവാഹത്തിന്‌ സമ്മതിക്കുന്നു. വിവാഹദിനം പ്രേംകുമാർ പാടുന്ന  വിഷാദഗാനവും “ദേവദാരു പൂത്തു...”, തന്നെ. യേശുദാസാണ് ഗാനം ആലപിക്കുന്നത്.

ചുനക്കര രാമൻകുട്ടിയുടെ മികച്ച രചനകളിൽ ഒന്നാണ് ഈ ഗാനം. ശ്യാം നേരത്തെ തയ്യാറാക്കിയ ടൂണിനൊപ്പിച്ചു കാർ യാത്രയിൽ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ടു എഴുതിയത്. മഹാബലിപുരത്തെ കടലിനോടുചേർന്ന ബീച്ച് ഹോട്ടലുപേക്ഷിച്ചു മദിരാശിയിലെ സംവിധായകന്റെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ മറ്റുള്ളവരൊക്കെ ഉറങ്ങുമ്പോൾ പാട്ടുപിറന്ന കഥ ഗാനരചയിതാവ് പലകുറി പറഞ്ഞിട്ടുള്ളതാണ്. 

ദേവവൃക്ഷമായ ദേവദാരു പൂത്ത സൗരഭ്യത്താൽ ദേവലോകം നൃത്തമാടുന്നപോലെ നായിക മതിമറന്നു പാടി. അനന്തമായ തെളിമാനം, വിരിഞ്ഞ നിശീഥിനി, മനസ്സിൻ താഴ്‌വരയിൽ പൂത്ത  ദേവദാരു, നിഴലും പൂനിലാവുമായ് ദൂരത്ത് ശശികല, വിരിയുന്ന പൂങ്കിനാവുമായ് ചാരത്ത് തപസ്വിനി, ഏഴഴകുള്ള തേരിൽ ഏഴു സ്വരങ്ങൾ പാടാൻ വരുന്ന  പ്രേമഗായകൻ ... കാൽപ്പനിക വാങ്മയങ്ങളുടെ സൗരഭ്യവും സൗന്ദര്യവുമുള്ള പഴയകാല ചലച്ചിത്ര ഗാനങ്ങളുടെ നിരയിൽ ചേർത്തുവെക്കാവുന്നതാണ് ഈ ഗാനവും.

നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല ...(2)

മഴവില്ലിന്‍ അഴകായി ഒരു നാളിൽ  വരവായി

ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകൻ   ... (ദേവദാരു പൂത്തു)  

വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി ...(2)

പുളകത്തിൻ സഖി ആയി വിരിമാറിൽ കുളിരായി‌

ഏഴു സ്വരങ്ങൾ പാടാൻ വന്നു ഗായകൻ ... (ദേവദാരു പൂത്തു)

ക്ലൈമാക്‌സിൽ പ്രേംകുമാർ വിഷം കഴിച്ച്‌ മരിക്കുന്നതായിട്ടായിരുന്നു പ്രിയദര്‍ശന്‍ എഴുതിയത്‌. പ്രണയാർദ്രമായ ചിത്രത്തിന്റെ മനസു നോവിക്കുന്ന ക്ലൈമാക്സും ചുനക്കര രാമൻകുട്ടിയുടെ ആശയമായിരുന്നു. എന്തായാലും ചിത്രത്തോടെ മലയാളത്തിലെ മോഹന്‍ലാൽ യുഗം പിറന്നു. ശങ്കര്‍ പതിയെ പിന്നോക്കം പോവുകയും ചെയ്തു.

