Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിൽ ഈ പാട്ടിൽ ...

കുര്യൻ തോമസ് കരിമ്പനത്തറയില്‍
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി
pattil-ee-pattil-song

പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?

പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?

ഒഎന്‍വി കുറുപ്പ് രചിച്ച് എം.ജയചന്ദ്രന്‍ ഈണമിട്ട ഗാനം. ‘പ്രണയം’ എന്ന ചിത്രത്തിനുവേണ്ടി ശ്രേയാ ഘോഷാൽ പാടിയ, ചലച്ചിത്രത്തിന്റെ പ്രമേയവുമായി ഇഴചേർന്നു നിൽക്കുന്ന പ്രണയഗാനം.

ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്ന അതിസുന്ദരമായ പ്രണയസങ്കൽപം ദൃശ്യഭാഷയില്‍ സാക്ഷാത്കരിച്ച ചലച്ചിത്രമാണ് 2011 ഓഗസ്റ്റ് 31നു പുറത്തിറങ്ങിയ പ്രണയം. ബ്ലെസിക്ക് 2011-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിക്കൊടുത്ത ചിത്രം. അനുപം ഖേർ, മോഹൻലാൽ, ജയപ്രദ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്.

paattil-ee-paattl-song

ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവരാണ് അച്യുതമേനോനും (അനുപം ഖേർ) ഗ്രേസും (ജയപ്രദ)‍. അവർക്കുമാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേർപിരിഞ്ഞവർ. തുടർന്നായിരുന്നു പ്രഫ. മാത്യൂസുമായുള്ള (മോഹൻലാൽ) ഗ്രേസിന്റെ വിവാഹം. വേർപിരിഞ്ഞെങ്കിലും ഉള്ളിൽ പ്രണയവുമായി ജീവിച്ച മേനോനും ഗ്രേസും നാൽപതു വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞ അവരുടെ അപ്രതീക്ഷിത പുനഃസമാഗമം ഇരുവരുടെയും കുടുംബങ്ങളിലും ബന്ധങ്ങളിലും തീർക്കുന്ന അനുരണനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കടലിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ പ്രണയം ചലച്ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെകിലും വാർധക്യകാലത്തും ഉള്ളില്‍ നിലനിൽക്കുന്ന പ്രണയവും പ്രണയനഷ്ടവും ചർച്ച ചെയ്ത ഈ ചിത്രം മലയാളത്തിൽ പുതുമയായിരുന്നു. ജീവിതവും പ്രണയവും പ്രണയികൾക്കായി പകുത്തുനൽകി ഗ്രേസ് വിടവാങ്ങുമ്പോൾ പ്രണയം ബാക്കിവയ്ക്കുന്ന നൻമയാകാം തുടർന്നും ഒരുമിച്ചു സഞ്ചരിക്കുവാൻ പ്രണയികൾക്കു പ്രേരണയാകുന്നത്. ഈ ഭാവത്തെയാണ് പ്രണയിനിയുടെ ആത്മഗതം പോലെയുള്ള ഗാനം വികാരഭരിതമാക്കുന്നത്.

എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? രാപ്പാടി പാടും ഈണം കേട്ടില്ലേ? പനിനീർപ്പൂക്കൾ ചൂടി ഈ രാത്രി ഒരുങ്ങിയില്ലേ?

ആ.. ആ.. ആ....

പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?

പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?

എൻ നെഞ്ചിലൂറും... ഈ പാട്ടിൽ

കാതരേ നിന്റെ നെഞ്ചിൽ എരിയുന്ന, കടലിന്റെ മാറിൽ വീണെരിഞ്ഞ കതിരോൻ കടലല തൊട്ടുപകർന്നതോ നിന്റെ കവിളിൽ പൂത്ത അരുണിമ? 

സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു

കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ ?

കടലല തൊടുനിറമാർന്നു നിൻ

കവിളിലുമരുണിമ പൂത്തുവോ?

പ്രണയമൊരസുലഭ മധുരമായ് നിർവൃതി

ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ

കടലിൽ നൃത്തമാടുന്ന ആയിരം പൊൻ‌മയൂരങ്ങൾ. ആയിരം ജ്വാലയായി  കൂടെയാടുന്ന സൂര്യൻ. പകലും രാത്രിയും ഒന്നാകുന്നതിന്റെ പുകിലുകൾ  വാഴ്ത്തിടുന്ന പറവകൾ ...

ആയിരം പൊൻ‌മയൂരം കടലിൽ നൃത്തമാടും

ആയിരം ജ്വാലയായി കതിരോൻ കൂടെയാടും

പകലൊളി ഇരവിനെ വേൾക്കുമീ

പുകിലുകൾ പറവകൾ വാഴ്ത്തിടും

പ്രണയമൊരസുലഭ മധുരമായ് നിർവൃതി

ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ

പ്രണയം അസുലഭവും മധുരതരവുമായ നിർവൃതിയെന്ന് ആവർത്തിക്കുന്ന ഗാനം കഥയുടെ മർമ്മം തൊട്ടറിഞ്ഞ് ഒഎൻവി എഴുതിയതാണ്. ശാരീരികവും വൈകാരികവുമായി തളർന്ന പ്രണയിയെ ഉണർത്തുന്ന ഊർജ്ജമാകുന്നു പ്രണയിനിയുടെ ഈ ഗാനം. കാവ്യബിംബങ്ങളാകെ പ്രണയവും സൗഹൃദവും ജീവിതത്തൊടുള്ള അഭിവാഞ്ജയും നിറയ്ക്കുന്നുമുണ്ട്. ‘മാണിക്യവീണ’യുടെ അവതാരികയിൽ പ്രഭാവർമ്മ നിരീക്ഷിക്കുംപോലെ ‘സാഗരത്തെ പ്രണയത്തിന്റെയും രതിയുടെയും തീവ്രാനുഭവമാക്കിയിട്ടുള്ള  ഒഎൻവിയുടെ കാവ്യഭാഷ’ ഇവിടെ മറ്റൊരു സാഗരഭാവം അനുവാചകരിലേക്കു പകരുന്നു.

paattil-ee-paattl-song1

സാഗരമേ ശാന്തമാക നീ (മദനോത്സവം, 1978) എന്ന ഗാനത്തിലെന്നപോലെ പ്രഷുബ്ധമായ മനസ്സാണ്, സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു കടലല തൊടുനിറമാർന്നു എന്ന സന്ദർഭത്തിൽ ഈ ഗാനവും അനുഭവിപ്പിക്കുക. ചൈത്രമാസം ചായം ചലിച്ചു വരച്ച പ്രണയിനിയുടെ ചിത്രം വരച്ച കവി (ചില്ല്,1982) ഇവിടെ പ്രണയത്തെ മറ്റൊരു കാവ്യാനുഭവമാക്കുന്നു.

സം‌ഗീത സം‌വിധായകനും ഗായകനുമായ എം.ജയചന്ദ്രൻ ഒരുക്കിയതാണ് പ്രണയത്തെയും പ്രതീക്ഷയെയും സംഗീതാനുഭവമാക്കുന്ന ഈ ഗാനത്തിന്റെ വ്യത്യസ്തമായ ഈണം. വിഷാദഭാവം ഉള്ളില്‍ സൂക്ഷിക്കുന്ന, ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും ഏറെ ഉപയോഗിക്കപ്പെടുന്ന കാപ്പിരാഗത്തിലാണ് എം.ജയചന്ദ്രൻ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗായകൻ പി.ജയചന്ദ്രനും കാപ്പിരാഗത്തിൽ ഈ ഗാനം ആലപിക്കുന്നുണ്ട്. ‘ഇന്നലെ എന്റെ നെഞ്ചിലെ...’ (ബാലേട്ടൻ, 2003) ആണ് ഈ രാഗത്തിലുള്ള ജയചന്ദ്രന്റെ മറ്റൊരു സൂപ്പർഹിറ്റ് ഗാനം.