സിനിമയില്‍ ആകെ ആറ് പാട്ടുകളായിരുന്നു ഉണ്ടായിരുന്നത്. മദ്രാസിൽ വച്ചായിരുന്നു പാട്ടുകളുടെ റെക്കോഡിംഗ്. യേശുദാസും പി. സുശീലയും സോളോ ആയി പാടിയ ദേവദാരു പൂത്തു ...,കൂടാതെ യേശുദാസ് പാടിയ ശരത്‌കാല സന്ധ്യാ കുളിർ തൂകി നിന്നു ... , നീ സ്വരമായി ശ്രുതിയായി ...  കൃഷ്‌ണചന്ദ്രനും എസ്‌. ജാനകിയും ചേർന്നു പാടിയ റോമിയോ ജൂലിയറ്റ്‌  ..., കൃഷ്ണചന്ദ്രനും വാണി ജയറാമും ചേർന്ന് പാടിയ വെള്ളിത്തേരിൽ ... എന്നീ ഗാനങ്ങളും സൂപ്പർ ഹിറ്റായി.

1978 ൽ ആശ്രമം എന്ന ചിത്രത്തിലെ "അപ്സരകന്യക ...." എന്ന ഗാനം മുതൽ എൺപതോളം സിനിമകൾക്കായി 220 ലേറെ ഗാനങ്ങൾ രചിച്ച ചുനക്കരക്കു തൻറെ രചനകളിൽ പ്രിയപ്പെട്ടത് "ദേവതാരു പൂത്തു ..." എന്ന ഗാനമാണ്. "നാടകഗാനങ്ങൾ, ആകാശവാണിക്കുവേണ്ടി അനേകം ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ എണ്ണിയാലൊടുങ്ങാത്തത്ര  ഗാനങ്ങൾ എഴുതിയിട്ടും ഇന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടത് ഈ ഗാനം തന്നെയാണ്", ഇത് ഗാനരചയിതാവിന്റെ തന്നെ വാക്കുകൾ.

“കൗമാരപ്രായ”മായിരുന്നു (1979) ശ്യാമിന്റെ സംഗീതവും ചുനക്കര രാമന്‍കുട്ടിയുടെ വരികളും കൂടിയിണങ്ങിയ ആദ്യചിത്രം.  തുടര്‍ന്ന് മലയാള സിനിമാഗാനങ്ങളുടെ ഒരു ദശകത്തെ നിയന്ത്രിച്ചവരിൽ ഈ കൂട്ടുകെട്ടുമുണ്ടായിരുന്നു.  പി ഭാസ്കരൻ - ബാബുരാജ് പോലെ,  വയലാര്‍- ദേവരാജന്‍ പോലെ, മലയാളിയുടെ ഒത്തിരി ഇഷ്ടഗാനങ്ങൾ തീർത്ത മറ്റൊരു കൂട്ടുകെട്ട്. സിന്ദൂര തിലകവുമായ് (കുയിലിനെതേടി, 1983),കണ്ണിൽ നീ തേന്മലരായ്‌ (മുത്തോട്‌ മുത്ത്‌,1984), ചന്ദനക്കുറിയുമായി (ഒരു നോക്കു കാണാന്‍,1985), ശ്യാമമേഘമേ നീ ... (അധിപന്‍,  1989), ഹൃദയ വനിയിലെ..., ഈ നീലരാവിൽ ...(കോട്ടയം കുഞ്ഞച്ചന്‍, 1990) ഇവ ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ്‌ ഗാനങ്ങളിൽ ചിലത്.

ഓർത്തുപാടാന്‍ ഒത്തിരി ഇഷ്ടഗാനങ്ങൾ മലയാളിക്കു തീർത്തുതന്ന ചുനക്കര-ശ്യാം ടീമിന്റെ ഏറ്റവും ജനപ്രിയമായ ഗാനമാണിത്. "ദേവദാരു പൂത്തു എന്‍ മനസിൻ താഴ്‌വരയിൽ ...", എന്ന ഒറ്റ വരി മതി നല്ലപാട്ടിൻറെ കൂട്ടകെട്ട് തീർത്ത ആ പാട്ടുകാലത്തെ ഓർക്കാൻ, ഓമനിക്കാൻ.

ഗാനരചന: ചുനക്കര രാമന്‍കുട്ടി

സംഗീതം: ശ്യാം

ആലാപനം: പി സുശീല, ശ്യാം / കെ ജെ യേശുദാസ്

സിനിമ: എങ്ങിനെ നീ മറക്കും (1983)

ചലച്ചിത്ര സംവിധാനം: എം മണി