തലമുറകളായി ചലച്ചിത്ര സംഗീതസംവിധായകർക്കു പ്രിയപ്പെട്ട കാപ്പിരാഗത്തിൽ ഒട്ടനവധി ചലച്ചിത്രഗാനങ്ങളും മലയാളത്തിനു ലഭിച്ചു. ജി.ദേവരാജൻ സംഗീതം നൽകിയ ‘സന്യാസിനീ...’ (1974), ‘സുമംഗലി നീ ഓർമ്മിക്കുമോ ...’ (വിവാഹിത, 1970), ബാബുരാജ്‌ ഈണമിട്ട ‘പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു ...’ (മനസ്വിനി, 1968), എം.കെ. അർജുനൻ ഈണമിട്ട ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ ...’ (കറുത്ത പൗർണ്ണമി, 1968), ‘യമുനേ യദുകുല രതിദേവനെവിടെ ...’ (റസ്റ്റ്‌ ഹൗസ്‌, 1969), ‘ദ്വാരകേ ദ്വാരകേ ദ്വാപരയുഗത്തിലേ ...’ (ഹലോ ഡാർലിംഗ്, 1975), ജോൺസൻ സംഗീതം നൽകിയ ‘സ്വർണ മുകിലേ...’ (ഇതു ഞങ്ങളുടെ കഥ, 1982), ‘പാലപ്പൂവേ നിൻ തിരു ...’ (ഞാന്‍ ഗന്ധർവ്വൻ, 1991), ഔസേപ്പച്ചൻ ഈണമിട്ട ‘ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ...’ (അനിയത്തിപ്രാവ്,1997), ‘കൊഞ്ചി കൊഞ്ചി ...’ (വിസ്മയത്തുമ്പത്ത്‌, 2004), വിദ്യാസാഗര്‍ ചിട്ടപ്പെടുത്തിയ ‘വരമഞ്ഞളാടിയ രാവിന്റെ മാറിൽ...’ (പ്രണയവർണ്ണങ്ങൾ, 1998), ‘എത്രയോ ജന്മമായ് നിന്നെ ഞാൻ ...’ (സമ്മർ ഇൻ ബെത്‌ലഹേം, 1998), ‘കരിമിഴിക്കുരുവിയെ ...’ (മീശ മാധവന്‍, 2002), ‘അനുരാഗ വിലോചനനായി ...’ (നീലത്താമര, 2009) തുടങ്ങി ഇങ്ങനെ ഈ രാഗത്തിൽ വിഷാദ-പ്രണയവിഷാദ ഭാവങ്ങളിൽ ഒട്ടനവധി പാട്ടുകളുണ്ട്.

paattil-ee-paattl-song2

ഉച്ചാരണം പരമാവധി ശരിയായിരിക്കാൻ ശ്രേയാ ഘോഷാൽ എന്ന ഗായിക പുലർത്തുന്ന സൂക്ഷ്മതയും മൗലികതയും ഈ ഗാനവും കാട്ടിത്തരുന്നു. ‘പ്രണയഭാവങ്ങളുടെ രാജകുമാരിയാണ്‌ ശ്രേയയുടെ സ്വരം. ഉച്ചാരണത്തിലുള്ള നിഷ്‌ഠ ഒന്നുകൊണ്ടു ആ ആലാപനം ഇഷ്ടപ്പെടുന്നു’ – ഇഷ്ടഗായികയെക്കുറിച്ച് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ പറഞ്ഞതു തന്നെയാണ്, എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ബ്ലോഗിൽ കുറിച്ചിട്ടുള്ളതും. ‘വിട പറയുകയാണോ ...’ (ബിഗ്‌ ബി,  2007) എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയഗായികയായി തുടക്കം കുറിച്ച ഈ ഇതര നാട്ടുകാരി, പിന്നീട് പാടിയ ‘ചാന്തു തൊട്ടില്ലേ ..’ (ബനാറസ് (2009), ‘അനുരാഗ വിലോചനനായി ...’ (നീലത്താമര, 2009), ‘ആവണി തുമ്പി ...’ (സ്നേഹവീട്, 2011), ‘പതിനേഴിന്റെ പൂങ്കരളിൽ ...’ (വെള്ളരിപ്രാവിന്റെ ചങ്ങാതി, 2011), ‘കണ്ണോരം ചിങ്കാരം ...’ (രതിനിർവ്വേദം, 2011), ‘കാർമുകിലിൻ ...’ (ബാച്ചിലർ പാർട്ടി, 2012) തുടങ്ങി മിക്ക ഗാനങ്ങളും ആ ആലാപന മികവിന്റെ ശബ്ദസാക്ഷ്യങ്ങളാണ്.

സംഘർഷഭരിതമായ മനസ്സും ചിതറിയ ചിത്രങ്ങളും മാത്രമല്ല ഈ ഗാനം കേൾവിയിൽ ബാക്കിവയ്ക്കുക. പ്രണയിനി പ്രണയിയിൽ തിരയുന്നതു പ്രണയം മാത്രമല്ല; കാത്തിരിപ്പിന്റെ നൊമ്പരവും അവൾ മാത്രമറിയുന്ന രഹസ്യങ്ങളും അതിലുണ്ട്. കരുതലിന്റെ കരസ്പർശവും പിരിയാത്തൊരു കൂട്ടിന്റെ കെട്ടുറപ്പുമുണ്ട്. ജീവിതത്തോടുള്ള അഭിവാഞ്ജയാണ് ഈ ഗാനം പകരുന്ന ഊർജ്ജം.

ഗാനരചന: ഒഎൻവി കുറുപ്പ്

സംഗീതം: എം.ജയചന്ദ്രൻ

ആലാപനം: ശ്രേയ ഘോഷൽ 

സിനിമ: പ്രണയം

സംവിധാനം: ബ്ലെസ്സി

റിലീസ്‌: 21 ആഗസ്റ്റ് 2011